എന്റെ മാത്രം 1 [ ne-na ]

Posted by

തന്റെ വാക്കുകൾ അവളെ വേദനിപ്പിച്ചു എന്ന് മനസിലായ നവീൻ പെട്ടെന്ന് പറഞ്ഞു.
“ഡോ, ഞാൻ ചുമ്മാ പറഞ്ഞതാ.. താൻ ഇങ്ങനെ വിഷമിക്കാതെ.”
അത് കേട്ടിട്ടും അവളുടെ മുഖത്ത് തെളിച്ചം ഒന്നും ഉണ്ടായില്ല.
“ഞാൻ ഇങ്ങനെ ആണ്.. ഒരുപാട് സംസാരിക്കും, അതിനിടയിൽ കൂട്ടുകാരെ കളിയാക്കും, അവർ തിരിച്ചും കളിയാക്കും. താൻ ഇങ്ങനെ ആരോടും സംസാരിക്കാതെ നടക്കുന്നത് കൊണ്ടാണ് ഇതിനൊക്കെ ഫീൽ അടിക്കുന്നെ.”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോഴേക്കും അവർ ഗേറ്റിനു അടുത്ത് എത്തിയിരുന്നു. അവളോടൊപ്പം നവീൻ സംസാരിച്ചു കൊണ്ട് വരുന്ന കാഴ്ച ആരോമലിൽ ഒരു നീരസം ഉളവാക്കിയിരുന്നു. എങ്കിലും നവീന് കോളേജിലെ സീനിയോഴ്സുമായി ഉള്ള അടുപ്പം അറിയാവുന്നതിനാൽ അവർ അടുത്തെത്തിയത് ആരോമൽ നവീനെ നോക്കി ചിരിച്ചു.
നവീൻ ഒരു ചെറു ചെറു ചിരിയോടെ ചോദിച്ചു.
“അഖിലേട്ടനെ ഇന്ന് കണ്ടില്ലല്ലോ. വന്നില്ലേ?”
ആരോമലിന്റെ ചേട്ടൻ ആണ് അഖിൽ. നവീനുമായി നല്ല അടുപ്പത്തിൽ ആണ് പുള്ളിക്കാരൻ.
“ഇല്ലടാ.. എന്തോ കാര്യമായി ട്രിവാൻഡ്രം വരെ പോകണം എന്ന് പറഞ്ഞിരുന്നു.”
അത് പറയുമ്പോൾ ആരോമലിന്റെ നോട്ടം പല്ലവിയിലേക്ക് പാളി വീണിരുന്നു. പല്ലവി ആണേൽ തല താഴ്ത്തി നിൽക്കുന്നു. ഇത് കണ്ട നവീൻ പറഞ്ഞു.
“ഇത് പല്ലവി..”
“എനിക്കറിയാം.. ”
“എന്റെ കൂട്ടുകാരി ആണ്.. കൂട്ടുകാരി എന്ന് പറയുമ്പോൾ എന്റെ വീടിനടുത്തു തന്നാ ഇവളുടെ വീട്.. ഇവളെ ഇങ്ങനെ കോളേജിൽ ഓരോരുത്തർ ശല്യം ചെയ്യുന്നു എന്ന് പരാതിയും പറഞ്ഞു വരുകയായിരുന്നു എന്നോട്.”
ആരോമൽ ഒന്ന് മൂളുക മാത്രം ചെയ്തു.
“ഇനി ആരേലും ശല്യപെടുത്തുവാനാണേൽ അപ്പോൾ ഞാൻ നോക്കിക്കൊള്ളാന്ന് പറഞ്ഞു.”
ആരോമൽ ഒന്നും മിണ്ടിയില്ല.. പല്ലവി ആണേൽ ഇതൊക്കെ കേട്ട് കണ്ണും മിഴിച്ച് നിൽക്കെയാണ്.
“അപ്പോൾ ശരി, ഞങ്ങൾ പോട്ടെ.”
നവീൻ മുന്നോട്ട് നടന്നു. കൂടെ പല്ലവിയും.
കുറച്ച് മുന്നോട്ട് നടന്നപ്പോൾ പല്ലവി പറഞ്ഞു.
“താങ്ക്സ്..”
അത് കേട്ട നവീൻ ഒരു ചിരിയോടെ പറഞ്ഞു.
“ഓഹ്, വരവ് വച്ചിരിക്കുന്നു.”
ഇത്രേം നേരത്തിനിടയിൽ അവളുടെ മുഖത്തും ഒരു ചിരി പടർന്നു.
അവർ ബസ് സ്റ്റാൻഡിൽ എത്തിയതും പാരിപ്പള്ളിലേക്ക് ഉള്ള ബസ് വന്നതും ഒരുമിച്ചായിരുന്നു.
ബസിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. ഒരു സീറ്റ് മാത്രമാണ് ഒഴുവു ഉണ്ടായിരുന്നത്. പല്ലവി ആ സീറ്റിലേക്ക് ഇരുന്നു.
നവീൻ ഇരിക്കാൻ മടിച്ച് ആ സീറ്റിനു അരികിലായി നിന്നു. ക്ലാസ്സിലെ വേറെ ഏതെങ്കിലും പെൺകുട്ടി ആയിരുന്നേൽ അവൻ ഒരു മടിയും കൂടാതെ അടുത്ത് കയറി ഇരുന്നേനെ.
അവൻ അരികിൽ തന്നെ നിൽക്കുന്നത് കണ്ട് പല്ലവി കണ്ണ് കൊണ്ട് അടുത്തിരിക്കാൻ ആഗ്യം കാണിച്ചു. അവളുടെ സമ്മതം കിട്ടിയപ്പോൾ അവൻ മടി കൂടാതെ അവളുടെ അരികിലേക്ക് ഇരുന്നു.
അവൻ തന്നെ സംസാരത്തിനു തുടക്കം ഇട്ടു.
“എന്റെ വീട് എവിടെ ആണെന്ന് അറിയാമോ?”

Leave a Reply

Your email address will not be published. Required fields are marked *