ആ പ്രദേശത്ത് ആകെ ഉള്ള വാഹനം സ്വാമിയുടെ പഴയ മഹീന്ദ്ര ജീപ്പും ഇന്നോവയും മാത്രമാണ്!
ഏത് പാതിരാവിൽ എപ്പോൾ ആ നാട്ടുകാർക്ക് ഒരു അത്യാഹിതമോ ആശുപത്രി ആവശ്യമോ വന്നാൽ ജീപ്പുമായി പരികർമ്മി വേലായുധസ്വാമി ആണ് സഹായത്തിന് എത്തുന്നത്!
മിക്കവാറും ഒക്കെ വലിയ വലിയ കാറുകളിൽ പുറത്ത് നിന്ന് എത്തുന്ന അതിസുന്ദരികളായ സ്ത്രീകൾക്ക് മാത്രമാണ് അതീവ രഹസ്യമായി നിലവറയിൽ ചെയ്യുന്ന ഈ വടയക്ഷീ
പൂജയും അനുഗ്രഹവും!
ദിവ്യനായ ഭൈരവസ്വാമിയുടെ അത്ഭുത സിദ്ധികൾ അറിഞ്ഞ് അനുഗ്രഹം പ്രാപിക്കാൻ തങ്ങൾ കണ്ടിട്ടില്ലാത്ത തരം വിദേശനിർമ്മിത കാറുകളിൽ ഒക്കെ പുറത്തുള്ളവർ അവിടെ എത്തുന്നത് ആ നാട്ടിലെ പാവങ്ങൾക്ക് അഭിമാനവും ഒപ്പം അന്തസ്സും ഒക്കെ ആണ്!
അങ്ങനെ ആ ആളുകൾ ഒക്കെ വന്ന് പരമസ്വാസ്തികനായ ഭൈരവസ്വാമിക്ക് അളവറ്റ ദക്ഷിണ ലഭിയ്ക്കുന്നത് കൊണ്ട് ആണല്ലോ പാവപ്പെട്ട നാട്ടുകാർക്ക് സ്വാമിയുടെ സഹായങ്ങൾ നിർലോഭം കിട്ടുന്നത്!
സന്തോഷ് മേനോൻ എന്ന് ആയിരുന്നു ഭൈരവസ്വാമിയുടെ പൂർവ്വാശ്രമത്തിലെ നാമധേയം!!
മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി മാന്ത്രിക നോവലുകളിൽ കമ്പം കയറി അതിന്റെ വായനയും മറ്റുമായി കഴിയുമ്പോൾ ആണ് തമിഴ്നാട്ടിലെ ഒരു യൂണിവേഴ്സിറ്റിയിൽ ജ്യോതിഷം എം.ഏ കോഴ്സിന് സന്തോഷ് മേനോൻ ചേരുന്നത്!
അപ്പോൾ ആണ് സന്തോഷിന്റെ കുശാഗ്ര ബുദ്ധിയിൽ കുടുംബത്ത് ആർക്കും വേണ്ടാതെ കിടക്കുന്ന ഓണംകേറാ മൂലയിലെ ഈ നാലേക്കറും നാലുകെട്ടും ഓർമ്മയിൽ ഓടി എത്തിയത്!
ഇന്ന് ഏറ്റവും മാർക്കറ്റ് ഉള്ള വ്യവസായം ഭക്തിയും അന്ധവിശ്വാസവും ആണ് എന്നത് കൃത്യമായി അറിയാവുന്ന സന്തോഷിന് പിന്നീട് അധികം ആലോചിച്ച് തല പുണ്ണാക്കേണ്ടി വന്നില്ല!