ഇവൾ എന്താ ഇതുവരെ പോകാഞ്ഞത് എന്ന് നവീൻ ഓർക്കാതിരുന്നില്ല.
പല്ലവിയെ സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു പരിഭ്രാന്തി നിറഞ്ഞിരിക്കുന്നതായി അവന് തോന്നി. അവളുടെ നോട്ടം എവിടേക്കാണ് എന്ന് ശ്രദ്ധിക്കുമ്പോഴാണ് ഗേറ്റിന് വെളിയിൽ അവളെ നോക്കി കൊണ്ട് നിൽക്കുന്ന ആരോമലിനെ നവീൻ കണ്ടത്.
‘ഓഹ്, അപ്പോൾ അതാണ് അവളുടെ മുഖത്തു നിറഞ്ഞു നിൽക്കുന്ന പേടിയുടെ കാരണം.’
പൊളിറ്റിക്സിൽ ഫസ്റ്റ് ഇയർ പഠിക്കുന്നതാണ് ആരോമൽ. പല്ലവിയുടെ പിന്നാലെ നടക്കുന്ന ഒരുപാട് പേരിൽ ഒരാളാണ് ആരോമലും. അവന്റെ ചേട്ടൻ അതെ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുന്നതിന്റെ ധൈര്യത്തിൽ കുറച്ചു വിളച്ചിലുകൾഅവൻ കോളേജിൽ കാണിക്കുന്നുണ്ട്. പക്ഷെ ആളും തരവും നോക്കി മാത്രം ആണെന്ന് മാത്രം
പല്ലവിയെ അവൻ നല്ല രീതിയിൽ തന്നെ ശല്യപെടുത്താറുണ്ടായിരുന്നു. അവൾക്ക് വേണ്ടി ആരും ചോദിക്കാനില്ല എന്നൊരു ധൈര്യം തന്നെ ആയിരുന്നു ആരോമലിനു ഉണ്ടായിരുന്നത്. ചില ദിവസങ്ങളിൽ ആരോമൽ പിടിച്ച് നിർത്തി സംസാരിച്ച ശേഷം പല്ലവി നിറകണ്ണുകളോടെ പോകുന്നത് നവീൻ കണ്ടിട്ടുണ്ട്. പക്ഷെ അവളുമായി കൂട്ട് ഒന്നും ഇല്ലാത്തതിനാൽ അതിനെ പറ്റി തിരക്കിയിട്ടില്ല.
പരിഭവം നിറഞ്ഞ കണ്ണുകളോടെ പല്ലവി ചുറ്റും പരതുമ്പോൾ ആണ് നവീൻ നിൽക്കുന്നത് അവൾ കണ്ടത്.
അവൾ ദയനീയമായി നവീനെ ഒന്ന് നോക്കി. അവളുടെ മനസ്സിൽ അവന്റെ അടുത്തേക്ക് പോകണം എന്ന് ഉണ്ടായിരുന്നു, പക്ഷെ ഇതുവരെയും അവനോടു മിണ്ടിയിട്ടില്ലാത്തതിനാൽ അവൻ എന്ത് കരുതും എന്നുള്ള ചിന്തയും അവളെ അലട്ടി.
അവളുടെ ദയനീയമായ നിൽപ്പ് കണ്ടപ്പോൾ അവന്റെ മനസ് അലിഞ്ഞു. അവളുടെ മനസ് അറിഞ്ഞിട്ടെന്നവണ്ണം അവൻ പല്ലവിയുടെ അടുത്തേക്ക് ചെന്ന്.
“എന്താ ഇറങ്ങാൻ ലേറ്റ് ആയെ?”
അവന്റെ ചോദ്യം കേട്ടപ്പോൾ ആശ്വാസം നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“രമ്യ ടീച്ചർ എല്ലാരുടെയും ബുക്ക് കളക്ട ചെയ്തു കൊണ്ട് കൊടുക്കാൻ പറഞ്ഞിരുന്നു.. ബുക്ക് കൊടുത്തു ടീച്ചറോട് സംസാരിച്ചു വന്നപ്പോൾ ലേറ്റ് ആയി.”
ഒന്ന് മൂളിയ ശേഷം അവൻ പറഞ്ഞു.
“വാ.. പോകാം.”
അവൾ എതിർത്ത് ഒന്നും പറയാതെ അവന്റെ കൂടെ നടന്നു.
നടക്കുന്നതിടയിൽ അവൻ ചോദിച്ചു.
“മൂന്നു വർഷമായി നമ്മൾ കാണുന്നതല്ലേ. എന്റെ പേരെങ്കിലും നിനക്ക് അറിയാമോ?”
അവൻ തന്നെ ഒന്ന് ആക്കി ചോദിച്ചതാണെന്നു അവൾക്ക് മനസിലായെങ്കിലും അവൾ പറഞ്ഞു.
“നവീൻ എന്നല്ലേ?”
ഒരു ചിരിയോടെ അവൻ പറഞ്ഞു.
“ഭാഗ്യം, അതെങ്കിലും അറിയാല്ലോ.”
അത് കേട്ടപ്പോൾ അവളുടെ മുഖം താഴേക്ക് താന്നു.