“പാരിപ്പള്ളി എവിടെയോ ആണെന്ന് അറിയാം, ചില ദിവസങ്ങളിൽ ഞാൻ ഇറങ്ങുന്ന ബസ്റ്റോപ്പിൽ ഇറങ്ങുന്നത് കാണാറുണ്ട്.”
“ഞാൻ ഇപ്പോൾ താമസിക്കുന്നത് പാരിപ്പള്ളി തന്നെയാണ്, നിന്റെ വീട്ടിനു 1 km ദൂരം കാണുമായിരിക്കും എന്റെ വീട്ടിലേക്ക്.. പക്ഷെ ശരിക്കും എന്റെ സ്ഥലം പാലക്കാട് ആണ്.”
അവൾ അതിശയത്തോടെ ചോദിച്ചു.
“അപ്പോൾ ഇവിടെ എങ്ങനെ?”
“അച്ഛൻ ഗവണ്മെന്റ് ജോലിക്കാരൻ ആണ്. സ്ഥലം മാറ്റം കിട്ടി ഇങ്ങോട്ട് വന്നതാണ്.”
പതുക്കെ പതുക്കെ അവർക്ക് ഇടയിൽ ഉണ്ടായിരുന്ന മഞ്ഞ് ഉരുകി അവൾ അവനോടു നന്നായി സംസാരിക്കാൻ തുടങ്ങി. പക്ഷെ വീട്ടുകാരെ കുറിച്ച് ഒന്നും പറയാതെ അവൾ ഒഴിഞ്ഞു മാറുന്നതായി അവന് തോന്നി. അതുകൊണ്ടു തന്നെ അവൻ അതെ കുറിച്ച് ചോദിക്കാനും നിന്നില്ല.
പാരിപ്പള്ളിയിൽ ബസ് ഇറങ്ങിയ അവർ ഒരു സൗഹൃദ ബന്ധത്തിന് തുടക്കം കുറിച്ച് അവരവരുടെ വീട്ടിലേക്ക് പോയി.
പിന്നീടുള്ള ദിവസങ്ങളിൽ പല്ലവി ക്ലാസ്സിൽ വച്ച് നവീനെ കാണുമ്പോൾ ചിരിക്കാനും ചെറിയ രീതിയിൽ സംസാരിക്കാനും ഒക്കെ തുടങ്ങി.. ചില ദിവസങ്ങളിൽ ബസിൽ ഒരുമിച്ചാണ് യാത്ര എങ്കിൽ അവൾ നവീന്റെ അടുത്ത് തന്നെ ഇരിക്കാൻ ശ്രമിച്ചു. ആ യാത്രകളിൽ അവൾ അവനോടു നന്നായി തന്നെ സംസാരിക്കുന്നുണ്ടായിരുന്നു. ആ സംസാരങ്ങളിൽ നിന്നും അവൾ താനുമായി നല്ലൊരു സൗഹൃദ ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും പക്ഷെ മനസ് തുറന്ന് ആ ഒരു ആഗ്രഹം തന്നോട് തുറന്നു പറയാൻ അവൾക്ക് കഴിയുന്നില്ലെന്നും നവീൻ മനസിലാക്കി.
അന്ന് ഒരു ദിവസം വൈകുന്നേരം നവീൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങൽ സൂപ്പർമാർകെറ്റിൽ പോയതായിരുന്നു.
സാധനങ്ങൾ നോക്കി എടുത്തുകൊണ്ടിരിക്കുമ്പോൾ ആണ് പിന്നിൽ നിന്നും ആരോ തോണ്ടുന്നു. തിരിഞ്ഞു നോക്കുമ്പോൾ പല്ലവി ആയിരുന്നു അത്.
തെല്ലൊരു അതിശയത്തോടെ നവീൻ ചോദിച്ചു.
“നീ എന്താ ഇവിടെ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“സാധനങ്ങൾ വാങ്ങാൻ, അല്ലാതെന്തിന്.”
“ഓഹ്, സംസാരിക്കാൻ പഠിച്ചു പോയല്ലോ നീ?”
അവൾ ശബ്ദം പുറത്തു വരാതെ ചുണ്ടുകൾ കൊണ്ട് പോടാ എന്ന് പറഞ്ഞു.
അത് കണ്ട് അവൻ ചിരിച്ചു.
പെട്ടെന്നാണ് അവരുടെ അടുത്തേക്ക് ഒരു സ്ത്രീ കടന്നു വന്നത്.
“മോളെ.. ആരാ ഇത്?”
നവീൻ ആ സ്ത്രീയെ ശ്രദ്ധിച്ചു.
സാരി ആണ് വേഷം. മുപ്പത്തിഅഞ്ചിനും നാല്പതിനും ഇടയിൽ പ്രായം തോന്നിക്കുന്നു. നല്ല വെളുത്ത നിറം. കാണാൻ നല്ല ഐശ്വര്യം. പല്ലവിയുടെ മുഖഛായയും ഉണ്ട്.
“അമ്മാ, ഇതാണ് ഞാൻ പറയാറുള്ള നവീൻ.”
നവീനെ നോക്കികൊണ്ട് അവൾ പറഞ്ഞു.
“ഡാ.. ഇതാണ് എന്റെ ‘അമ്മ…സുലജാമ്മ.”
നവീൻ അവരെ നോക്കി ചിരിച്ചു.
ഒരു ചിരിയോടെ സുലജാമ്മ പറഞ്ഞു.
“അപ്പോൾ താൻ ആണല്ലേ നവീൻ.. എപ്പോഴും വീട്ടിൽ ഇവൾ പറയാറുണ്ട് മോനെക്കുറിച്ച്.”
നവീൻ പല്ലവിയുടെ മുഖത്തേക്ക് നോക്കി, അവൾ ഒരു പുഞ്ചിരിയോടെ നിൽക്കെയാണ്.