പ്രാണേശ്വരി 5
Praneswari Part 5 | Author : Professor | Previous Part
കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക് പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു,
വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ
അങ്ങനെ ഇരുന്നു സംസാരിക്കുന്നതിന് ഇടയിലാണ് ഫോണിലേക്കു ഒരു കാൾ വരുന്നത്, പാന്റിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഡിസ്‌പ്ലേയിലേക്കു നോക്കിയ ഞാൻ ഞെട്ടി…
💕ലച്ചു💕 കാളിങ്
ഞാൻ അവളുടെ കയ്യിൽ നിന്നും നമ്പർ വാങ്ങിയിട്ട് കുറച്ചായി, സംസാരിക്കാം എന്ന് കരുതി അങ്ങ് വിളിച്ചാൽ പോലും അവൾ ജാഡ ഇട്ടു വയ്ക്കാറാണ് പതിവ്, അവളാണ് ഇപ്പൊ ഇങ്ങോട്ടു വിളിക്കുന്നത്. എന്തായാലും എടുത്തു സംസാരിക്കാൻ തീരുമാനിച്ചു. അവിടെ ഇരുന്നു സംസാരിച്ചാൽ അവർ കേൾക്കും എന്നുള്ളതുകൊണ്ട് ഞാൻ നൈസായി പുറത്തേക്കു ഇറങ്ങി
“ഹലോ”
“എടാ എന്താ പരിപാടി ”
“ഇതാരാ മനസ്സിലായില്ലല്ലോ ”
“എന്റെ നമ്പർ നിന്റെ കയ്യിൽ ഇല്ലേ, ”
“എനിക്ക് നിങ്ങളെ മനസ്സിലായില്ല ആരാ നിങ്ങൾ ”
ഞാൻ എന്തായാലും കുറച്ചു വെറുപ്പിക്കാൻ ഉറപ്പിച്ചു
“എടാ ഞാൻ ലക്ഷ്മിയാ ”
“ഓഹ്.. സോറി പെട്ടന്ന് ശബ്ദം കേട്ടപ്പോ ആളെ മനസ്സിലായില്ല, ഫോൺ റീസ്റ്റോർ ചെയ്തപ്പോൾ ഉള്ള നമ്പർ ഒക്കെ പോയി ”
കുറച്ചു സമയം അവളുടെ ഒച്ച ഒന്നും കേട്ടില്ല, പിന്നെ അവൾ സംസാരിച്ചു തുടങ്ങി. ആദ്യം ഉണ്ടായിരുന്ന ആ ഉന്മേഷം ഒന്നും ആ ശബ്ദത്തിൽ ഇല്ല
“ആ, ഞാൻ വിളിച്ചത് ഇന്ദുവിന്റെ കാര്യം പറയാനാ… ”
“എന്താ,.. ഇന്ദു എന്നെ തിരക്കിയോ ”
“തോക്കിൽ കേറി വെടിവെക്കല്ലേ ചെക്കാ.. ഞാൻ പറയട്ടെ ”
” ആ എന്നാൽ പറ ”
” അവൾ അവളെ കല്യാണം കഴിക്കാൻ പോകുന്ന ആളുമായി ഫോണിൽ സംസാരിക്കുകയാണ്, വേണേൽ കേൾപ്പിച്ചു തരാം ”
“ഞാൻ എന്തിനാ അത് കേള്ക്കുന്നെ… ”
“അത് കേട്ടാലെങ്കിലും നീ അവളുടെ പിറകെ നടക്കുന്നത് നിർത്തൂല്ലോ ”
അവളുടെ സംസാരത്തിൽ നല്ല അസൂയ ഉണ്ട് പക്ഷെ പറഞ്ഞാൽ സമ്മതിക്കൂല്ല തെണ്ടി