എങ്ങനെയും ജീവിക്കുമായിരുന്നു ഞങ്ങൾ.ഞങ്ങളുടെ സന്തോഷം തല്ലിക്കെടുത്തിയ നിന്നെ കണ്മുന്നിലിങ്ങനെ കിട്ടുമെന്ന സ്വപ്‌നമായിരുന്നു നരകത്തിൽ ആയിരുന്നു ജീവിതമെങ്കിലും മുന്നോട്ട് കുതിക്കാൻ പ്രേരിപ്പിച്ചത്
ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു
ഒരു കൈ അകലത്തിൽ മരണം കാത്ത് നീയുണ്ട്.”
“ഹ ഹ……എന്റെ മരണം കൊണ്ട് മാത്രം നീ രക്ഷപെട്ടു എന്ന് കരുതരുത് രുദ്ര.നീയോ നിന്റെ ഭർത്താക്കന്മാരോ അറിയാത്ത അപകടം പുറത്തുണ്ട്.”
“ഹും……ഭർത്താക്കന്മാർ.പേരിന് മാത്രം ഭർത്താക്കന്മാരായിരുന്ന രാജീവന്റെയും രഘുവിന്റെയും മരണം ഞാൻ ആഗ്രഹിച്ചത് തന്നെയാ.എന്റെ കൈകൊണ്ട്
ആയില്ല എന്ന് മാത്രം.അവരുടെ സമ്പാദ്യം എന്റെ പ്രയത്നത്തിന്റെ ഫലവും കൂടിയാ.മൂലധനം എന്റെ
പക്കൽ നിന്നായിരുന്നുതാനും.
അധികാരകേന്ദ്രങ്ങളിൽ ഒരു പിടി,അത് മാത്രമായിരുന്നു അവരെനിക്ക്.അവരെ മുൻനിർത്തി നേടിയത് കൈവിട്ടു കളയാൻ രുദ്രക്ക് മനസ്സുമില്ല.
ഇനി എല്ലാം കലങ്ങിത്തെളിയും. താൻ പറഞ്ഞ അപകടത്തെ ഞാൻ പുകച്ചു പുറത്ത് ചാടിക്കും.
സ്വസ്ഥമായ ജീവിതം ഒരിക്കലും സ്വപ്‌നം കണ്ടിരുന്നില്ല.പക്ഷെ ഇപ്പൊ എന്റെ മനസ്സ് നിറയെ അതാ.എന്റെ കൂടപ്പിറപ്പിനൊപ്പം ജീവിച്ചുതീർക്കണം എന്നുള്ള കൊതിയാ.അതിന് മുന്നിലുള്ള തടസ്സം ആര് തന്നെയായാലും തീർക്കും ഞാൻ…… ഈ രുദ്ര.
അതിന് തുടക്കം തന്നിൽ നിന്ന് തന്നെയാവട്ടെ.”
രുദ്രയുടെ ഭാവം മാറുകയായിരുന്നു.എതിർക്കാൻ പോലും ചന്ദ്രചൂഡന് കഴിയുമായിരുന്നില്ല.ചെട്ടിയാരുടെ സംഘം അയാളെ വളഞ്ഞിരുന്നു.
അയാൾ മരണം ഉറപ്പിച്ച നിമിഷം.
അവളുടെ കയ്യിലെ തോക്ക് ശബ്‌ദിച്ചു.
ഒരു പിടച്ചിലോടെ ചന്ദ്രചൂഡൻ നിലത്തേക്ക് വീഴുമ്പോഴേക്കും കൊത്തിപ്പറിക്കാൻ കാത്തുനിന്ന കൂട്ടാളികൾ ചാടിവീണു.രുദ്രയുടെ കണ്മുന്നിൽ ചന്ദ്രചൂഡൻ പല കഷണങ്ങളായി നുറുക്കപ്പെടുമ്പോൾ രുദ്രയെ തേടി മറ്റൊരു കാൾ എത്തി.
എല്ലാം കണ്ടുകൊണ്ട് തന്നെ അവൾ ഫോൺ ചെവിയോട് ചേർത്തു.മറുവശത്തുനിന്ന് കേട്ട വിവരം രുദ്രയെ ഞെട്ടിച്ചുകളഞ്ഞു.ഏത്രയും വേഗം കത്രീനയുടെ അടുക്കൽ എത്തുക എന്നതായി അവളുടെ ചിന്ത.
ബാക്കിയെല്ലാം കൂട്ടാളികളെ ഏൽപ്പിച്ച് ചെട്ടിയാർക്കൊപ്പം അവിടം വിടുമ്പോൾ രാത്രി പാതി പിന്നിട്ടുകഴിഞ്ഞിരുന്നു.
*******
മാധവൻ തിരികെയെത്തിയപ്പോൾ നേരം നന്നേ പുലർന്നിരുന്നു.വളരെ അസ്വസ്ഥനായിരുന്നു അയാൾ.