‘അവർ എന്തിനാ രാത്രി ഒരുമിച്ചു താമസിക്കുന്നേ..’ സഞ്ജു വീണ്ടും ചോദിച്ചു.
‘അയ്യേ ഈ സഞ്ജുവിന് ഒന്നും അറീലേ, ഹോളിവുഡ് മൂവീസോന്നും കാണാറില്ലേ, അവർ ഇന്‌റിമേറ്റാകും.അമേരിക്കയിൽ അതൊന്നും വലിയ പ്രശ്‌നമില്ല. ‘അവൾ പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു.
‘മീര എത്ര ഡേറ്റ് നൈറ്റ്‌സിനു പോയിട്ടുണ്ട്.സഞ്ജു പൊടുന്നനെ ചോദിച്ചു.’തീക്ഷ്ണമായിരുന്നു അവന്‌റെ ചോദ്യം.
ഉല്ലാസപൂർവം നടന്നുകൊണ്ടിരുന്ന മീര പെട്ടെന്നു നിന്നു. ഒരു നിമിഷം അവളൊന്നു തിരിഞ്ഞു.
‘മൂന്നെണ്ണം, ആദ്യം ഹൈസ്‌കൂളിൽ, എന്‌റെ ഫസ്റ്റ് ബോയ്ഫ്രണ്ടിനൊപ്പം,പിന്നെ രണ്ടെണ്ണം കോളജിൽ ‘ അവൾ പറഞ്ഞു.
ഓഹ് സഞ്ജു നിരാശയോടെ മൂളി.അവന്‌റെ നെഞ്ചിൽ എന്തോ ഒരു വിങ്ങൽ നാമ്പെടുത്തു. ഇവളെ ഇനി നോക്കിയിട്ടു വലിയ കാര്യമില്ല. മൂന്നു കാമുകൻമാരുമായി ബന്ധപ്പെട്ടിട്ടുണ്ട് ഇവൾ.
അതു ചിന്തിച്ചു തീർന്നില്ല,അതിനു മുൻപ് തന്‌റെ കവിളിൽ പടക്കേ എന്ന് എന്തോ വീണതു പോലെ സഞ്ജുവിനു തോന്നി.മീര അടിച്ചതാണ്.
അവൻ കരണം പൊത്തി നിന്നു.അവിടെങ്ങും ആരുമില്ലാത്തതു മൂലം ആരും കണ്ടില്ല.
അടിയുടെ കെട്ടൊന്നു വിട്ടപ്പോൾ അവൻ തലയുയർത്തി നോക്കി.ക്രുദ്ധയായി, രോഷം നിറഞ്ഞ ഭാവത്തോടെ നിൽക്കുകയാണ് മീര. ബാഹുബലി സിനിമയിൽ ദേവസേന നിൽക്കുന്നതു പോലെ.
‘നീ ഞാൻ പറഞ്ഞതു വിശ്വസിച്ചു അല്ലേ, അല്ലേ..’ അവന്‌റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് അവൾ ചോദിച്ചു.
പൊട്ടൻ സഞ്ജു അവൻ അറിയാതെ തലയാട്ടി.
മീര കുലുക്കൽ നിർത്തി.തിരിഞ്ഞു നിന്നു.എന്തോ പൊട്ടിച്ചിതറുന്നതു പോലെ. അവൾ ഏങ്ങലടിച്ചു കരയുകയാണ്.
സഞ്ജു ആകെ സ്തബ്ധനായി.ഇതെന്തു പുകിൽ, അവൻ വിറച്ചുകൊണ്ട് തന്‌റെ കരതലം അവളുടെ പുറത്ത് അമർത്തി.. ‘മീരേ നീ വെറുതേ സീൻ ആക്കാതെ എന്തിനേ ഇപ്പോ ഇങ്ങനെ കരയണൂ, ‘ അവൻ ചോദിച്ചു.
‘നീ വിശ്വസിച്ചില്ലേ എന്നാലും, നീ മീരയെ ഇത്രേമല്ലേ മനസ്സിലാക്കിയുള്ളൂ, അമേരിക്കേൽ പോയ എല്ലാ പെൺപിള്ളേരും ഇങ്ങനെയാന്നാ ഇവിടുള്ളോർടെ തോന്നൽ.എനിക്കു കാമുകൻമാരുമില്ല, ഞാൻ ഡേറ്റ് നൈറ്റ്‌സിനും പോയിട്ടില്ല….
കാത്തു വച്ചിരിക്കാ ഞാൻ. എന്നിട്ട് ഇങ്ങനെ പറഞ്ഞേേല്ലാ…’ മീര വിതുമ്പിക്കൊണ്ടു പറഞ്ഞു.
സഞ്ജുവിന് ഒന്നും മനസ്സിലായില്ല.പെണ്ണുങ്ങളുമായി അധികം ഇടപെടാത്തതു കൊണ്ട് അവരുടെ വികാരവിചാരങ്ങൾ അവന് അന്യമായിരുന്നു.ഏതായാലും മീര താനുദ്ദേശിച്ചപോലെ ഒന്നും അല്ലാന്ന് അവൻ മനസ്സിലാക്കി.
‘അയാം സോറി മീര, ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല.’
‘ങൂം എനിക്കു മനസ്സിലായി നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.നീയൊരു പൊട്ടനാണ്,പരപ്പൊട്ടൻ.’ അവൾ പറഞ്ഞു. സ്ഥിതി വഷളാക്കണ്ടെന്നു കരുതി സഞ്ജു കൂടുതൽ ഒന്നും ഉരിയാടാൻ പോയില്ല.
തെല്ലുനേരം നിന്നപ്പോൾ മീര ഓക്കെയായി, അവളുടെ മുഖത്തു വീണ്ടും സ്‌നേഹച്ചിരി പരന്നു.
‘നീ ചന്ദനം തൊട്ടില്ലാല്ലോ, ഇങ്ങു വാ തൊട്ടുതരാം.’ അവൾ പറഞ്ഞു.
‘ഇങ്ങു തന്നേ, ഞാൻ തൊട്ടോളാം.’ സഞ്ജു പറഞ്ഞു.
‘അങ്ങനെയിപ്പോ തരണില്യ, ഇങ്ങട്ട് വാടാ..വാടാ…’ മീര സ്വരം കടുപ്പിച്ചു പറഞ്ഞു.
സഞ്ജു അനുസരണയുള്ള പട്ടിക്കുട്ടിയെപ്പോലെ അവളുടെ മുന്നിലേക്കു നീങ്ങി നിന്നു.നീണ്ട വെളുത്ത കൈയിലെ നെയിൽപോളിഷ് ഇട്ടു ഭംഗിയാക്കിയ നഖങ്ങളോടു കൂടിയ വിരലുകൾ.ചൂണ്ടുവിരൽ ചന്ദനത്തിൽ തൊട്ട് അവൾ അവന്‌റെ നെറ്റിയിൽ മുട്ടിച്ചു. കൂടംകുളം ആണവനിലയത്തിൽ ഉത്പാദിപ്പിച്ച എല്ലാ വൈദ്യുതിയും ആ സ്പർശത്തിൽ തന്‌റെ ദേഹത്തേക്കു കയറിയെന്നു സഞ്ജുവിനു തോന്നിപ്പോയി. അവൻ നിർവൃതി പൂണ്ട് നിന്നു.