മുഖത്തേക്ക് ഒരു ചിരി വരുത്തിക്കൊണ്ട് പല്ലവി പറഞ്ഞു.
“ഒന്നുല്ലമ്മ, അമ്മക്ക് തോന്നിയതാണ്.”
അമ്മക്ക് കൂടുതൽ മുഖം കൊടുക്കാതെ അവൾ അവിടെ നിന്നും പുറത്തേക്ക് നടന്നു.
മുറ്റത്ത് നിന്ന് ചെരിപ്പ് ഇട്ടുകൊണ്ടിരിക്കുമ്പോൾ ആണ് മതിലിനപ്പുറം നിന്ന് ഒരു ചോദ്യം അവളെ തേടി എത്തിയത്.
“മോള് കോളേജിൽ പോകാൻ ഇറങ്ങിയോ?”
ആ സ്വരത്തിന്റെ ഉടമ അജിത ആണെന്ന് അറിഞ്ഞ അവൾ ചെരിഞ്ഞുനോക്കി.
മതിലിനു അപ്പുറം അവൾക്ക് അജിതയുടെ തല കാണാൻ കഴിഞ്ഞു.
“ആ ഇറങ്ങി.. ആന്റി എന്ത് ചെയ്യുവാ അവിടെ?”
“തക്കാളി മൊത്തം വാടി മോളെ.. വെള്ളം ഒഴിക്കുവാണ്.”
“തമ്പി അങ്കിൾ പോയോ?”
“കുറച്ചു മുൻപ് അങ്ങോട്ട് പോയതേ ഉള്ളു.”
“എന്നാ ഞാൻ പോട്ടെ.. ലേറ്റ് ആയാൽ ബസ് പോകും.”
പല്ലവി പെട്ടെന്ന് തന്നെ അവിടന്ന് നടന്നു.
പല്ലവിയുടെ അയൽക്കാർ ആണ് അജിതയും തമ്പിയും. മക്കളില്ല അവർക്ക്.അത് കൊണ്ട് തന്നെ പല്ലവിയെ അവർക്ക് ഒരുപാട് ഇഷ്ടവും ആണ്. ‘അമ്മ കഴിഞ്ഞാൽ പല്ലവി കുറച്ച് അടുപ്പം കാണിച്ചിരുന്നത് അവരോടു മാത്രം ആയിരുന്നു.
പല്ലവിയുടെയും അവരുടെയും വീട് ചേർന്നാണ് നിന്നിരുന്നത്. ഒരു മീറ്റർ അകലം പോലും തികച്ചില്ലായിരുന്നു. ഇടക്കുള്ള ഒരു മതിൽ മാത്രം ആണ് ആ വീടുകളെ വേർതിരിച്ചിരുന്നത്. തമ്പിക്ക് ഒരു പ്രൈവറ് കമ്പനിയിൽ ആയിരുന്നു ജോലി. അജിത വീട്ടമ്മയും. അധിക വരുമാനത്തിനായി അവർ മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന ഒറ്റ മുറി വാടകയ്ക്ക് കൊടുക്കുമായിരുന്നു. മുകളിലേക്ക് ഉള്ള പടികൾ പുറത്തു കൂടി ആയതിനാൽ വാടകയ്ക്ക് കൊടുക്കാനും സൗകര്യം ആയിരുന്നു.
ബസ് സ്റ്റാൻഡിലേക്ക് നടക്കുക ആയിരുന്ന പല്ലവിയെ ചിന്തകൾ വീണ്ടും അലട്ടി തുടങ്ങി.
തലേ ദിവസം രാത്രി നവീനുമായി ചാറ്റ് ചെയ്യുമ്പോൾ പെട്ടെന്ന് ഉണ്ടായ ഒരു ഇമോഷണലിന്റെ പുറത്താണ് അവന് അവസാനത്തെ നീണ്ട ഒരു മെസ്സേജ് അയച്ചത്.. അതിൽ പറഞ്ഞിരുന്നതൊക്കെയും സത്യവും ആയിരുന്നു. പക്ഷെ സൗഹൃദം മാത്രം മനസ്സിൽ കണ്ടു അയച്ച മെസ്സേജ് അവൻ പ്രണയം ആണോ എന്ന് തെറ്റ് ധരിക്കുമോ എന്ന് രാവിലെ ആ മെസ്സേജ് ഒന്നും കൂടി എടുത്തു വായിച്ചപ്പോൾ ആണ് തോന്നിയത്.
മാനസികമായ ഒരു അടുപ്പം അവൾക്ക് നവീനോട് തോന്നിയിരുന്നു. എന്നാൽ അത് തികച്ചും സൗഹൃദപരം ആയിരുന്നു. അവന്റെ മാന്യമായ പെരുമാറ്റവും ആകർഷിക്കുന്ന സംസാരവും അവളിൽ അവനെ പറ്റി മതിപ്പ് ഉളവാക്കിയിരുന്നു.
ഓരോ ചിന്തകളുമായി ബസ് സ്റ്റോപ്പിൽ എത്താറായപ്പോൾ അവിടെ കണ്ട കാഴ്ച അവളുടെ കാലുകളുടെ വേഗത കുറച്ചു.
നവീൻ അവിടെ ഉണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ കോളേജ് കഴിഞ്ഞു അവർ ഒരുമിച്ച് തിരികെ യാത്ര ചെയ്യാറുണ്ടായിരുന്നെങ്കിലും ഇതുവരെയും രാവിലെ അവർ ഒരുമിച്ച് യാത്ര ചെയ്തിരുന്നില്ല. കാരണം അവൻ എന്നും നേരത്തെ തന്നെ കോളേജിൽ പോകുമായിരുന്നു. ഇന്ന് അവളോടൊപ്പം പോകാൻ തന്നെ ആണ് നവീൻ വീട്ടിൽ നിന്നും എന്നത്തേക്കാളും ലേറ്റ് ആയി ഇറങ്ങിയത്.
പല്ലവിയെ കണ്ട നവീൻ അവളെ നോക്കി പുഞ്ചിരിച്ചു.
അവളും മുഖത്ത് ഒരു പുഞ്ചിരി വരുത്തി സാവധാനം അവന്റെ അടുത്തേക്ക് ചെന്നു.
“നീ എന്താ ഇവിടെ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“കോളജിലേക്ക് പോകാൻ.”