“എങ്കിലേ മോൻ ഒരു കാര്യം ചെയ്യണം. നമ്മുടെ വില്ലജ് ഓഫീസറെ വില്ലേജ് ഓഫീസിൽ ചെന്നു കൂട്ടിയിട്ട് നേരെ നമ്മുടെ കമ്പനിയിലേക്ക് പോണം.പോകേണ്ട വഴി പുള്ളിക്കാരൻ പറഞ്ഞു തരും…. കേട്ടോ ”
“ശരി മുത്തശ്ശാ… ഞാൻ പോകാം ”
“എന്തേലും സംശയമുണ്ടേൽ എന്നെയോ ബാലരാമനെയോ വിളിക്കണേ.. മറക്കല്ലേ. ”
“ഞാൻ വിളിച്ചോളാം മുത്തശ്ശാ… പേടിക്കണ്ട ”
അനന്തു മുത്തശ്ശനെ ആശ്വസിപ്പിക്കുവാനായി പറഞ്ഞു.ശങ്കരനും അവനെ ഒറ്റക്ക് വിടാൻ മനസ്സില്ലായിരുന്നു.പിന്നെ എല്ലാവരും ഓരോ തിരക്കിലായതുകൊണ്ടാണ് അനന്തുവിനെ തേടി അദ്ദേഹം എത്തിയത്.
“ബൈക്ക് എടുത്തോട്ടോ ”
“ശരി മുത്തശ്ശാ ”
അനന്തു ആകെ ഉത്സാഹത്തിലായിരുന്നു.
ആദ്യമായിട്ടാണ് ഇവിടെ വന്നതിനു ശേഷം മുത്തശ്ശൻ അവനോട് ഒരു ജോലി ചെയ്യാൻ ആവശ്യപ്പെട്ടത്.
അതുകൊണ്ട് തന്നെ ഈ ജോലി നല്ല വെടിപ്പായിട്ട് ചെയ്യണമെന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടി. കുളി കഴിഞ്ഞ ശേഷം ഒരു ജീൻസും കാപ്പി കളർ ഷർട്ടും വലിച്ചു കയറ്റി ചാവിയുമെടുത്ത് അവൻ വീടിനു പുറത്തേക്ക് ബദ്ധപ്പെട്ടു ഇറങ്ങി വന്നു
“അതേയ് ”
പുറകിൽ ഒരു ശബ്ദം കേട്ട് ബൈക്കിലേക്ക് കയറാനായി എടുത്തു വച്ച കാൽ പഴയപോലെ ആക്കി അനന്തു തിരിഞ്ഞു നോക്കി. അവിടെ സംഹാര രുദ്രയെ പോലെ നിക്കുന്ന ലക്ഷ്മിയെ കണ്ട് അവൻ ഒന്ന് ഭയന്നു.
“എങ്ങോട്ടാ ഇതും കൊണ്ട് ? ”
ബുള്ളെറ്റിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ലക്ഷ്മി
ഉറക്കെ ചോദിച്ചു.
“ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ ലക്ഷ്മി ആന്റി ”
അനന്തു ഒഴിഞ്ഞ മട്ടിൽ പറഞ്ഞു. ശേഷം അവൻ ബുള്ളെറ്റിലേക്ക് കേറാൻ തുനിഞ്ഞു.
“എങ്ങോട്ടാ എന്റെ ദേവേട്ടന്റെ വണ്ടിയും കൊണ്ട്? അതിൽ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും”
കണ്ണുകൾ ഒക്കെ ചുവന്നു മുഖമൊക്കെ വലിഞ്ഞു മുറുകി ഉച്ചത്തിൽ ലക്ഷ്മി വിളിച്ചു പറഞ്ഞു. മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം അടക്കാനാവാതെ അവൾ കിതച്ചു. അവളുടെ ഒച്ചപ്പാട് കേട്ട് എല്ലാവരും ഇറയത്തേക്ക് ഓടി വന്നു.
“എന്താ ഇവിടെ പ്രശ്നം? എന്താ മോളെ ഉണ്ടായേ? ”
ശങ്കരൻ ലക്ഷ്മിയുടെ അടുത്തേക്ക് വന്നു അവളെ ചേർത്തു പിടിച്ചു.
“കണ്ടില്ലേ അച്ഛാ… ഈ ദുഷ്ടൻ എന്റെ ദേവേട്ടന്റെ വണ്ടിയുംകൊണ്ട് പോകുന്നത്. ”
“മോളെ അത് ഞാൻ അനന്തുവിന് സന്തോഷത്തോടെ കൊടുത്ത സമ്മാനമാ.. അങ്ങനൊന്നും പറയല്ലേ ”
“എന്തിനാ അച്ഛാ എന്നോട് ഈ ചതി ചെയ്തേ? എന്റെ അനുവാദം ഇല്ലാതെ ദേവേട്ടന്റെ മുറിയും സാധങ്ങളും ഇവന് കൊടുത്തു. ഈ വണ്ടിയും എന്തിനാ കൊടുത്തേ അവന്? ദേവേട്ടന്റെ ജീവനായിരുന്നില്ലേ ഇത്? അത് വേറാർക്കേലും കൊടുക്കാനുള്ളതാണോ ഇങ്ങനെ ? ”
ലക്ഷ്മി കോപം നിയന്ത്രിക്കാനാവാതെ ഉറഞ്ഞു തുള്ളി. അതോടൊപ്പം അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.