ഞങ്ങൾക്ക് അടുത്തിരുന്ന അന്യസംസ്ഥാനക്കാരുടെ തുറിച്ചുനോട്ടം അവളുടെ മേനിയിൽ ഇടതടവില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അത് അവൾ കണ്ടില്ലയെന്ന് നടിക്കുമ്പോഴും അവളുടെ കണ്ണിൽ തെളിഞ്ഞു നിന്നിരുന്ന
അസഹിഷ്ണുത എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു.
റിസേർവ്ഡ് സീറ്റ് ആണ് ഞങ്ങളുടേത്. ടിക്കറ്റ് ചെക്ക് ചെയ്യാൻ ആള് വരുന്നതുകണ്ടതും അവരൊക്കെ എണീറ്റ് പിറകിലേക്ക് പോയിക്കൊണ്ടിരുന്നു. അവർ പോയിക്കഴിഞ്ഞതും അമ്മുവിൽനിന്നുയർന്ന ദീർഘ നിശ്വാസം അവൾ അത്രയും നേരമനുഭവിച്ചുകൊണ്ടിരുന്ന പിരിമുറക്കത്തിന്റെ ആഴം വ്യക്തമാക്കുന്നുണ്ടായിരുന്നു.
” ഏട്ടാ… വിശക്കണില്ലേ… എനിക്ക് നല്ലപോലെ വിശക്കണുണ്ട്… അടുത്ത സ്റ്റേഷൻ എത്തുമ്പോ എന്തേലും കഴിക്കാൻ വാങ്ങിക്കാം.. ”
” അയ്യോ… രണ്ടുമണി കഴിഞ്ഞോ… തന്നോട് സംസാരിച്ചിരുന്ന് സമയം പോയത് അറിഞ്ഞൂടിയില്ല. അമ്മ ചോറ് പൊതിഞ്ഞു തന്നിട്ടുണ്ട് അത് കഴിക്കാം. ”
ഞാൻ വേഗം ബാഗിൽനിന്ന് അമ്മ വാഴയിലവാട്ടി പൊതിഞ്ഞു തന്നിരുന്ന ചോറ് പുറത്തെടുത്തു.
” ഇതേട്ടന് കഴിക്കാനുള്ളതല്ലേയുണ്ടാവു… ഞാനെന്തേലും വാങ്ങിച്ചോളാ… ഏട്ടൻ കഴിച്ചോ… ”
അമ്മു എന്റെ മുഖത്തേക്കും പൊതിച്ചോറിലേക്കും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.
” ഇതൊരുപാട് ഉണ്ടെടി… ഞാനിത്രയൊന്നും കഴിക്കില്ല. അമ്മയുടെ എപ്പോഴും ഉള്ള സ്വാഭാവം ആണ് എനിക്ക് ചോറ് പൊതിഞ്ഞുതരുമ്പോ ഒരുപാട് ചോറ് വിളമ്പും. അതിന്റെ പകുതിപോലും ഞാനിന്നേവരെ കഴിച്ചുകാണില്ല. അവസാനം ബാക്കിവരുന്നതൊക്കെ കളയേണ്ടിവരും. ഇതിന്റെ പേരും പറഞ്ഞ് ഞാനും അമ്മയും കുറേ വഴക്കിട്ടിട്ടുണ്ട് എങ്കിലും അമ്മയ്ക്ക് യാതൊരു മാറ്റോം വന്നിട്ടില്ല. ഇന്നേതായാലും അത് ഉപകാരമായി. ”
ഞാനൊരു ചെറുപുഞ്ചിരിയോടെ അമ്മുവിനോടായി പറഞ്ഞു.
അവളും ചിരിച്ചു.