Will You Marry Me.?? Part 6
Author : Rahul RK | Previous Part
– ആരോ പറഞ്ഞത്…(Will You Marry Me.?? തുടരുന്നു..)
ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു….
അത്യാവശ്യം നല്ല ദൂരം ഉണ്ട് ചുരുങ്ങിയത് മൂന്ന് മണിക്കൂർ എങ്കിലും യാത്ര..
എന്റെ ഹൃദയം പട പട മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..
എന്തൊക്കെ ചെയ്തിട്ട് ആയാലും വേണ്ടില്ല ഇനി അവളെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല..
എന്റെ മനസ്സിലൂടെ എന്തെല്ലാമോ കടന്ന് പോകൊണ്ടിരുന്നു…
അവലോടൊന്നിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു…
അന്ന് ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയത്.. നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.. ഒന്നിച്ച് ഭക്ഷണം കഴിച്ചത്.. അവൾ ആദ്യമായി എന്റെ കയ്യിൽ കൈ കോർത്തത്.. എന്റെ കയ്യിൽ മരുന്ന് വച്ച് തന്നത്.. ഭക്ഷണം വാരി തന്നത്… ഒരുമിച്ച് അമ്പലത്തിൽ പോയത്..ഒരുമിച്ച് പ്രാർത്ഥിച്ചത്.. എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു…
എന്റെ കാൽ ആക്സ്സിലേറ്റെറിൽ കൂടുതൽ അമർന്നു…
മറ്റെല്ലാം ഞാൻ പൂർണമായും മറന്നിരുന്നു എന്നെ കൊണ്ട് കഴിയുന്നത്ര സ്പീഡിൽ ഞാൻ വണ്ടി ഓടിച്ച് കൊണ്ടിരുന്നു..
ജൂലി പറഞ്ഞത് ശരിയാണ് അവൾക്കും എന്തൊക്കെയോ പറയാൻ ഉണ്ട്.. അത് എനിക്ക് കേട്ടെ മതിയാകൂ…
മുന്നിലുള്ള ഓരോ വണ്ടികളും മറികടന്ന് കൊണ്ട് ജീപ്പ് മുന്നോട്ട് കുതിച്ചു…
പെട്ടന്നാണ് ഫോണിൽ എന്തോ ഒരു മെസ്സേജ് വന്നത്.. ഞാൻ ഫോൺ എടുത്ത് നോക്കി.. കാർലോ ആണ്. അവള് ബുക്ക് ചെയ്ത കാറിന്റെ നമ്പർ ആണ്.. താങ്ക്സ് കാർലോ…
ഞാൻ ഫോണിൽ നിന്നും നോട്ടം മാറ്റി റോഡിലേക്ക് ആക്കി.. പെട്ടന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്, സിഗ്നൽ ആണ്.. മുന്നിലുള്ള കാർ പെട്ടന്ന് ബ്രേക്ക് ചെയ്തു..
എന്റെ കാലും ബ്രേക്കിൽ അമർന്നു..
ഭാഗ്യം ഇടിച്ചില്ല.. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്ന് കരുതി..
സിഗ്നലിൽ പച്ച തെളിഞ്ഞപ്പോൾ വീണ്ടും ഞാൻ വണ്ടി മുന്നോട്ടെടുത്തു…
അവള് എങ്ങോട്ടായിരിക്കും പോകുന്നത്..??