അവരെകണ്ടപാടെ മയിൽ അപ്പുറത്തെ തൊടിയിലേക്ക് ചേക്കേറി.
വീടിന്റെ പിൻഭാഗത്തുനോക്കിയാൽ അണ്ണാനും കുഞ്ഞുങ്ങളും, പലതരം പക്ഷികളും കലപില ശബ്ദമുണ്ടാക്കി പ്രകൃതിയെ മനോഹരമാക്കിയിരിക്കുന്നത് കാണാം. അകലെ വലിയ കുന്നിൻചെരിവുകളും, കോട വന്നുമൂടിയ താഴ്വാരയും, ആകാശംമുട്ടെ വളർന്ന പനകളും ആ പ്രദേശത്തെ മോടികൂട്ടി.
കിഴക്കുനിന്ന് ഇളംങ്കാറ്റ് അവരെത്തേടിയെത്തി.
“അമ്മൂ, വാഹൂ…. അടിപൊളി. ഇറ്റ്സ് വെരി നൈസ്, ഇത്രേം ഭംഗിയുള്ള സ്ഥലങ്ങൾ ഇവിടെയുണ്ടോ ?.. വാ, അപ്പുറത്തേക്ക് പോയിനോക്കാം.”
ഗൗരി അമ്മുവിന്റെ കൈപിടിച്ചുവലിച്ചു.
“ഗൗര്യേച്ചി മതി പോവാം”
അമ്മു ശബ്ദം താഴ്ത്തി പറഞ്ഞു.
“ഹാ നിൽക്ക് പെണ്ണേ, നല്ല തണുത്ത കാറ്റ് ലേ.”
“അതയ്, ഇത് പുണ്ണ്യസ്ഥലമൊന്നുമല്ല. ശാന്തി ലഭിക്കാത്ത ഒരുപാട് ആത്മാക്കൾ ഇവിടെയുണ്ട്, മാർത്താണ്ഡന്റെ മന്ത്രവാദത്തിൽ അകപ്പെട്ട് സ്വയം ജീവിതം അവസാനിപ്പിച്ചവരും, കൊല്ലപ്പെട്ടവരും.
അവയിൽ അധികം പെൺകുട്ട്യോളാ. ഗൗര്യേച്ചി നിർബന്ധം പിടിച്ചോണ്ട് മാത്രമാ ഞാൻ കൂടെ വന്നേ.”
“ഹും, ഇനി നിന്നെ ഒരുസ്ഥലത്തും കൊണ്ടുപോകില്ല.നോക്കിക്കോ, “
ദേഷ്യത്തോടെ ഗൗരി പറഞ്ഞു.
എന്നിട്ട് അവൾ മുൻപേ നടന്നു.
“ഗൗര്യേച്ചി..”
ഇടറിയശബ്ദത്തിൽ അമ്മു വിളിക്കുന്നതുകേട്ട ഗൗരി പതിയെ തിരിഞ്ഞുനോക്കി.
അമ്മുവിന്റെ ചന്ദനകളർ പട്ടുപാവാടയുടെ ഒരുതല അന്തരീക്ഷത്തിൽ പൊന്തിനിൽക്കുന്നു.
അമ്മുശക്തമായി വലിക്കുന്നുണ്ടെങ്കിലും ആരോ പിടിച്ചുവച്ചപോലെ ഒരനക്കമില്ലാതെ അതുപോലെ തന്നെ നിൽക്കുകയായിരുന്നു.
ഗൗരി സൂക്ഷിച്ചുനോക്കി.തന്റെ കണ്ണിന് കാണാൻ കഴിയാത്തതെന്താ അവിടെ നടക്കുന്നതായി അവൾക്കുതോന്നി.
അമ്മുവിനെ സഹായിക്കാൻ ഗൗരിയുംകൂടെച്ചെന്നു.
രണ്ടുപേരും ശക്തമായി പട്ടുപാവാട ആഞ്ഞുവലിച്ചു.
പെട്ടന്ന് മണ്ണിളക്കി എന്തോ പുറത്തേക്കുവന്നു.
ബന്ധനം വേർപ്പെട്ടയുടനെ അവർ രണ്ടുപേരും നിലത്തേക്കു തെറിച്ചുവീണു.
കൈകുത്തിയെഴുന്നേറ്റയുടൻ ശക്തമായ കാറ്റ് ആഞ്ഞുവീശി. നിലത്തുവീണ കരിയിലകൾ വായുവിൽ പറന്നുയർന്നു.
പൊളിഞ്ഞുവീഴാറായ വീടിന്റെ മേൽക്കൂരയിൽനിന്നു. ഓട്ടുംകഷ്ണങ്ങൾ ഇളകി നിലത്തേക്കുവീണു.
ശക്തമായ കാറ്റിൽ ഗൗരിയുടെ ഷാൾ അന്തരീക്ഷത്തിലേക്ക് പറന്നുയർന്നു.
“ഗൗര്യേച്ചി.., എനിക്ക് പേടിയാവുന്നു.”
അമ്മുവിന്റെ ശബ്ദം ഇടറി.
“ഏയ് ,ഒന്നുല്ല്യാ.”