പല്ലവി – നാളെ കോളേജിൽ വച്ച് നേരിട്ടു സംസാരിക്കുമ്പോൾ ഞാൻ ഇതിനുള്ള മറുപടി തരാം. പോരെ?
അവൾക്ക് അതാണ് താല്പര്യം എങ്കിൽ അങ്ങനെ മതീന്ന് നവീനും കരുതി.
നവീൻ – ഓഹ്.. മതി.
പിന്നെ കുറച്ച് നേരത്തേക്ക് ടൈപ്പിംഗ് എന്ന് എഴുതി കാണിക്കുന്നതാണ് അവനു കാണാൻ കഴിഞ്ഞത്. അവൻ ക്ഷമയോടെ കാത്തിരുന്നു.
അവസാനം അവളുടെ മെസ്സേജ് എത്തി.
പല്ലവി – എന്റെ ജീവിതത്തിൽ എനിക്കങ്ങനെ സുഹൃത്തുക്കൾ ഒന്നും ഉണ്ടായിട്ടില്ലടാ. ആരെയും സുഹൃത്ത് ആകാൻ ഞാൻ ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം. എനിക്ക് കുറച്ച് ഫാമിലി പ്രോബ്ലെംസ് ഉണ്ടായിരുന്നു. അതിനാൽ തന്നെ ഞാൻ എന്നിൽ തന്നെ ഒതുങ്ങി കൂടുകയായിരുന്നു. ഒരിക്കൽ പോലും എന്റെ പ്രശ്നങ്ങളോ വിഷമങ്ങളോ ഞാൻ മനസ് തുറന്നു ആരോടും സംസാരിച്ചിട്ടില്ല. എനിക്ക് ഇങ്ങനെ ഒരു വാട്സ്അപ് ഉള്ളതുപോലും കോളേജിൽ ആർക്കും അറിയില്ല. അങ്ങനെ ഇരിക്കയാണ് ഞാൻ നിന്നോട് സംസാരിച്ചു തുടങ്ങുന്നത്.. ഞാൻ ഹെൽപ് ചോദിക്കാതെ തന്നെ അന്ന് കോളേജിൽ വച്ച് നീ എന്നെ സഹായിച്ചു.. എന്നോട് ഒരുമിച്ച് യാത്ര ചെയ്തു തുടങ്ങി. എന്നോട് ഒരുപാട് സംസാരിച്ചു എന്നെ കൊണ്ടും നീ സംസാരിപ്പിച്ചു. ഇതൊക്കെ എന്റെ ജീവിതത്തിലെ ആദ്യ അനുഭവങ്ങൾ ആണെന്ന് തോന്നുന്നു. ജീവിതത്തിൽ തനിയെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന എനിക്ക് നിന്റെ സാമിപ്യം വളരെ അധികം സന്തോഷം നൽകി എന്നതാണ് സത്യം. ഓരോ ദിവസവും നീ എന്നോടൊപ്പം യാത്ര ചെയ്യാൻ ഉണ്ടായിരുന്നു എങ്കിൽ ഞാൻ മനസ് കൊണ്ട് ആഗ്രഹിക്കുമായിരുന്നു. കാരണം ആ സമയങ്ങളിൽ മാത്രം ആണ് ഞാൻ സന്തോഷത്തോടെ ഒരാളോട് സംസാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ എന്റെ ഫാമിലിയെ കുറിച്ചും നിനക്ക് അറിയേണ്ടതും എല്ലാം നാളെ ഞാൻ നേരിട്ട് നിനക്ക് പറഞ്ഞു തരാം.
ആ മെസ്സേജ് വായിച്ച നവീനിൽ ഒരു ഞെട്ടലാണ് ഉണ്ടായത്.
സാധാ ഒരു സുഹൃത്ത് എന്ന നിലയിൽ മാത്രം ആയിരുന്നു അവൻ അവളോട് പെരുമാറിയിരുന്നത്. അവളുടെ സൗന്ദര്യത്തോടു ഒരു ആകർഷണം തോന്നിയിട്ടുണ്ട് എന്നുള്ളത് സത്യം ആണ്. പക്ഷെ അത് ഒരിക്കലും അവൻ പുറത്തു കാണിച്ചിരുന്നില്ല. പക്ഷെ തന്നോട് സംസാരിക്കാനും തന്നോട് ഒരുമിച്ചു യാത്രം ചെയ്യാനും അവൾ ആഗ്രഹിച്ചിരുന്നു എന്നത് പല്ലവി തുറന്ന് പറഞ്ഞപ്പോൾ ആ വാക്കുകളിൽ പ്രണയം ആണോ സൗഹൃദം ആണോ നിറഞ്ഞ് നിൽക്കുന്നത് എന്ന കാര്യത്തിൽ അവന്റെ ഉള്ളിൽ സംശയം നിറഞ്ഞു കൂടി.
അവന്റെ ചിന്തകൾ കാടുകൾ കയറി തുടങ്ങിയപ്പോഴേക്കും മൊബൈലിൽ മെസ്സേജ് ട്യൂൺ കേട്ട്.
അവൻ എടുത്തു നോക്കുമ്പോൾ പല്ലവിയുടെ ഗുഡ് നൈറ്റ് മെസ്സേജ് ആണ്. അവനും പെട്ടെന്ന് തന്നെ ഒരു ഗുഡ് നൈറ്റ് തിരികെ അയച്ചു.
ഉറക്കം നഷ്ട്ടപെട്ട നവീൻ മൊബൈൽ മാറ്റിവച്ചു ജനലിൽ കൂടി ചന്ദ്രനെ നോക്കി കിടന്നു.
പല്ലവി ബാഗും എടുത്തു വീടിനു പുറത്തേക്ക് നടക്കുന്ന കണ്ട അവളുടെ അമ്മ പെട്ടെന്ന് ചോദിച്ചു.
“പല്ലൂ.. ചോറ് എടുത്തു വയ്ക്കാതെ നീ എവിടെക്കാ പോകുന്നെ?”
ആ ചോദ്യം കേട്ടപ്പോഴാണ് പല്ലവി ചിന്തകളുടെ ലോകത്ത് നിന്നും തിരികെ എത്തിയത്.
ഞെട്ടി തിരിഞ്ഞ് കൊണ്ട് അവൾ പറഞ്ഞു.
“എടുക്കാൻ മറന്നു പോയമ്മ.”
പല്ലവി തിരികെ വന്നു ടേബിളിൽ ഇരുന്ന പൊതിച്ചോറെടുത്ത് ബാഗിൽ വയ്ക്കുമ്പോൾ അമ്മ അവളെ സുലജമ്മ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
“മോളെ.. നിനക്കെന്താ പറ്റിയത്? രാവിലെ മുതലേ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടാണല്ലോ നീ നടക്കുന്നത്.”