വാസുകി പറഞ്ഞത് ശെരിയാണെന്നു പിന്താങ്ങി കൊണ്ട് മീനാക്ഷിയും ഏറ്റു പിടിച്ചു.
“ഇവിടെ ഒരുങ്ങി കഴിഞ്ഞില്ലെ…പെണ്പിള്ളേരെ… ദേ അവൻ എത്തി…ഒരുങ്ങിയടുത്തോളം മതി, ബാക്കി കെട്ടുകഴിഞ്ഞിട്ടു നീയൊക്കെ ഒരുങ്ങുവോ എന്താന്ന് വെച്ചാൽ ചെയ്തോ…”
ചാടിത്തുള്ളി വന്ന ഇന്ദിരാമ്മ വന്നു ഗംഗയെയും മീനാക്ഷിയെയും വാസുകിയെയും വലിക്കാൻ തുടങ്ങിയതോടെ കയ്യിൽ താലവുമേന്തി പോവുന്ന അവളുടെ ചേച്ചിമാരെ അനുഗമിച്ചുകൊണ്ട് നീതുവും പുറകെ ചെന്നു.
അവിടെ അജയ് യെ കണ്ടതും വീണ്ടും അങ്ങോട്ട് നോട്ടം പോവാതിരിക്കാൻ നീതു തന്റെ മനസ്സിൽ കടും പിടുത്തം നടത്തി, എന്നിട്ടും ഇടയ്ക്ക് അവളുടെ കരിമിഴികൾ അവൾ പോലുമറിയാതെ അവനിലേക്ക് നീണ്ടുകൊണ്ടിരുന്നു.
തന്നിൽ എന്താണ് സംഭവിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവാതെ അവളുടെ പീലികണ്ണുകൾ ഇടയ്ക്കിടെ അവളെ വഞ്ചിച്ചുകൊണ്ടിരുന്നു….
അവൾ രാമേട്ടന്റെ അടുത്ത് നിൽക്കുന്ന അജയ് യെ നോക്കി ഒത്ത ഉയരം തന്നെക്കാളും ഉണ്ട് വിരിഞ്ഞ നെഞ്ചും ഉറച്ച ശരീരവും തല എപ്പോഴും ഉയർന്നാണ് നിൽക്കുന്നത് ഷേവ് ചെയ്ത മുഖത്ത് കറുപ്പ് ഇതിലും കറുക്കില്ല എന്ന് തോന്നിക്കുന്ന രീതിയിൽ നിറഞ്ഞ മീശ.
കണ്ണുകളിൽ ഇടയ്ക്ക് വിരിയുന്ന കുസൃതി.
പെട്ടെന്ന് ആഹ് കണ്ണുകൾ തിരിഞ്ഞു തന്റെ കണ്ണിലേക്കു ആഴ്ന്നിറങ്ങുന്നത് നീതു അറിഞ്ഞു.
ഒപ്പം ഒരു ചെറിയ പുഞ്ചിരി കൂടി അയാളുടെ ചുണ്ടിൽ വിരിഞ്ഞു.
എന്താ എന്നുള്ള പുരികം പൊക്കിയുള്ള ചോദ്യത്തിന് ചുമൽ കൂച്ചി ഒന്നുമില്ല എന്ന് യാന്ത്രികമായി മറുപടി കൊടുക്കാനെ നീതുവിന് കഴിഞ്ഞുള്ളു,
“അങ്ങോട്ട് നോക്കടി…”
കണ്ണുരുട്ടി അതെ കുസൃതി ചിരിയുമായി പതിയെ ചുണ്ടനക്കി അജയ് പറഞ്ഞത് കേട്ട നീതു സ്വപ്നലോകത്തു നിന്ന് പെട്ടെന്ന് തിരിഞ്ഞു മണ്ഡപത്തിലേക്ക് നോക്കുമ്പോൾ അവിടെ ഗംഗയുടെ കഴുത്തിൽ ഹരിയുടെ താലി കയറുകയായിരുന്നു.
“വാ മോളെ നമുക്ക് എല്ലാവര്ക്കും വീട് പിടിക്കാം സദ്യയൊക്കെ നോക്കണ്ടേ, കെട്ട്യോനും കേട്ട്യോൾമാരും കുറച്ചു വർത്താനൊക്കെ പറഞ്ഞു പയ്യെ പോന്നോളും….”
നീതുവിന്റെ കയ്യിൽ ചുറ്റിപ്പിടിച്ചുകൊണ്ട് ഇന്ദിരാമ്മ നടന്നു തുടങ്ങി.
“എന്തോ നോക്കി നിക്കുവാട കോന്താ… അവന്റെ അനിയന്റെ കല്യാണം വരെ കഴിഞ്ഞു എന്നിട്ടും എന്റെ വായിലിരിക്കുന്നതും കേട്ടൊണ്ട് നടക്കാന ഈ കുരുത്തം കെട്ടവന്റെ വിധി.”
കാവിലെ വഴിയിലൂടെ കാറിനടുത്തേക്ക് നടന്നു വരുന്നതിനിടെ ഇന്ദിരാമ്മ അജയ് യെ ചൊറിഞ്ഞു.
അത് കേട്ട് മുഖം പൊത്തി ചിരിച്ചുകൊണ്ട് നീതു പിറകിൽ വരുന്ന അജയ് യെ നോക്കി.
കൈയുയർത്തി അവളെ തല്ലാൻ എന്ന പോലെ ആംഗ്യം കാണിച്ച അജയ് യെ കണ്ടപ്പോൾ നീതു കഷ്ടപെട്ട് ചിരിയൊതുക്കി എന്നാൽ കുറുമ്പ് കൈ വിട്ടു പോയ