” അങ്ങനെ വല്ലതുമുണ്ടേല്‍ ഞാനാദ്യം അമ്മയോടല്ലേ പറയു … ” ദിയ നേരെ കിടന്നു ലഷ്മിയുടെ മുഖത്തേക്ക് നോക്കി … സ്കൂളിലെ ചെറിയ സംഭവങ്ങള്‍ വരെ അമ്മയോട് തുറന്നു പറയുന്ന ദിയക്ക് ലക്ഷ്മിയോടത് പറയാന്‍ മടിയുണ്ടായിരുന്നില്ല .
” അമ്മാ … സ്കൂള്‍ വിട്ടു കഴിഞ്ഞ് ഞാനും റീബയും കൂടി സ്കൂള്‍ കൊമ്പൌണ്ടിന് വെളിയിലുള്ള ആ സ്റ്റെഷനറി ഷോപ്പില്ലേ അവിടെ കയറി … പുതിയ റിങ്ങ്സ് ഒക്കെ വന്നിട്ടുണ്ടായിരുന്നു .. റീബ ഓരോന്നായി പരിശോധിക്കാന്‍ തുടങ്ങി … എന്നോടൊന്നും വേണ്ടേ എന്നാ കടക്കാരന്‍ ചോദിച്ചു …ഞാന്‍ വേണ്ടാന്നു പറഞ്ഞതാ ..എന്നിട്ടും അയാള്‍ ഒരു റെഡ്പേള്‍ ഉള്ള വളയെന്നെ കാണിച്ചിട്ട് നല്ലതാന്നും പറഞ്ഞു കയ്യിലിട്ടു … കറക്റ്റ് ആ സമയത്ത് ഷിനിയാന്റി കയറി വന്നു …. ഷിനിയാന്റി അയാളോടെന്തൊക്കെയോ പറഞ്ഞു … എന്നേം വഴക്ക് പറഞ്ഞു … … റീബ മാത്രമല്ല … എന്‍റെ കൂടെ പഠിക്കുന്നതും സ്കൂളിലെ പിള്ളേരുമൊക്കെ നോക്കി നിക്കുമ്പോ … ഞാനെന്തു ചെയ്തിട്ടാ അമ്മാ …” ദിയക്ക് വീണ്ടും സങ്കടം അണപൊട്ടി … ലെക്ഷ്മി ഒന്നും പറയാനാവാതെ അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു …
ഷിനി … അവളിപ്പോള്‍ ഹാപ്പിയാണെങ്കിലും ഈ സ്വഭാവത്തിന് കാരണക്കാരി ഞാനല്ലേ …… അന്ന് ഞാനും തുളസിയും കൂടി നിര്‍ബന്ധിച്ചത് കൊണ്ടല്ലേ അവളുടെ ജീവിതം ഇങ്ങനെയായത് ? …..
ലക്ഷ്മിയുടെ ഓര്‍മ്മകള്‍ നാട്ടിലേക്ക് മടങ്ങി …… ആ സ്കൂള്‍ കാലഖട്ടത്തിലെക്ക്
””””””””””””””””””””””””””””””””””””””””””””””””””””’
” പുതിയ കുട്ടിയാണോ ? വീടെവിടെയാ?’
അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നിന്ന് രക്ഷപെടാനായി ചേമ്പിലകൊണ്ട് തല മൂടി ഓടി ക്ലാസ്സിലേക്ക് കയറി വന്ന കുട്ടിയോട് ലക്ഷ്മി ചോദിച്ചു . പുറകിലെ അഴികള്‍ പൊട്ടിയ ജനാലയിലൂടെ വെളിയിലേക്ക് ചേമ്പില വലിച്ചെറിഞ്ഞു തിരിഞ്ഞപ്പോള്‍ ലെക്ഷ്മി അവള്‍ക്കിരിക്കാനായി നീങ്ങിയിരുന്നു .
” എന്‍റെ പേര് ലക്ഷ്മി … ഇവിടെ താമസം മാറി വന്നതാണോ ? എവിടുന്നാ വന്നെ ? വീട്ടിലാരൊക്കെയുണ്ട്? ” ഒറ്റ ശ്വാസത്തില്‍ ലക്ഷ്മിയവളോട് വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ നിറുകയിലൂടെ മൂക്കിന്‍ തുമ്പത്ത് ഒഴുകിയെത്തിയ വെള്ളം തുടച്ചു കഴിഞ്ഞാ പെണ്‍കുട്ടി ആഞ്ഞു തുമ്മി ..