വിശുദ്ധ പാപങ്ങൾ
Vishudha Papangal | Author : Pavithran
മഴയുടെ കൂടെ കാറ്റടിക്കുമ്പോൾ വാകമരം ഒന്നാടിയുലയും. പവിഴം പൊട്ടി വീഴുന്ന പോലെ പിന്നെയും വാക പൂക്കൾ ഞെട്ടറ്റു വീഴും. അതിൽ ചിലതെല്ലാം വീണത് ആ കാറിനു മുകളിലാണ്. കറുത്ത സ്വിഫ്റ്റിന് മുകളിൽ മഴയിൽ കുളിച്ച വാകപ്പൂക്കൾ ചുവന്ന പരവതാനി വിരിച്ചു.മങ്ങിയ കാഴ്ചകളാണ് മഴ വെള്ളം ഒലിച്ചിറങ്ങുന്ന വിൻഡോയിലൂടെ നോക്കുമ്പോൾ.മഴയുടെ തണുപ്പിലും അവർ രണ്ടുമിരുന്നു വിയർത്തു.
“നിനക്കെങ്ങനെ ധൈര്യം വന്നു എന്റെ വീട്ടിൽ കയറി പെണ്ണ് ചോദിക്കാൻ. അതിനും മാത്രം എന്ത് യോഗ്യതയാണാവോ നിനക്കുള്ളത്. “
മുഖത്തടിച്ച പോലെയാണ് രാധിക രാജേഷിനോടത് ചോദിച്ചത്. എട്ടു പത്തു കൊല്ലമായി ഒറ്റയ്ക്കു ജീവിതം വെട്ടിപ്പിടിച്ച പെണ്ണിന്റെ എല്ലാ ശൗര്യവും ആ വാക്കുകളിലുണ്ട്.ഡിവോഴ്സ് ആയതിൽ പിന്നെ ആകെയുള്ള കൂട്ട് മകൾ ഭാമയാണ്. അവളെ ചോദിച്ചാണ് മേൽവിലാസം പോലുമില്ലാത്ത ഒരുത്തൻ തന്റെ വീട്ടിൽ കയറി വന്നിരിക്കുന്നത്.
“എന്റെ യോഗ്യത തെളിയിക്കാനല്ല ഞാനിപ്പോ ഇങ്ങോട്ട് വന്നത്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. നിങ്ങളിനി സമ്മതിച്ചാലും ഇല്ലേലും ഞാനവളെ കെട്ടും. കെട്ടിയോൻ ഇട്ടേച്ചു പോയ പോലെ മോളും ഇട്ടേച്ചു പോവണ്ടല്ലോന്ന് കരുതിയാണ് ഇപ്പോ വന്നു പെണ്ണ് ചോദിച്ചത്. “
ഇന്നലെ തന്നെ ഭാമ താക്കിത് നൽകിയതാണ്.
“അമ്മ എന്തായാലും ഒരു പോസിറ്റീവ് റെസ്പോൺസ് തരുമെന്ന് എനിക്ക് തോന്നണില്ല.അമ്മ എന്ത് പറഞ്ഞാലും തിരിച്ചൊന്നും പറയാൻ നിൽക്കല്ലേ മുത്തേ. “
തന്റെ യോഗ്യതയെ പരസ്യമായി ചോദ്യ ചിഹ്നത്തിൽ നിർത്തിയപ്പോൾ മനസ്സിൽ കൂട്ടി വച്ച വിനയം നിറഞ്ഞ വാക്കുകളെല്ലാം രാജേഷ് മറന്നു പോയി. പറയാൻ പാടില്ലാത്തതാണ് പറഞ്ഞത് എന്ന് മനസിലായപ്പോളേക്കും വൈകിയിരുന്നു.
“ഇറങ്ങേടാ എന്റെ വീട്ടിൽ നിന്നു.. “
രാധിക കോപം കൊണ്ട് ജ്വലിച്ചു.തിരിഞ്ഞു പോലും നോക്കാൻ നിന്നില്ല, അവൻ വീട്ടിൽ നിന്നിറങ്ങി നടന്നു .
അവൻ പോയി കഴിഞ്ഞപ്പോൾ രാധികയുടെ മനസ് കടലിലെ തിരകളിൽ പെട്ട തോണി പോലെ ഇളകി മറിഞ്ഞു. ചിന്തകളുടെ ചുഴികളിലേക്ക് അവൾ താഴ്ന്നു പോയി.