വശീകരണ മന്ത്രം 8
Vasheekarana Manthram Part 8 | Author : Chankyan | Previous Part
(കഴിഞ്ഞ ഭാഗം)
അവൻ ആ കണ്ണാടിയിൽ കാണുന്ന അവന്റെ തന്നെ പ്രതിബിംബത്തിലേക്ക് നോക്കി കൈ ചൂണ്ടി.
“അനന്തുവിനെയല്ല ദേവനെ തേടിയാണ് അവർ എത്തിയത്… ആരാണ് അവർ?”
അനന്തു രോഷത്തോടെ അവിടുണ്ടായിരുന്ന കണ്ണാടി ചില്ലു ചവിട്ടി പൊളിച്ചു. അത് തവിടുപൊടിയായി വലിയ ശബ്ദത്തോടെ നിലത്തേക്ക് ഉതിർന്നു വീണു.
മുന്നോട്ടു പോകാനുള്ള പാതയില്ലാതെ ഒന്നും മനസിലാക്കാനാവാതെ അവൻ നിസ്സഹായതയോടെ ബുള്ളറ്റിൽ വന്നിരുന്നു. എവിടുന്ന് തുടങ്ങണം, എപ്പോ തുടങ്ങണം എന്ന ചോദ്യങ്ങളുടെ നടുക്ക് കിടന്ന് ചക്രശ്വാസം വലിച്ചുകൊണ്ട്………
(തുടരുന്നു)
ഇരു വശത്തും കടലോളം നീണ്ടു കിടക്കുന്ന നെൽപ്പാടത്തിനു ഇടയിലുള്ള വഴിയിലൂടെ ബുള്ളറ്റും കൊണ്ടു വരികയായിരുന്നു അനന്തു.
അവന്റെ ദേഹത്താകെ പൊടിയും ചകിരി നാരും മറ്റും പറ്റിപിടിച്ചു കിടക്കുന്നുണ്ടായിരുന്നു. ഇതൊന്നും വക വയ്ക്കാതെ ചിന്താ ഭാരത്തോടെ അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.
യാന്ത്രികമായി ഗിയർ മാറ്റിക്കൊണ്ട് വേഗതയിൽ അവൻ പറന്നു കൊണ്ടിരുന്നു.മുഖത്തേക്ക് ഊക്കിൽ വന്നടിക്കുന്ന കാറ്റ് അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു.
ഇടക്കിടക്ക് കരതലം കൊണ്ടു മുഖം അമർത്തി തുടച്ച ശേഷം മനസ്സിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യത്തെ അവൻ ആക്സിലേറ്ററിൽ തീർത്തുകൊണ്ടിരുന്നു.
അനന്തുവിന്റെ ഉള്ളിൽ ഉറഞ്ഞു തുള്ളുന്ന ചോദ്യങ്ങൾക്ക് മറുപടി തേടി അവന്റെ മനസ് അങ്ങുമിങ്ങും പാഞ്ഞുകൊണ്ടിരുന്നു.
ഫാക്ടറിയിൽ വച്ചു നടന്ന സംഭവങ്ങൾ വീണ്ടും വീണ്ടും ഓർക്കുമ്പോൾ അവന്റെ മനസ് വല്ലാതെ പിടഞ്ഞുകൊണ്ടിരുന്നു.
അടി കിട്ടി ബോധം മറയുന്ന സമയത്ത് താൻ കണ്ട സ്വപ്നം അതെന്തായിരുന്നു? അതു സ്വപ്നമായിരുന്നോ അതോ മറ്റെന്തെങ്കിലും ആയിരുന്നോ എന്ന് അവൻ ആലോചിച്ചുകൊണ്ടിരുന്നു.പക്ഷെ കൃത്യമായ ഒരു ഉത്തരം അവന് പിടി കിട്ടിയില്ല.
സ്വപ്നത്തിൽ വച്ചു കണ്ട അരുണിമയെ പോലെയുള്ള പെൺകുട്ടിയെ കണ്ടപ്പോൾ താൻ എന്തിനാണ് അവളെ കല്യാണി എന്ന് വിളിച്ചത്? അവളെന്തിനാണ് തന്നെ ദേവേട്ടൻ എന്ന് വിളിച്ചത്?
ആ മനുഷ്യൻ അവളെ നിഷ്കരുണം കൊന്നു കളഞ്ഞപ്പോൾ താൻ എന്തിനാണ് ഒരു ഭ്രാന്തനെ പോലെ അവളുടെ അടുത്തേക്ക് ഓടി വന്നു അവളെ പുണർന്നുകൊണ്ട് പൊട്ടിക്കരഞ്ഞത്?
ഈ കല്യാണി എന്റെ ആരാണ്? ഞാൻ ദേവനാണോ? അതോ ഇനി തനിക്ക് വല്ല മുഴു വട്ടാണോ?