“ലക്ഷ്മി നമുക്ക് പിന്നെ സംസാരിക്കാം, ഞാൻ വല്ലതും കഴിക്കട്ടെ എന്നിട്ട് വേണം ക്ലാസ്സിൽ പോകാൻ ”
ഞാൻ അവളെ എങ്ങനെ എങ്കിലും ഒഴിവാക്കാനായി പറഞ്ഞു, വേറെ ഏതേലും ദിവസം ആയിരുന്നു എങ്കിൽ പട്ടിണി കിടന്നിട്ടായാലും അവളോട് സംസാരിക്കാനുള്ള ഒരവസരവും പാഴാക്കില്ലായിരുന്നു
“ഓഹ് ശരി ”
അവൾ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ചുണ്ട് കൊട്ടിക്കോണ്ടു നടന്നുപോയി, അത് കണ്ടിട്ട് എനിക്ക് ചിരി വരുന്നുണ്ട്
ഒരു ദിവസം കഴിയട്ടെ മോളെ, നിന്റെ വിഷമം ഒക്കെ ഞാൻ മാറ്റുന്നുണ്ട്, ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് കഴിക്കാൻ പോയി, ഭക്ഷണവും കഴിഞ്ഞു ചെന്നതും പതിവുപോലെ തന്നെ താമസിച്ചു. HOD യുടെ ക്ലാസ്സ് ആണ്
“ക്ലാസ്സിൽ കയറിക്കോ പക്ഷെ അറ്റന്റൻസ് തരില്ല ”
സ്ഥിരം ഡയലോഗ് ആണ്, അയാളിത് റെക്കോർഡ് ചെയ്തു വച്ചേക്കുവാനോ എന്തോ. പക്ഷെ ഒരിക്കൽപ്പോലും അറ്റന്റൻസ് കട്ട് ചെയ്തിട്ടില്ല
ആദ്യത്തെ രണ്ടു പീരിയഡ് കഴിഞ്ഞു ഇന്റർവെൽ ആയി പുറത്തിറങ്ങാം എന്ന് കരുതുമ്പോളാണ് സ്ഥിരം സ്ഥലത്തു ലക്ഷ്മി നിൽക്കുന്നത് കണ്ടത്, പുറത്തിറങ്ങിയാൽ അവളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല, ഞാൻ ഇനിയും ഒഴിവാക്കിയാൽ അവൾക്കു വിഷമമാകും. നന്നായി മുള്ളാൻ മുട്ടിയിട്ടും പോകാതെ ഉള്ളിൽ തന്നെയിരുന്നു.
അടുത്ത പീരിയഡ് വന്നത് മാളുചേച്ചി ആയിരുന്നു, എന്നെ കണ്ടതും അവളുടെ മുഖത്തു ഒരു ചിരി വന്നു, അവൾ അത് പെട്ടന്ന് തന്നെ ഒളിപ്പിച്ചു ഇവളുടെ ഈ കോപ്രായം ഒക്കെ കാണുമ്പോൾ എനിക്കും ചിരി വരുന്നുണ്ട്. പക്ഷെ ആ ചിരി മായൻ അധിക സമയം വേണ്ടിവന്നില്ല
“അപ്പോ എല്ലാരും assignment വച്ചോ.. ”
അത് കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി, ഇന്നലെ എഴുതാൻ വേണ്ടി ഇരുന്നതാ അപ്പോഴാ അവളുടെ ഗിഫ്റ്റിന്റെ കാര്യം ചിന്തിച്ചു കിടന്നതു പിന്നെ അസ്സിഗ്ന്മെന്റിന്റെ കാര്യം മറന്നു, എന്റെ കൂട്ടുകാര് നാറികള് അവന്മാർ പോലും എഴുതി
“ആ ഇനി എഴുതാത്തവർ ഒന്ന് എഴുന്നേറ്റെ… ”
ഞാൻ വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിക്കൊണ്ട് എഴുന്നേറ്റു. വേറെ ആരും ഇല്ല ഞാൻ ഒറ്റയ്ക്ക്. ഞാൻ തിരിഞ്ഞു മാളുവിന്റെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖം കൊട്ടയുടെ വലിപ്പത്തിലായി
“അഖിൽ, നിന്നോട് ഞാൻ അന്നേ പറഞ്ഞതാ എന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ മാത്രം ഇരുന്നാൽ മതി എന്ന്.. ”
അവളുടെ ദേഷ്യം കണ്ടു എല്ലാവരും ഞെട്ടി ഇരിക്കുകയാണ്, ആരോടും അവൾ അങ്ങനെ ദേഷ്യപ്പെടാറില്ല, ആരെയും എടാ പോടാ എന്നൊന്നും വിളിക്കാറുമില്ല, ഇത് രണ്ടും കൂടെ ആയപ്പോൾ എല്ലാം കിളി പറന്നു ഇരിക്കുകയാണ്, പക്ഷെ എനിക്ക് മാത്രം ഒരു അത്ഭുതവും തോന്നിയില്ല, വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവൾ ഇത്ര ചൂടാവില്ല എന്നെനിക്കു ഉറപ്പായിയുന്നു
“നീ ഇനി assignment വച്ചിട്ട് ക്ലാസ്സിൽ ഇരുന്നാൽ മതി, get out”
അത് മാത്രം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എനിക്കാകെ ഒരു നാണക്കേട് പോലെ ആയി ഞാൻ ദയനീയമായി അവളുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു ദയയുമില്ലാതെ വീണ്ടും getout അടിച്ചു