എന്നാൽ അവർ അറിഞ്ഞിരുന്നില്ല അവരെ മുഴുവനായും നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന അസുരൻ ആണ് അവനെന്ന്.
അവൻ പറഞ്ഞ കാര്യങ്ങളെല്ലാം ദൈവ വചനമായി കണ്ട ആ ജനത അവന്റെ ആവശ്യപ്രകാരമുള്ള എല്ലാം അവനു ഒരുക്കി നൽകാമെന്ന് ഏറ്റ ശേഷം അതൊക്കെ തയ്യാറാക്കാനായി തുടങ്ങി.
ശരവേഗത്തിൽ തന്നെ കവിനടുത്തായി അവനുള്ള ഒരു ചെറു കുടിലും പൂജക്കാവശ്യമായുള്ള സാധനങ്ങളും അവർ ഒരുക്കി നൽകി.
അവനു ഭക്ഷിക്കാൻ പഴങ്ങളും ധാന്യങ്ങളും അവരെത്തിച്ചു നൽകി.
അവർ ആ ആൽമരച്ചുവട്ടിൽ നിന്നും അവനെ വാദ്യ മേളങ്ങളോട് കൂടെ തന്നെ കാവിലേക്ക് ആനയിച്ചു കൊണ്ടുപോയി.
തന്നെ കല്ലെറിഞ്ഞൊടിച്ചവർ തന്നെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ആനയിച്ചു കൊണ്ടുപോകുന്നത് കണ്ട കേളുവിന്റെ ചുണ്ടിൽ ഒരു ചിരി നിറഞ്ഞു. മറ്റുള്ളവരെല്ലാം അയാൾക്ക് ചുറ്റും നിറഞ്ഞുനിൽക്കുന്ന ചൈതന്യമായി തന്നെയാണ് ആ ചിരിയെയും കണ്ടത്.
എന്നാൽ തങ്ങളെ അടിമപ്പെടുത്താൻ ഉള്ള വഴി തങ്ങൾ തന്നെ തെളിക്കുന്നത് കണ്ടിട്ടുള്ള ചിരിയാണ് അതെന്ന് ആരും തന്നെ അറിഞ്ഞിരുന്നില്ല.
അവനു വേണ്ടി ഒരുക്കിയ കുടിലിനടുത്തായി എത്തിയ ശേഷം കേളു എല്ലാവരോടുമായി സംസാരിക്കുവാൻ തുടങ്ങി.
കേളു : നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയാണ് ഈ ഗ്രാമത്തിന്റെ വിജയം അത് എന്നും നിലനിൽക്കാൻ വേണ്ടി ഈ ഗ്രാമത്തിന്റെ ഐശ്വര്യത്തിനായുള്ള കർമങ്ങൾ ചെയ്യാൻ ആണ് എന്റെ നിയോഗം.
പൂജാ പത്രങ്ങൾ കഴുകുന്നതിനും പൂക്കൾ ശേഖരിക്കുന്നതിനുമായിട്ട് കന്യകയായ ഒരു പെൺകുട്ടി മാത്രം ഇവിടെ നിൽക്കുക. ബാക്കിയുള്ളവർ ആരും തന്നെ ഇന്നേക്ക് അടുത്ത അമാവാസി ദിവസം ആകുന്നതുവരെ ഇവിടേക്ക് എത്തുവാൻ പാടുള്ളതല്ല.
മൂപ്പൻ : എല്ലാം സ്വാമി പറയുന്നതുപോലെ തന്നെയാവട്ടെ. എന്റെ മകൾ മയൂരി സ്വാമിക്കുള്ള സൗകര്യങ്ങൾ ഒക്കെ ചെയ്തുതന്നുകൊണ്ട് ഇവിടെ നിൽക്കും.
കേളു : എന്നാൽ അങ്ങാനാവട്ടെ…..
ബാക്കിയുള്ള ജനങ്ങളെല്ലാം അവിടെ നിന്നും അവരവരുടെ വാടാ സ്ഥലങ്ങളിലേക്ക് പോയി. കുറച്ചു സമയത്തിന് ശേഷം മൂപ്പൻ തന്റെ മകൾ മയൂരിയെയും കൂട്ടി അവിടേക്ക് എത്തി.
അതീവ സുന്ദരിയായ ആ പെൺകുട്ടിയിലേക്ക് കേളുവിന്റെ ശ്രദ്ധ ഒന്ന് പോയി എങ്കിലും തന്റെ ലക്ഷ്യം സാധിക്കുന്നത് വരെ വേറെ ഒന്നിനും അവൻ തന്റെ ചിന്തകളിൽ സ്ഥാനം കൊടുത്തിരുന്നില്ല.