“ആന്റി.. ഇത് എന്റെ ഫ്രണ്ട് നവീൻ. കോളേജിൽ ഒരുമിച്ച് പഠിക്കുന്നുന്നതാണ്.”
“അഹ്.. ഇതാണല്ലേ നവീൻ. സുലജ പറഞ്ഞു കേട്ടിട്ടുണ്ട് നിങ്ങൾ ഭയങ്കര കൂട്ടാണെന്ന്.”
അത് കേട്ട് പല്ലവി ഒരു ചിരിയോടെ നവീനോട് പറഞ്ഞു.
“ഇതാണ് അജിത ആന്റി.. ഞങ്ങളുടെ അയൽക്കാർ.”
നവീൻ അജിതയെ നോക്കി ചിരിച്ചു. അജിത തിരിച്ചും.
“ഞാൻ അടുക്കളയിൽ പോട്ടെ മോളെ. കറി അടുപ്പത്തിരിക്കയാ.”
അജിത അകത്തേക്ക് കയറി പോയി.
“ഞങ്ങൾക്ക് എപ്പോഴും സഹായത്തിനു ഉണ്ടായിരുന്നത് അജിത ആന്റിയും ഹസ്ബൻഡ് തമ്പി അങ്കിളും ആയിരുന്നു.”
അവർ പിന്നും ഒരുപാട് സമയം അവിടെ ഓരോന്ന് സംസാരിച്ച് കൊണ്ട് നിന്നു.
സുജലമ്മയുടെ വിളി വന്നപ്പോൾ ആണ് അവർ ഊണ് കഴിക്കാനായി താഴേക്ക് പോയത്.
നവീനും പല്ലവിയും ഒരുമിച്ച് കഴിക്കാനിരുന്നു.
ആഹാരം കഴിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
“അമ്മയുടെ കറികൾക്ക് ക്ലാസ്സിൽ കുറച്ചു ഫാൻസ് തന്നെ ഉണ്ട്.”
അത് കേട്ടപ്പോൾ സുലജമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
“ഇവൾ പറഞ്ഞിട്ടുണ്ട് എന്നോട്.”
“ഇവളെയും കുക്കിംഗ് ഒക്കെ പഠിപ്പിച്ചുടെ?”
“ഇനി ഓരോന്നായി പഠിപ്പിച്ച് എടുക്കണം. കെട്ടിച്ച് വിടേണ്ടതല്ലേ ഒരു വീട്ടിലേക്ക്.”
അത് കേട്ടതും പല്ലവി പറഞ്ഞു.
“എന്നെ ഇനി പെട്ടെന്ന് കെട്ടിച്ചു വിടത്തേണ്ട കുറവേ ഇവിടെ ഇപ്പോൾ ഉള്ളു.”
ചിരിയോടെ സുലജമ്മ ചോദിച്ചു.
“പിന്നെ എന്നാ നിനക്ക് കെട്ടേണ്ടത്.”
അവൾ ഒന്ന് ആലോചിക്ക കൂടെ ചെയ്യാതെ പറഞ്ഞു.
“ഡിഗ്രി കഴിഞ്ഞു എംബിഎ പഠിക്കണം. അത് കഴിഞ്ഞു കുറച്ച് വർഷം ഫ്രീ ആയി നിന്നിട്ട് മതി കല്യാണം.”
സുലജമ്മ അത് കേട്ട് ശരിയെന്ന അർഥത്തിൽ ചിരിയോടെ മൂളുക മാത്രം ചെയ്തു.
“നീ വരില്ലെടാ എന്റെ കൂടെ എംബിഎ പഠിക്കാൻ.”
ചോറ് കഴിച്ചു കൊണ്ട് നവീൻ പറഞ്ഞു.
“പിന്നെന്താ വരാല്ലോ.”
“എംബിഎ സീറ്റ് കിട്ടാൻ ഇപ്പോഴത്തെ പോലെ നീ ഉഴപ്പി പഠിച്ചാൽ പോരാ. അത് കൊണ്ട് നിനക്ക് ഞാൻ ഇനി മുതൽ ക്ലാസ് എടുക്കുന്നുണ്ട്.”
നവീൻ പെട്ടെന്ന് ചോറിൽ നിന്നും മുഖം ഉയർത്തി അവളെ നോക്കി.
“നോക്കണ്ട.. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ.”
അവൻ ഒരു ചിരിയോടെ വീണ്ടും ചോറ് കഴിച്ച് തുടങ്ങി.
ചോറൊക്കെ കഴിച്ച് കഴിഞ്ഞു ഇറങ്ങാൻ തയ്യാറെടുക്കുമ്പോൾ നവീൻ പല്ലവിയോട് ചോദിച്ചു.
“എന്താ ഇനി നിന്റെ പരിപാടി?”
“പ്രതേകിച്ച് ഒന്നും ഇല്ല.”
“എന്നാ നീ എന്റെ വീട്ടിൽ വരുന്നോ?”
അവൾ അതിശയത്തോടെ ചോദിച്ചു.
“ഇപ്പോഴോ?”
“അതെ.. ബൈക്ക് പോകാം എന്നിട്ട് ഇങ്ങു തിരിച്ച് കൊണ്ടാക്കുകയും ചെയ്യാം.”