ബുള്ളറ്റ് സ്വയം ഗിയർ മാറ്റി മുന്നിലേക്ക് ചാട്ടുളി പോലെ കുതിച്ചു. അനന്തു പേടിയോടെ ബ്രേക്കിൽ ആഞ്ഞു ചവുട്ടിക്കൊണ്ടിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം.
മറ്റാരുടെയോ പ്രേരണയിൽ ബുള്ളറ്റ് മുന്നിലേക്ക് നീങ്ങി.വണ്ടിയിൽ നിന്നും എടുത്തു ചാടിയാലോ എന്നവൻ ചിന്തിച്ചു. എന്നാൽ ബുള്ളറ്റിനു എന്തേലും പറ്റിയാൽ ആ മൂധേവി തന്നെ ബാക്കി വച്ചേക്കില്ലെന്നു അവന് ഉറപ്പായിരുന്നു.
ഏതായാലും മരണം മുന്നിലെത്തിയെന്നു അവന് മനസിലായി. കൊല്ലങ്ങളായിട്ട് ഓടാതെ കിടന്നിരുന്ന ഒരു ബൈക്ക് എടുക്കാൻ പോയ നിമിഷത്തെ അവൻ ശപിച്ചു.
ഏതേലും കുഴിയിലോ അല്ലേൽ മരത്തിലോ ഈ വണ്ടി പോയി ഇടിക്കുമെന്നു അവന് ഏകദേശം ഉറപ്പായി. എങ്കിലും അവസാന ശ്രമമെന്നോണം ബ്രേക്കിൽ ഒന്നുകൂടി ആഞ്ഞു ചവിട്ടികൊണ്ടിരുന്നു.
പക്ഷെ ഒന്നും നടന്നില്ല.അടിക്കടി ഗിയർ മാറുന്നതും ആക്‌സിലേറ്റർ തിരിയുന്നതുമായ ശബ്ദം മാത്രം അവൻ ഇടക്കിടക്ക് കേട്ടുകൊണ്ടിരുന്നു.വളവും തിരിവും ബുള്ളറ്റ് അനായാസത്തോടെ സ്വയം വെട്ടിച്ചെടുത്തു.
മരിക്കാൻ സമയമായെന്ന് മനസിലായതോടെ അനന്തുവിന്റെ മുൻപിൽ അമ്മ മാലതിയുടെയും ശിവയുടെയും അച്ഛന്റെയും അച്ഛച്ചന്റെയും മുഖങ്ങൾ ഓരോന്നായി ഓർമ വന്നു.
അനന്തു വിറയലോടെ കണ്ണുകൾ അടച്ചു. റോഡിലൂടെ അനായാസം ഓടിയ ബൈക്ക് ഒരു ചകിരി ഫാക്ടറിയുടെ ഉള്ളിലേക്ക് കയറിപ്പോയി. അതിന്റെ മധ്യത്തിൽ എത്തിയതും ബുള്ളറ്റ് തനിയെ നിന്നു.
ഒന്ന് രണ്ട് തവണ മുക്രയിട്ട ശേഷം അവന്റെ കുഡു കുടു ശബ്ദം പതിയെ നിലച്ചു.അപ്പോഴത്തെ പ്രകമ്പനം കാരണം അവിടെ ജോലി ചെയ്തോണ്ടിരുന്ന 2, 3 പേർ അവനെ എത്തി നോക്കിയ ശേഷം തിരിച്ചു ജോലിയിൽ വ്യാപൃതരായി.
അനന്തു കണ്ണു തുറന്നു നോക്കിയപ്പോൾ ചുറ്റും ചകിരിയും കയറും ഒക്കെ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലത്ത് എത്തിയതായിട്ടാണ് കണ്ടത്. അപ്പോഴാണ് അവന് ബുള്ളറ്റിന്റെ മുകളിൽ ഇരിക്കുകയാണെന്ന ബോധം വന്നത്.
അവൻ അതിൽ നിന്നും ചാടിയെണീറ്റു. അതിനുശേഷം ദേഹമാകെ അവൻ കയ്യോടിച്ചുകൊണ്ട് പരിശോധിച്ചു. ശരീരത്തിൽ മുറിവോ ചതവോ ഒന്നുമില്ലെന്ന് അവൻ ഉറപ്പാക്കി.
എവിടെയും വീഴാതെ അഞ്ചു മിനിറ്റോളം ബുള്ളറ്റ് തനിയെ ഇങ്ങോട്ട് ഓടി വന്നതോർത്തു അവന് അതിശയം തോന്നി. കിതപ്പടങ്ങാനായി അവൻ ശ്വാസം വലിച്ചു വിട്ടു.
എളിയിൽ കൈ കുത്തി ചുറ്റുപാടും അവനൊന്നു കണ്ണോടിച്ചു. എന്നാൽ എവിടെയാണ് ഇപ്പൊ എത്തിച്ചേർന്നതെന്ന് അവന് മനസിലായില്ല.
എങ്കിലും ജീവൻ തിരിച്ചു കിട്ടിയഒരു ആശ്വാസത്തിൽ ആയിരുന്നു അവൻ.
ഒരു നെടുവീർപ്പോടെ അനന്തു സാവധാനം ബുള്ളറ്റിൽ കേറാൻ നോക്കി.
“കൂയ് എന്താ അവിടെ? ”
പുറകിൽ ഒരാളുടെ ഗാംഭീര്യമുള്ള ശബ്ദം കേട്ട് അനന്തു തിരിഞ്ഞു നോക്കി. കൈലി മുണ്ടും ഷർട്ടും അണിഞ്ഞു ചകിരി നാരിൽ കുളിച്ചിരിക്കുന്ന ഒരാൾ തന്നെ നോക്കി നിക്കുന്നത് അവൻ കണ്ടു. അവിടെ ജോലി ചെയ്യുന്ന ആളാണെന്നു അവന് മനസിലായി.
“ഒന്നുല്ല ചേട്ടാ വഴി തെറ്റിയതാ ”
അനന്തു ഒരു ക്ഷമാപണമെന്നപോലെ അയാളെ കൈയുയർത്തി കാണിച്ചു. അതിനു ശേഷം അവൻ വീണ്ടും ബൈക്കിൽ കേറാൻ തുനിഞ്ഞു.
“ഡോ ഇങ്ങോട്ട് തിരിഞ്ഞേ “