ഞാൻ കയറിയതും ആ കൽപാളി വീണ്ടും പഴയതു പോലെയായി. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. കല്ലുകൊണ്ടുള്ള ഒരു സിലിണ്ടർ. അങ്ങനെ വേണം ഈ ഗുഹയെ പറയാൻ.
മാർബിളുകൾ പതിച്ച നിലം. ഞാൻ കയറിവന്നതുൾപ്പെടെ 6 വലിയ കൽ പാളികൾ വൃത്താകൃതിയിൽ എനിക്ക് ചുറ്റും.. എല്ലാ പാളികളും ഒരു കണ്ണാടി പോലെ പ്രതിഫലിക്കുന്നു. എവിടെ നോക്കിയാലും ഞാൻ തന്നെ. ഒരു വലിയ ഹാളിനോളം വലുപ്പമുണ്ട് ഗുഹയുടെ നിലത്തിനു. ഈ പാളികൾക്ക് മുകളിലായി കുറെയേറെ ചെറിയ പാളികൾ അടുക്കി വെച്ചിരിക്കുന്നു. അവയും കണ്ണാടി പോലെ പ്രകാശം പ്രതിഫലിക്കുന്നുണ്ട്.
എറ്റവും മുകളിലായി വൃത്താകൃതിയിലുള്ള ഒരു തുറവിയുണ്ട്. ഒരു നാലാൾ പൊക്കത്തിൽ. അതിലൂടെ വെളിച്ചം കടന്നുവരുന്നു. ഒരു മകുടം പോലെ ആ തുറവി ഗുഹയെ മറച്ചു നിക്കുന്നുണ്ട്. മുകളിൽ നീലാകാശം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. മുകളിലെ വരിയയിലുള്ള കണ്ണാടിപ്പാളികൾ പ്രകശം ഗുഹയിൽ ഒരുപോലെ വിന്യസിപ്പിക്കുന്നുണ്ടായിരുന്നു.
മാർബിൾ പതിച്ച നിലത്തിൽ ഭിത്തിയോട് ചേരുന്ന ഭാഗത്തെല്ലാം ഒരുപോലെ വെട്ടിയൊരുക്കിയ പുൽമെത്ത. നിലത്തിന്റെ നടുവിലായി വൃത്താകൃതിയിൽ ഒരു ഉയർന്ന കല്ലും.
ഇവിടെ ആരെങ്കിലും താമസിക്കുന്നുണ്ടാകുമോ? ഇത്ര മനോഹരമായ നിർമ്മിതി ആരായിരിക്കും നിർമ്മിച്ചത്? ഇവിടെ നിന്നും എങ്ങനെ പുറത്തു കടക്കും?
ഇനി ചിന്തിച്ചിട്ട് കാര്യമില്ല. എത്രയും വേഗം അനിയനെ വിളിക്കണം. മുകളിലെ തുറവിയിലൂടെ ഒരു കയർ ഇട്ടാൽ വലിഞ്ഞു കേറിയെങ്കിലും പുറത്തെത്താം.
ഞാൻ ഫോണെടുത്തു. എന്റെ ഭാഗ്യം എന്നല്ലാതെ എന്താ പറയുക. അത് ഓഫ് ആയിട്ടുണ്ട്. വീഴ്ചയിൽ വെള്ളം കയറിതാവും. ഞാൻ പവർ ബട്ടൺ കുറച്ചു നേരം ഞെക്കി നോക്കി. ഒരു രക്ഷയും ഇല്ല.
ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചു ഞാൻ ആ പുൽമെത്തയിൽ ഇരുന്നു. വെയിലടിച്ചു മാർബിൾ തറ ചൂടായിവരുന്നുണ്ട്. ഒരു വാണം വിടാനുള്ള കൊതികൊണ്ടു ഇവിടെ പെട്ടല്ലോ ദൈവമേ.
നിലത്തിനു നടുവിൽ ഉള്ള ആ ഉയർന്ന മാർബിൾ ഫലകം എന്തായിരിക്കും. ഞാൻ പതിയെ അതിനടുത്തേക്കു നടന്നു ചെന്നു. നിലത്തുനിന്നും ഒരു ഗ്യാപ്പിട്ടാണ് ആ ഫലകം നില്കുന്നത്. അടിയിൽ എന്താണെന്നു കാണാൻ പറ്റുന്നുമില്ല. ഞാൻ പതിയെ ആ വൃത്താകൃതിയിൽ ഉള്ള മാർബിളിന്റെ മുകളിലേക്കു കയറി.