“നിന്നെ ഞാൻ കൊല്ലും കേട്ടോ..”
ഒരു ചിരിയായിരുന്നു നവീന്റെ മറുപടി.
ചിരിയും കഥപറച്ചിലുമൊക്കെയായി അവർ ചോറ് കഴിക്കുന്നത് തുടർന്നു.
ഇതേ സമയം ക്ലാസ്സിൽ ഉണ്ടായിരുന്ന മറ്റുള്ളർ ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം പല്ലവി കളിച്ചും ചിരിച്ചും ഒരാളോട് സംസാരിക്കുന്നത് അവർക്ക് ഒരു പുതു കാഴ്ചയായിരുന്നു.
അന്ന് ബസിൽ ഇരുവരും ഒരുമിച്ചാണ് വീട്ടിലേക്ക് പോയത്.
അന്ന് രാത്രി ചോറ് കഴിച്ചു കഴിഞ്ഞു പഠിച്ചോണ്ടിരിക്കുമ്പോഴും പല്ലവിയുടെ ശ്രദ്ധ ഇടയ്ക്കിടെ ഫോണിലേക്ക് പൊയ്ക്കൊണ്ടിരുന്നു. നവീന്റെ മെസ്സേജ് വരുന്നുണ്ടോ എന്നാണവൾ നോക്കി കൊണ്ടിരുന്നത്.
നവീൻ എല്ലാ ദിവസമൊന്നും അവൾക്ക് മെസ്സേജ് അയക്കാറില്ലായിരുന്നു. പക്ഷെ ഇന്ന് അവന്റെ മെസ്സേജ് വന്നിരുന്നു എങ്കിൽ എന്നവൾ ആഗ്രഹിച്ചു.
ഇത്രേം ദിവസം ഒരു സുഹൃത് എന്ന നിലയിൽ മാത്രം കണ്ടിരുന്ന നവീൻ ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് അവളുടെ മനസിനുള്ളിൽ അതിനും മുകളിൽ ഒരു സ്ഥാനം നേടി എടുത്തിരുന്നു. അത്കൊണ്ട് തന്നെ അമ്മയെ കൂടാതെ തനിക്ക് ഇപ്പോൾ മനസ് തുറന്ന് സംസാരിക്കാൻ മറ്റൊരാൾ കൂടി ഉണ്ട് എന്ന ചിന്ത ആണ് അവന്റെ മെസ്സേജിന് വേണ്ടി കാത്തിരിക്കാൻ അവളെ പ്രേരിപ്പിച്ചത്.
പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയാതിരുന്ന അവൾ അവസാനം അങ്ങോട്ട് മെസ്സേജ് അയക്കാൻ തന്നെ തീരുമാനിച്ചു.
വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് അവന് ഒരു ഹായ് അയച്ച ശേഷം ശ്രദ്ധിക്കുമ്പോഴാണ് അവന്റെ ലാസ്റ്റ് സീൻ വൈകുന്നേരം 6 മണി ആണെന്ന് കണ്ടത്. ബീച്ചിൽ ഇരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അവൻ ഇട്ടിരുന്നത്.
ഇനി അവൻ ബീച്ചിൽ പോയിട്ടുണ്ടാകുമോ? ഏയ് ഈ ഫോട്ടോ ഇന്നലെ അവൻ ഇട്ടേക്കുന്നതല്ലേ.
അവന്റെ റിപ്ലൈ കാണാതെ ഓരോന്ന് ചിന്തിച്ച് നിരാശയോടെ മൊബൈൽ ബെഡിലേക്ക് ഇട്ടപ്പോഴാണ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടത്.
അവൾ പെട്ടെന്ന് തന്നെ മൊബൈൽ എടുത്തു നോക്കി.
നവീന്റെ ഹായ് എന്നുള്ള മെസ്സേജ് കണ്ടു അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു.
പല്ലവി – എവിടായിരുന്നുടാ നീ?
നവീൻ – തലവേദന ആയിരുന്നു. അതുകൊണ്ട് മൊബൈൽ മാറ്റിവെച്ച് കിടന്നു.
പല്ലവിയുടെ മുഖത്ത് നിരാശ നിറഞ്ഞു.
പല്ലവി – ആണോ.. എന്നാൽ നീ ഉറങ്ങിക്കോ.
നവീൻ – കുഴപ്പമില്ല. നമുക്ക് ഒരു 5 മിനിറ്റ് സംസാരിക്കാം.
പല്ലവി – മ്മ്.. നീ കഴിച്ചായിരുന്നോ?
നവീൻ – ഓഹ്.. നീയോ?
പല്ലവി – ഞാനും കഴിച്ചു.
നവീൻ – കറികൾ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു എന്ന് ആന്റിയോട് പറഞ്ഞേക്കണേ.
അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു.
പല്ലവി – ഓഹ്.. ഞാൻ ഇന്നുതന്നെ പറഞ്ഞേക്കാം.
നവീൻ – നാളെ കുറച്ച് കൂടുതൽ കറി തരാൻ പറയണേ ആന്റിയോട്.