” എടി ..നീ കാരണമാ അവന്‍ ചാടിയെന്ന് ആരുമറിയണ്ട… പെട്ടന്ന് വാ ” അവള്‍ ഓടുന്നതിനിടെ പറഞ്ഞു
‘ ദേവീ …ഒന്നും പറ്റാണ്ടിരുന്നാ മതിയാരുന്നു ..” ലക്ഷ്മിക്ക് സങ്കടം ..
” നീ കാരണമാ ഷിനി …നിന്നെയവന് ഒത്തിരിയിഷ്ടമാ ” തുളസി കൂടി പറഞ്ഞപ്പോള്‍ ഷിനിക്കെന്തോ പോലെയായി ..അവള്‍ തിരിഞ്ഞു നോക്കി കൊണ്ട് ലക്ഷ്മിയുടെ കൈ പിടിച്ചു വീട്ടിലേക്കോടി … അപ്പോഴേക്കും ആള്‍ക്കാര്‍ അവിടെ തടിച്ചു കൂടിയിരുന്നു .
‘ ദേവീ … ഒന്നും പറ്റാണ്ടിരുന്നാ മതിയാരുന്നു …ആരേലുമൊക്കെ ചാടി രക്ഷിക്കുമായിരിക്കും അല്ലെ .ഷിനി …. നിനക്ക് വിഷമമോന്നുമില്ലേ അവന്‍ ചാടിയതില്‍ …അവനെന്തെലും പറ്റിയാ അവന്‍ നിന്‍റെ പേര് പറയുമോ ..” ലക്ഷ്മിയുടെ ഓരോ വാക്കുകളും ഷിനിക്ക് ആഖാതമായി …അവളുടെ ഉള്ളിലും ഒരുതരം വിഷാദം ഉടലെടുത്തു …
വീട്ടിലെത്തിയെ ഷിനിക്ക് ഒന്നിനും മൂഡില്ലായിരുന്നു … കുളിച്ചു ആഹാരം കഴിച്ചു ഹോം വര്‍ക്ക് ചെയ്യുന്ന അവള്‍ ഒന്നിനുമുഷാറില്ലാതെ പായയിലെക്ക് വീണു ..
!!! അവന്‍ ..അവന്‍ ചാടുമെന്നു കരുതിയില്ല ..അത്രയും താഴത്തെക്ക് … നല്ല ഒഴുക്കുമുണ്ട് ..വെളളവും ….എനിക്കാരെയും ഇഷ്ടമല്ല ..അവനെയന്നല്ല …ഈ പ്രേമം … ഒക്കെ .. എന്തിനാ അത് … എല്ലാരും .. ഓരോ ഉദ്ദേശത്തോടെ .. പഠിക്കണം…. ജോലി കിട്ടണം … അത് കഴിഞ്ഞു കല്യാണം …കെട്ടുന്ന ആളിനെ സ്നേഹിച്ചാല്‍ പോരെ ..അതല്ലേ നല്ലത് ..അതല്ലേ വേണ്ടത് !!
ഷിനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല .കുരിശുവരയും അത്താഴവും കഴിഞ്ഞു അവള്‍ കിടക്കുമ്പോഴും എന്തോ ചിന്തകള്‍ മനസിനെയലട്ടിക്കൊണ്ടിരുന്നു .
അഷറഫിന്‍റെ ചില തമാശകളും അവന്‍റെ രൂപവും ഒക്കെ അവളുടെ മനസിലേക്ക് കയറി വന്നുകൊണ്ടിരുന്നു . സ്കൂളില്‍ വന്നപ്പോള്‍ മുതലേ അവന്‍ തന്‍റെ പിന്നാലെയായിരുന്നല്ലോ.. കള്ളന്‍ കള്ളനെന്നു മനസില്‍ വിളിച്ചവള്‍ ചിന്തകളെയകറ്റി
!!’ . അവന്‍റെ വീട്ടില്‍ കഷ്ടപ്പാടായിരിക്കും …അതല്ലേ പഠിപ്പ് നിര്‍ത്തീട്ട് കടയൊക്കെ ഇട്ടേ …പാവം… ലക്ഷ്മിയുടെ വാക്കുകള്‍ അവളുടെ മനസിലേക്ക് കടന്നു വന്നു …. ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയാണോ താന്‍ കാരണം …ഈശ്വരാ … ഒന്നും പറ്റാതെയിരുന്നാല്‍ മതിയാരുന്നു .. ദൈവമേ ..’!!! കഴുത്തിലെ കുരിശുമാലയിലെക്ക് അവളുടെ കൈ നീണ്ടു .