ആൾ ആകെ ദേഷ്യത്തിൽ ആയിരുന്നു. അവൾ അനന്തുവിനെ തുറിച്ചു നോക്കി. കാര്യമെന്താണെന്നു മനസിലാവാതെ അവൻ നിന്നു.
മീനാക്ഷിയുടെ വിയർപ്പ് പൊടിഞ്ഞ അധരങ്ങൾക്ക് വല്ലാത്തൊരു ഭംഗി ഉണ്ടെന്നു അവനു തോന്നിപോയി.സാരി തുമ്പ് ഇടുപ്പിൽ കുത്തിവച്ചു അവൾ അവന്റെ അടുത്ത് വന്നു നിന്നു.
“ആരായിരുന്നു അനന്തു ആ പെണ്ണ്? ”
“ഏത് പെണ്ണ് ? ”
അനന്തു ഒന്നും മനസിലാവാതെ അവളെ സൂക്ഷിച്ചു നോക്കി.
“അനന്തുവിന്റെ ദേഹത്തു തട്ടി വീണ പെണ്ണില്ലേ, അവൾ? ”
മീനാക്ഷിയുടെ മുന കുത്തിയ ചോദ്യം കേട്ടപ്പോഴാണ് അമ്പലത്തിൽ വച്ചു അരുണിമയെ പോലെയുള്ള ആ പെൺകുട്ടിയുമായി കൂട്ടിയിടിച്ച കാര്യം അവന്റെ ബോധ മണ്ഡലത്തിലേക്ക് വരുന്നത് തന്നെ.
“എനിക്ക് അറിഞ്ഞൂടാ മീനാക്ഷി അതാരാണെന്ന് ? ”
“സത്യം ആണോ? ”
വിശ്വാസം വരാതെ മീനാക്ഷി അവനെ ചുഴിഞ്ഞു നോക്കി. ഒരുമാതിരി പൊലീസുകാരെ പോലെ മീനാക്ഷി ചോദ്യം ചെയ്യുന്നത് അവനു ഇഷ്ടപ്പെട്ടില്ല.
“സത്യം. എനിക്ക് അറിഞ്ഞൂടാ അതാരാണെന്ന്.”
“അപ്പൊ പിന്നെ നിങ്ങൾ തമ്മിൽ മിണ്ടുന്നതു ഞാൻ കണ്ടല്ലോ? എന്തായിരുന്നു അത് ? ”
മീനാക്ഷി വിടാൻ ഭാവം ഇല്ലാന്ന് അനന്തുവിന് മനസിലായി.
“അതൊന്നുമില്ല… ആ കുട്ടിയെ മുൻപരിചയം ഉള്ളപോലെ എനിക്ക് തോന്നി. പക്ഷെ എനിക്ക് തെറ്റിപോയതാ.അത് ഞാൻ വിചാരിച്ച ആളല്ല”
“ഹ്മ്മ് ഞാൻ വിശ്വസിച്ചു. ഇനി അങ്ങനെ ആരേലുമായി കൂട്ടിയിടിച്ചാൽ കൊല്ലും ഞാൻ… കേട്ടല്ലോ…”
ഒരു തമാശ എന്നപോലെ മീനാക്ഷി പറഞ്ഞ കാര്യം കേട്ട് അനന്തു ചിരിച്ചു. അവനു മുഖം നൽകാതെ അവൾ തിരിഞ്ഞു തറവാട്ടിലേക്ക് കയറിപ്പോയി. വല്ലാത്തൊരു പെണ്ണ് തന്നെ ഇതെന്ന് അവനു തോന്നിപോയി.
ഈ സമയം പടിപ്പുര കഴിഞ്ഞു തിരുവമ്പാടി മനയുടെ മുറ്റത്തേക്ക് ഇരമ്പി വന്ന കാർ ഡ്രൈവർ ചവിട്ടി നിർത്തി. അതിന്റെ പുറകിലെ സീറ്റിൽ നിന്നും ഡോർ തുറന്നു ഇറങ്ങിയ ദക്ഷിണ നേരെ മനയുടെ പൂമുഖത്തേക്ക് നടന്നു വന്നു.
കയ്യിൽ ഉള്ള പൂക്കൂട പൂമുഖപ്പടിയിൽ വച്ചു ഒരു യന്ത്രത്തെ പോലെ അവൾ നടന്നു. വേറേതോ ലോകത്ത് ആയിരുന്നു അവൾ.
അകത്തളത്തിൽ നിന്നും മുറിയിലേക്ക് അവൾ യാന്ത്രികമായി നടന്നുപോയി. ചുണ്ടിൽ ഒരു മൂളിപ്പാട്ടോടെ ചിന്താ മഗ്നയായി നടന്നു മുറിയിലേക്ക് കയറിയ അവൾ വാതിൽ അടച്ചു വച്ചു.
അല്പം മാറി നിന്നു ദക്ഷിണയെ വീക്ഷിച്ചുകൊണ്ട് ഒരാൾ നിന്നിരുന്നു.അയാൾ തന്റെ ഊന്നുവടിയുടെ പിടിയിൽ വിരലുകൾ അമർത്തി മുറുകെ പിടിച്ചു.
വലതു കൈകൊണ്ട് അയാൾ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷ മാലയിൽ അമർത്തി പിടിച്ചു. സംഭ്രമം നിറഞ്ഞു നിന്നിരുന്ന ആ മുഖത്തു വല്ലാത്തൊരു പൗരുഷം നിറഞ്ഞു നിന്നിരുന്നു.