” എന്താണ് മാഷേ… ആ… എയറൊക്കെ വിട്ടൊന്ന് ഫ്രീയാവെന്നേ… ഇതൊരുമാതിരി… ”
അവൾ വീണ്ടും പറഞ്ഞപ്പോൾ ഞാനൊന്ന് ചിരിച്ചു.
” അമൃതേടെ വീടെവിടെയാ… ”
എന്തേലും ചോദിക്കണമല്ലോ എന്നോർത്ത് ഞാൻ അവളോട് ചോദിച്ചു.
” ഇവിടെ കണ്ണൂര് താവക്കരയിൽ തന്നെയാ… ഇയാള്ടെയോ…? ”
” ഞാൻ തലശ്ശേരീലാണ്… ”
ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
അമൃത വളരെയേറെ സംസാരിക്കുന്ന കൂട്ടത്തിൽ ഉള്ളയാളാണ്. ചുരുക്കിപ്പറഞ്ഞാൽ എന്റെ നേരെ ഓപ്പോസിറ്റ് കാരക്റ്റർ.
പക്ഷെ എന്തോ… ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി. ചുരുങ്ങിയ നേരം കൊണ്ട് അവളുടെ വാക്കുകളിലൂടെ അവളുടെ കുടുംബക്കാരെ മൊത്തം എനിക്ക് പരിചിതമായിക്കഴിഞ്ഞിരുന്നു.
അമൃതയിൽനിന്ന് അമ്മുവിലേക്കുള്ള മാറ്റം വളരെ പെട്ടന്നായിരുന്നു. അധികമാരോടും സംസാരിക്കാത്ത ഞാൻ അവളോട് കുറെയേറെ സംസാരിച്ചു. അല്ലിയുടെ കുറേ ക്വാളിറ്റി അവൾക്കുണ്ടെന്ന് തോന്നി. അതാവാം ഒരുപക്ഷെ അത്ര ഫ്രീ ആയി അവളോട് സംസാരിക്കാൻ എനിക്ക് പറ്റിയത്.അല്ലിയേക്കാൾ 2വയസിന് മൂത്തതാണ് അമ്മു.
അല്പനേരത്തിന് ശേഷം ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ നിന്ന് കയറിയ കുറച്ച് അന്യസംസ്ഥാന തൊഴിലാളികൾ ഞങ്ങൾ ഇരുന്നിരുന്ന ഇടത്തേക്ക് വന്നിരുന്നു. അതോടെ അമ്മു എന്റെയൊപ്പം ആയി ഇരിപ്പ്.
ഞങ്ങൾ ഓരോന്ന് സംസാരിച്ച് ഇരുന്നു.
എനിക്കത് എന്തോ അത്ഭുതം പോലെ ആയിരുന്നു. എന്തോ മുൻപരിചയം ഉള്ളവരെ പോലെ ആ ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങൾ മാറിയിരുന്നു.
അല്ലിക്ക് ഞാൻ കൊടുത്തിരുന്ന സ്വാതന്ത്ര്യം അമ്മുവിനും കൊടുത്തിരുന്നു. കൂടുതൽ അടുക്കുംതോറും അവളിലെ കുറുമ്പി ഉണർന്നെണീക്കുകയായിരുന്നു. ഇടക്ക് എന്നെ പിച്ചാനും മാന്താനും തല്ലാനുമൊക്കെ അവൾ തുടങ്ങി.