‘ഈശ്വരാ കൃഷ്ണാ, ഇതാരായിരിക്കും ഇവളെ ഈ സമയത്ത് ഇവളെ വിളിക്കുന്നത്,മുംബൈയിലുള്ള ഏതെങ്കിലും കാമുകൻമാരായിരിക്കുമോ, ഈശ്വരാ പെണ്ണു പിടിവിട്ടു പോയോ.ഭഗവാനേ കാത്തോണേ, നീയേ തുണ’ അവൻ മനസ്സിൽ പറഞ്ഞു.
‘ഡേയ് ഡേയ് നിന്നോടു പറഞ്ഞതാണ് ഇമ്മാതിരി തരികിട കേസുകൾക്ക് എന്നോടു പ്രാർഥിക്കരുതെന്ന്,ബ്രഹ്‌മചാരിയാണേ്രത ബ്രഹ്‌മചാരി’ കൃഷ്ണൻ മനസ്സിൽ തന്നെ അവനു റിപ്ലൈ കൊടുത്തു.
‘സോറി ഭഗവാനേ, ഇനിയുണ്ടാകാതെ നോക്കാം.’ സഞ്ജു വീണ്ടും മനസ്സിൽ പറഞ്ഞു.
ഏതായാലും സഞ്ജുവിന്‌റെ അനുമാനം തെറ്റായിരുന്നു. നന്ദിതയെ വിളിച്ചത് മുംബൈിലെ അവളുടെ ഉറ്റകൂട്ടുകാരിയും പ്രധാന ഉപദേശകയുമായ ശ്രുതി മേനോനായിരുന്നു.കാണാൻ ചൊവ്വുള്ള പെമ്പിള്ളേർക്കെല്ലാം ഇങ്ങനെ ഒരു വശപ്പിശക് ഉപദേശക കാണുമല്ലോ.
‘ഹേയ് നാന്ദീ, നീ കേരളത്തിൽ എത്തിയോ’ ഫോണെടുത്ത താമസം തന്നെ ശ്രുതി ചോദിച്ചു.
‘എത്തീലോ, സുഖമായി എത്തി ശ്രുതീ.’ നന്ദിത മറുപടി പറഞ്ഞു.
‘എന്നിട്ടു പറയ് നാന്ദീ, നിന്‌റെ മുറച്ചെറുക്കനെ കണ്ടോ, എങ്ങിനെയുണ്ട് ആൾ’
‘സൂപ്പർ, നീയൊന്നു കാണണം ശ്രുതീ, ഒരു മാതിരി ബോളിവുഡ് നടൻമാരെപ്പോലെണ്ട് അവനെ ഇപ്പോ കാണാൻ.’
‘ആഹാ അത്രയ്‌ക്കൊക്കെക്കയുണ്ടോ, എന്നാൽ ഫോട്ടോ എടുത്ത് അയക്ക് ഞാനുമൊന്നു കാണട്ടേ…’ശ്രുതി എക്‌സൈറ്റഡായി ചോദിച്ചു.
‘എന്തിന് ? അങ്ങനെ നീയിപ്പോ എന്‌റെ ചെക്കനെ നോക്കണ്ട,അവനെ ഞാൻ നോക്കിക്കോളാം കേട്ടോ.’ സ്വരം കടുപ്പിച്ചു നന്ദിത പറഞ്ഞു. സഞ്ജുവിന്‌റെ കാര്യത്തിൽ അൽപം പൊസസീവ് ആയിരുന്നു നന്ദിത.
‘അയ്യയ്യോ, നിന്‌റെ ചെക്കനെ ഒന്നും എനിക്കു വേണ്ടെ, ചുമ്മാ ഒരു കൗതുകത്തിനു ചോദിച്ചതാ.അതിരിക്കട്ടെ എവിടെ നിന്‌റെ കഥയിലെ വില്ലത്തി.മീര. അവൾ എന്തു പറയുന്നു.’
‘ഇവിടുണ്ട്,’ ഇഷ്ടമില്ലാത്തതു പോലെ നന്ദിത പറഞ്ഞു. ‘ഇന്നലെ വന്നപ്പോൾ മുതൽ മൂഡ്ഓഫ് ആണ്. ചിലപ്പോൾ എന്നെ കണ്ടിട്ടാകും.സഞ്ജുവിനോടും വലിയ വർത്താനം ഒന്നൂല്യ, മൂടിക്കെട്ടി ഭുംന്ന് മുഖം വീർപ്പിച്ചിരിക്ക്യാ. ‘
‘ങൂം, ഞാൻ പറഞ്ഞില്ലേ നാന്ദീ, നീ വിചാരിക്കണ പോലെ മീരയ്ക്കു സഞ്ജുവിനെ ഒന്നും താൽപര്യം ഒന്നൂണ്ടാകില്യ, അമേരിക്കയിൽ ഒക്കെ വളർന്നതല്ലേ, അവൾക്ക് ഇപ്പോൾ തന്നെ അവിടെ ഇഷ്ടക്കണക്കിനു സെ്റ്റപ്പ് ഒക്കെയുണ്ടാകും.നീ നിന്‌റെ മുറച്ചെറുക്കനെ സ്വപ്‌നം കണ്ടു മറ്റു ആമ്പിള്ളാരോടൊന്നും അടുക്കാത്തതു പോലാരിക്കില്ല അവൾ.’- ശ്രുതി നന്ദിതയോടു പറഞ്ഞു.
‘മറ്റൊരു പെൺകുട്ടി ആരുന്നേൽ ഞാൻ അങ്ങനെ കരുതിയേനെ ശ്രുതീ, പക്ഷേ മീര….അങ്ങോട്ടുമിങ്ങോട്ടും ഉടക്കാണെങ്കിലും അവളെ എനിക്കറിയാവുന്ന പോലെ ആർക്കുമറിയില്ല. ഷീ ഈസ് ക്രേസി എബൗട്ട് സഞ്ജു, അവൾക്കു സഞ്ജുവെന്നാൽ ഭ്രാന്ത് ആണ്. എന്താണ് അവളുടെ ഉദ്ദേശ്യം എന്നെനിക്കറിയില്ല.
മീരയോടു നാട്ടിലേക്കു വരാൻ ആരും നിർബന്ധിച്ചിരുന്നില്ല. സമയമുണ്ടെങ്കിൽ വന്നാമതിയെന്നാ അമ്മായി അവളോടു പറഞ്ഞത്, പക്ഷേ പ്രോജക്ട് സബ്മിഷൻ പോലും മാറ്റിവച്ചാണ് അവൾ ഇപ്പോൾ വന്നിരിക്കുന്നത്,ഷീ ഈസ് ഡേഞ്ചറസ്.എനിക്കെന്‌റെ സഞ്ജുവിനെ നഷ്ടപ്പെടുമോ ശ്രുതീ ‘ വേപഥുവോടെ ചോദിച്ചു.
‘നിന്നെ പോലെ ഒരു സുന്ദരിക്കുട്ടി വിചാരിച്ചാൽ നടക്കാത്ത സംഗതിയോ? നീ സഞ്ജുവിന്‌റെ മനസ്സ് അങ്ങു പിടിച്ചെടുക്ക്, അവളോടു പോകാൻ പറ.’ ശ്രുതി അവളെ സമാധാനിപ്പിച്ചു.
‘അവളും സുന്ദരിയാന്നേ,ഏതായാലും നിന്നെ ഞാൻ വിളിച്ചു വിവരങ്ങൾ പറയാം.ഇപ്പോൾ വയ്ക്കുന്നു,’ നന്ദിത ഫോൺ വച്ചു.