❤️അനന്തഭദ്രം 7❤️
Anandha Bhadram Part 7 | Author : Raja | Previous Part
“”ദിശ മാറി ഒഴുകിത്തുടങ്ങിയ പുഴയായിരുന്നു അവൾ,, ഒഴുകി അകലുവാനല്ല, ഒടുവിലൊരുമിച്ചൊരു കടലാഴിയിൽ ഒന്നുചേരാൻ….💞””
******************************
മഴ പതിയെ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു…അകമ്പടിയേകി കൊണ്ട് മഴമേഘങ്ങൾ തമ്മിൽ പ്രഹരിക്കുമ്പോഴുള്ള ഭീകര ഗർജ്ജനവും…. സാഹചര്യം പകർന്ന ഭയം ഒരു വേള എന്നെയും കീഴ്പ്പെടുത്തുന്നതായി അനുഭവപ്പെട്ടങ്കിലും ഞാൻ പെട്ടന്ന് തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്തു…..
വന്യമായ പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്ന റോഷന്റെ അരികിലേക്ക് രണ്ട് ചുവട് കൂടി വച്ചു ഞാൻ നിന്നു……
“”എന്താ ഭാര്യയും ഭർത്താവും ഈ രാത്രിയിൽ നടുറോഡിൽ നിന്ന് റൊമാൻസ് ആയിരുന്നോ…ആണോ ഭദ്രേ….””
കുറച്ചു പിന്നിലേക്ക് മാറി ഭദ്രയുടെ അരികിലേക്ക് നീങ്ങി കൊണ്ട് ഒരു വഷളചിരിയോടെ റോഷൻ അത് ചോദിച്ചപ്പോൾ ഈർഷ്യയോടെ ഭദ്ര മുഖം വെട്ടിത്തിരിച്ചു…. റോഷന്റെ സാമീപ്യം മൂലം ഭയന്ന് വിറച്ച ആ മിഴികളിലെ പിടപ്പ് എനിക്ക് അപ്പോൾ കാണാമായിരുന്നു….
“” അങ്ങനെ വല്ലോം ആണേൽ ഞാൻ വന്നത് ഒരു ബുദ്ധിമുട്ടായിട്ടുണ്ടാകും അല്ലേ….’’’
ഭദ്രയെയും എന്നെയും മാറി മാറി നോക്കിക്കൊണ്ട് സംസാരം തുടർന്ന റോഷന്റെ മുഖത്തെ പക പൂണ്ട ചിരി അപ്പോഴും മാഞ്ഞിരുന്നില്ല….“”ഭദ്രേ നീ വന്ന് കാറിൽ കയറ്….. “”
എന്റെ ആ വാക്കുകൾ കേട്ടിട്ടും തൊട്ടരികിൽ നിൽക്കുന്ന റോഷനെ ഭയന്നിട്ടാകാം ഭദ്ര എന്നെ ദയനീയമായി നോക്കി……
“”’നീ ധൈര്യമായിട്ട് വന്നു കയറ്…. ഒരുത്തനും നിന്നെ തൊടാൻ പോകുന്നില്ല…. “”
എന്റെ വാക്കുകൾ പകർന്ന ധൈര്യം ആ കണ്ണുകളിൽ പ്രതിഫലിച്ചു…. ക്ഷുഭിതയായി റോഷനെയൊന്ന് നോക്കിയിട്ട് ഭദ്ര എന്റെ അരികിലേക്ക് ഓടി വന്നു എന്റെ ഇടതു കൈമുട്ടിനു മുകളിൽ മുറുകെപ്പിടിച്ചു കൊണ്ട് നിന്നു……
“”വേണ്ടാ അനന്തെട്ടാ.. നമുക്ക് പോകാം… പ്രശ്നമൊന്നും ഉണ്ടാക്കണ്ട…വായോ…. “”
എന്റെ കയ്യിൽ മുറുകെ പിടിച്ചുലച്ചു കൊണ്ട് അവൾ പറഞ്ഞു….
“”നമുക്ക് പോകാം…തല്ക്കാലം നീ ഇപ്പോൾ കാറിൽ കയറിയിരിക്ക്…. “’
എന്നാൽ ഉള്ളിലെ ഭയം കാരണം നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് ഭദ്ര എന്നോട് കൂടുതൽ ചേർന്നു നിന്നു…
“”നിന്നോട് കാറിൽ കയറിയിരിക്കാനാ പറഞ്ഞത്….. “”
എന്റെ ശബ്ദം രൂക്ഷമായതും ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു…. അവളുടെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ അവളെ കാറിന്റെ ഫ്രണ്ട് ഡോർ തുറന്ന് അകത്തു കയറ്റി ഇരുത്തി….പേടി കാരണം എന്റെ കയ്യിൽ മുറുകെപ്പിടിച്ച ഭദ്രയുടെ കൈ വിടുവിച്ചു കൊണ്ട് ഞാൻ ഒന്നുമില്ലന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചിട്ട് അവളുടെ കവിളിലൊന്ന് തഴുകി….. മഴ കനത്ത കാരണം പോക്കറ്റിൽ ഇരുന്നിരുന്ന മൊബൈൽ ഫോൺ ഭദ്രയുടെ കയ്യിൽ എൽപ്പിച്ചിട്ട് ഞാൻ റോഷന്റെ അരികിലേക്ക് ചെന്നു….
‘”പറയ്…നിനക്കിപ്പോ എന്താ വേണ്ടത്……””
“’ഹാ എന്ത് ചോദ്യമാടാ ഇത്…..പറഞ്ഞതല്ലേ ഞാൻ നിന്നോട് മുമ്പോരിക്കൽ,, സമയമാകുമ്പോൾ നിന്നെ തേടി ഞാൻ വരുമെന്ന്….നമ്മൾ തമ്മിലുള്ള കണക്കുകൾ എല്ലാം അവസാനിപ്പിക്കാൻ… “”