എന്റെ മാത്രം
Ente Maathram | Author : Ne-ne
(വീണ്ടും ഒരു തിരിച്ച് വരവ്.. നക്ഷത്ര കണ്ണുള്ള രാജകുമാരി, രണ്ടാമതൊരാൾ എന്നീ കഥകൾ പൂർത്തിയാക്കാത്തതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. കഥകൾ എഴുതുവാനുള്ള ഒരു മാനസികാവസ്ഥയിൽ ഒന്നും ആയിരുന്നില്ല. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ. ഇപ്പോഴും അതിന്റെ പിന്നാലെ ഉള്ള ഓട്ടത്തിൽ ആണ്. എങ്കിലും മനസിന്റെ കോണിൽ എഴുത്തിനോട് ഒരു ഇഷ്ട്ടം കിടക്കുന്നതിനാൽ വീണ്ടും ഒരു ശ്രമം.)
നവീൻ ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോൾ മുന്നിലെ ബെഞ്ചിൽ തന്നെ പല്ലവിഏതോ ബുക്ക് വായിച്ചിരിക്കുന്നതാണ് ആദ്യം കാണുന്നത്. എന്നും രാവിലെ ക്ലാസ്സിലേക്ക് കയറുമ്പോൾ അവന് ആ ഒരു കാഴ്ച പതിവ് തന്നാണ്.
നവീൻ SSLC കഴിഞ്ഞു നിൽക്കുമ്പോഴാണ് അച്ഛൻ രവീന്ദ്രന് സ്ഥലം മാറ്റം കിട്ടി അവൻ വീട്ടുകാർക്കൊപ്പം പാരിപ്പള്ളിയിലേക്ക് വരുന്നത്. രവീന്ദ്രന്റെയും കമലയുടെയും ഒറ്റ മകൻ ആണ് നവീൻ. സർക്കാർ ജീവനക്കാരൻ ആയതിനാൽ മൂന്നു നാല് വർഷം കൂടുമ്പോൾ രവീന്ദ്രന് സ്ഥലം മാറ്റം പതിവാണ്. കുടുംബത്തെ പിരിഞ്ഞിരിക്കാൻ വയ്യാത്തതിനാൽ രവീന്ദ്രൻ സ്ഥലം മാറ്റം എവിടേക്കാണെന്ന് വച്ചാൽ അവിടേക്ക് ഭാര്യയെയും മകനെയും കൂടെ കൂട്ടും. അതിനാൽ തന്നെ നവീൻ പല സ്കൂളുകളിൽ മാറി മാറി പഠിച്ചാണ് SSLC വരെ എത്തിയത്.
പക്ഷെ സംസാരിക്കാൻ മിടുക്കനായ നവീൻ എവിടെ പോയാലും കുറഞ്ഞ സമയം കൊണ്ട് നല്ലൊരു സുഹൃത്ത് വലയം ഉണ്ടാക്കി എടുക്കുമായിരുന്നു.
അച്ഛന് സ്ഥലം മാറ്റം കിട്ടി പാരിപ്പള്ളി വന്നപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. +1 , +2 കൊണ്ട് ഒരുപാട് കൂട്ടുകാരെ അവൻ സമ്പാദിച്ചു.
ഇപ്പോൾ കൊല്ലത്ത് ഉള്ള കോളേജിൽ അഡ്മിഷൻ കിട്ടി 6 മാസം കഴിയുമ്പോഴും അത് തന്നെ ആണ് അവസ്ഥ. കൂടാതെ XFI യുടെ നല്ലൊരു പ്രവർത്തകൻ എന്ന രീതിയിൽ കൂടി കോളേജ് മൊത്തം അറിയപ്പെട്ടു കഴിഞ്ഞിരുന്നു.
ബാഗ് ഡെസ്കിലേക്ക് വച്ച് പുറത്തേക്ക് നടക്കുന്നതിനിടയിൽ പല്ലവിയെ അവൻ ഒന്ന് നോക്കി. അവൾ ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന രീതിയിൽ ബുക്കിൽ മാത്രം ശ്രദ്ധിച്ചിരിക്കയാണ്. ഒരു ചുവന്ന ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്.
അവളെ മറികടന്ന് പുറത്തേക്ക് നടക്കുമ്പോൾ അവൻ മനസ്സിൽ ഓർത്തു.
‘ഒടുക്കത്തെ ജാഡ ആണെങ്കിലും എന്ത് സൗന്ദര്യം ആണ് ഈ പെണ്ണിന്. അവളെ നോക്കിയാൽ കണ്ണെടുക്കാൻ തോന്നില്ല.’
അവൻ മനസ്സിൽ ഓർത്തത് വളരെ ശരി തന്നെ ആയിരുന്നു. സൗന്ദര്യം ദൈവം അവൾക്ക് അനുഗ്രഹിച്ചു തന്നെ കൊടുത്തിരുന്നു. അമർത്തി ഒന്ന് തൊട്ടാൽ അപ്പോൾ തൊടുന്നിടം ചുവക്കുന്ന പോലെ വെളുത്തു തുടുത്ത നിറം ആയിരുന്നു അവൾക്ക്. ചെറു കണ്ണുകൾ, കാപ്പിപ്പൊടി കളറിൽ ആരെയും ആകർഷിക്കുന്ന കൃഷ്ണമണികൾ, അൽപ്പം ഉയർന്ന മൂക്കുകൾ,