ഈ സമയം നീതു ഹാളിൽ ഇരുന്ന് ടീവി കാണുകയാണ്.
അടുക്കളയിലെ ജോലിയൊക്കെ തീർത്തതിന് ശേഷം ബീന മകളുടെ അടുത്ത് വന്ന് ഇരുന്നു.
” എന്റെ മോള് ആകെ ക്ഷീണിച്ചു പോയി. നിന്റെ അച്ഛൻ അവിടുന്ന് നിനക്ക് ഒന്നും കഴിക്കാൻ തരാറില്ലേ…?
അതെങ്ങനെയാ… മോളുടെ കാര്യത്തിന് അയാൾക്ക് എന്തെങ്കിലും ശ്രദ്ധയുണ്ടോ…? ”
മകളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
അമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ നീതു ചാനൽ മാറ്റി കൊണ്ടിരുന്നു.
അത് കണ്ട് ബീനയ്ക്ക് എന്തോ പന്തികേട് തോന്നി.
” നീ എന്തിനാ ഇങ്ങനെ ചാനൽ മാറ്റി കളിക്കുന്നെ…? ഏതേലും ഒന്ന് വെക്കടി… ”
ബീന പറഞ്ഞു.
ദേഷ്യത്തോടെ അവൾ ടീവി ഓഫ് ചെയ്തു.
ബീന, മകളെ രുക്ഷമായി നോക്കി.
” എന്താ… മോളെ ഈ കാണിച്ചേ…? നീ എന്തിനാ ടീവി ഓഫ് ചെയ്തത്…? ”
മകൾ ദേഷ്യത്തോടെ മൗനം തുടർന്നു.
” ഞാൻ നിന്നെ വന്നപ്പോ മുതല് ശ്രദ്ധിക്കുവാ… നിനക്ക് എന്താ പറ്റിയെ…? ”
ബീന ചോദിച്ചു.
” അമ്മേ…അച്ഛൻ പറഞ്ഞത് സത്യമാണോ…? ”
അവൾ ഗൗരവത്തോടെ ചോദിച്ചു.
” നീ എന്താ ഈ പറയുന്നേ…? അച്ഛൻ നിന്നോട് എന്ത് പറഞ്ഞൂന്നാ…? ”
ബീന ഒരല്പം ഭയത്തോടെ ചോദിച്ചു.
” നിങ്ങള് തമ്മിൽ അകലാനുണ്ടായ കാരണം അച്ഛൻ പറഞ്ഞു. ”
നീതു, ബീനയുടെ മുഖത്തു നോക്കാതെ പറഞ്ഞു.
മകൾ പറഞ്ഞത് കേട്ട് ബീനയുടെ നെഞ്ച്ഒന്ന് പിടഞ്ഞു.
ഒരു ഞെട്ടലോടെ മകളെ നോക്കി.
നീതു ഇപ്പോഴും തന്റെ മുഖത്തു നോക്കുന്നില്ല.
” എനിക്ക് ഇപ്പൊ നിങ്ങളെ അമ്മയെന്ന് വിളിക്കാൻ തന്നെ അറപ്പാണ്. അത്രയും വൃത്തികെട്ട സ്ത്രീയാണ് നിങ്ങൾ. എന്റെ പാവം അച്ഛനെ ചതിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി…? ”
അടക്കി പിടിച്ച ദേഷ്യത്തൊടെ ചോദിച്ചു.
” മോളെ… നി… ”
ബീന മകളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
പക്ഷെ അവൾ അതിന് വഴങ്ങിയില്ല.
” അറിയാതെ പറ്റിപോയതാണെന്നുള്ള ക്ളീഷേ ഡയലോഗ് അമ്മ എന്നോട് പറയേണ്ട…? ”
നീതു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.