ശേഷം അവർ ഭക്ഷണം കഴിച്ചിട്ട് മുകളിലെ മുറിയിലേക്കുപോയി.
പുസ്തകങ്ങളും മറ്റും വായിച്ച് സമയം തള്ളിനീക്കുകയായിരുന്ന അവരുടെ അടുത്തേക്ക് തിരുമേനി പതിയെ നടന്നുവന്നത്.
“ഗൗര്യേ, ഞാനൊന്നു പുറത്തുപോവാ പൂജാസാധാനങ്ങൾ വാങ്ങിക്കണം. ഒന്നുരണ്ടുപേരെ കാണാൻ പോണം.
പുറത്തിറങ്ങി അധികദൂരം നടക്കരുത് ട്ടോ, പരിജയല്ല്യാത്ത സ്ഥലാ
നിന്നോടും കൂട്യാ പറഞ്ഞേ”
അമ്മുവിന്റെ നേരെ തിരിഞ്ഞുകൊണ്ടു തിരുമേനി പറഞ്ഞു.
തിരുമേനി യാത്രപറഞ്ഞിറങ്ങിയതും ഗൗരി എഴുന്നേറ്റ് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
രാമൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് കാർ സ്റ്റാർട്ട് ചെയ്തു.
വൈകാതെ തിരുമേനി കാറിലേക്കുകയറി.
പതിയെ കാർ ഗൗരിയുടെ കൺവെട്ടത്തുനിന്ന് മാഞ്ഞുപോകുന്നതുവരെ അവൾ നോക്കിനിന്നു.
“യ്യേ… ഹു ഹു.. അടുമാ ഡോലുമാ, ഐസലങ്കിടി മാലുമാ…”
പാട്ടുംപാടി ഗൗരി തുള്ളിക്കളിക്കുന്നതുകണ്ട അമ്മു പകച്ചുനിന്നു.
“ന്തടി,നോക്കുന്ന.”
“മ്ഹ് “
“നീ വന്നേ, ഇപ്പോൾതന്നെ പോകാം.”
ഗൗരി അവളുടെ കൈത്തണ്ടയിൽ പിടിച്ചുവലിച്ചുകൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങിയോടി.”
“ദേ,അമ്മൂ അധികദൂരമൊന്നും പോണ്ടട്ടോ,
പെട്ടന്ന് തിരിച്ചുവരണം.”
അംബികചിറ്റ പപ്പടകോലുമായി ഉമ്മറത്തേക്കുവന്നുകൊണ്ടു പറഞ്ഞു.
“ഇല്ല്യാ,ചിറ്റേ, ഇപ്പവരാം.”
തെക്കേകണ്ടത്തിലൂടെനടന്ന് അവർ റോഡിലേക്ക് ചെന്നുകയറി. അല്പദൂരം പിന്നെയും കഥകൾപറഞ്ഞുനടന്നു.
“ഗൗര്യേച്ചി, ഞാൻപറഞ്ഞിരുന്നില്ലേ ഒരു സീതയെപ്പറ്റി. മാർത്താണ്ഡൻ അവളെവച്ച് ആഭിചാരകർമ്മങ്ങൾ നടത്തിയിരുന്നത് അവിടെവച്ചായിരുന്നു.”
“അവളെ വച്ച് എന്തുകർമ്മം..”
സംശയത്തോടെ ഗൗരി ചോദിച്ചു.
“ആ, എനിക്കറിയില്ല്യാ. പക്ഷെ അതുകഴിഞ്ഞശേഷം സീത ആറിൽ മരിച്ചുകിടക്കുന്നതാ കണ്ടത്. കാലിന്റെ ഒരു വിരലും, വലതുകൈയ്യിലെ മോതിരവിരലും അറ്റിരുന്നു. ആത്മാവ് മാർത്താണ്ഡനെ ചുറ്റിപ്പറ്റിനിൽക്കാനാണത്രേ, പിന്നീട് അവൾ ദുരാത്മാവായി നാടുമുഴുവൻ അലഞ്ഞുനടന്നു. അവളെ രക്ഷിക്കാൻ ഈ നാട്ടിൽനിന്നും ആരുംശ്രമിച്ചില്ലന്ന് പറഞ്ഞ് പലരെയും അവൾ ആക്രമിച്ചു.”
“എന്നിട്ട്..”
ഗൗരി ചോദിച്ചു.
“അവസാനം മുത്തശ്ശനും മറ്റു മാന്ത്രികരും ചേർന്ന് അവളെ ബന്ധിച്ചു. പക്ഷെ അവളുടെ കൈയ്യിലെ മോതിരവിരലിൽ മരതകം കൊണ്ട്നിർമ്മിച്ച ഒരു മോതിരമുണ്ട്. അത് നഷ്ട്ടപ്പെട്ടു. എന്തോ മന്ത്രശക്തിയുള്ളതാണെന്ന് കേട്ടിട്ടുണ്ട്.”
അല്പദൂരം നടന്ന് അവർ വീതികുറഞ്ഞ പാതയിലെത്തി കഷ്ടിച്ച് മൂന്നോ നാലോ അടിമാത്രംവീതിയുള്ള ഇടിഞ്ഞുപൊളിഞ്ഞ ഒരുപാത.
ഗൗരി മുന്നിൽനടന്നു.
നടക്കുംതോറും നിശബ്ദത കൂടിക്കൂടി വന്നിരുന്നു
“പോണോ ഗൗര്യേച്ചി. നിക്കെന്തോ ഒരു ഭയം.”
അമ്മു ഒരുനിമിഷം അവിടെനിന്നു.
“അയ്യേ, ഇങ്ങനെ പേടിക്കല്ലേ, ഞാനില്ലേ വാ,”
ഗൗരി അവളുടെ കൈയ്യുംപിടിച്ച് മുൻപിലേക്ക് നടന്നു.
ആ വഴിചെന്നവസാനിച്ചത് ഇടിഞ്ഞുപൊളിഞ്ഞ ഓടിട്ട ഒരു വീട്ടിലേക്കായിരുന്നു.
മുറ്റത്ത് ഒരാൺ മയിൽ പീലിവിടർത്തി നിൽക്കുന്നതുകണ്ട ഗൗരി അദ്ഭുതത്തോടെ നോക്കി.