ശ്രീകോവിലിന്റെ മുൻപിൽ ഉള്ള ചുറ്റു വിളക്കിൽ ദീപം അണിയിക്കവേ സുന്ദരികളായ സ്ത്രീജനങ്ങളുടെ മുഖം പ്രകാശമേറ്റു വെട്ടി തിളങ്ങി.ഏത് നിമിഷവും ശ്രീകോവിലിന്റെ വാതിൽ തുറക്കപെടുമെന്ന പ്രതീക്ഷയോടെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും തിക്കി തിരക്കി തൊഴുകൈകളോടെ നിന്നു.
ശങ്കരനും മാലതിയും സീതയും മീനാക്ഷിയും ശിവയും മുൻപിൽ തന്നെ ദേവിയുടെ ദർശനത്തിനായി കാത്തു നിന്നു. ഇടക്കിടക്ക് പുറകിലേക്ക് നോക്കി ആഞ്ജയോടെ പുറകിലെ തിക്കിനും തിരക്കിനും ശമനം വരുത്താൻ ശങ്കരൻ ശ്രമിച്ചുകൊണ്ടിരുന്നു.
പൊടുന്നനെ ശ്രീകോവിലിന്റെ വാതിൽ മലർക്കനെ തുറക്കപ്പെട്ടു. സർവാഭരണ വിഭൂഷിതയായ ദേവിയെ ഒരു നോക്ക് കാണാൻ എല്ലാരും തിരക്ക് കൂട്ടി.
ഭക്തർ കൂപ്പ് കൈകളോടെ പ്രാർത്ഥിച്ചുകൊണ്ട് തങ്ങളുടെ ആധിയും വ്യാധിയും അമ്മയിൽ അർപ്പിച്ചു നിർന്നിമേഷരായി നിന്നു.തേവക്കാട്ട് കുടുംബാംഗങ്ങൾ ദേവിയെ കണ്ണു നിറച്ചു കണ്ടു കൈകൾ കൂപ്പി പ്രാർത്ഥിച്ചു.
അമ്മേ, ദേവി, ഭഗവതി, എന്നിങ്ങനെയുള്ള അലയൊലികൾ അവിടമാകെ മാറ്റൊലി കൊണ്ടു
.പൂജാരി ശങ്കരന് ബഹുമാന പൂർവ്വം പ്രസാദവും മറ്റും ആദ്യമേ നൽകി. തുടർന്നു അത് ഭക്ത ജങ്ങൾക്കും കൊടുക്കപ്പെട്ടു.ഇല ചീന്തിൽ പുരണ്ടിരിക്കുന്ന ചന്ദനക്കുറി എല്ലാവരും വിരൽ കൊണ്ടു തോണ്ടിയെടുത്ത് നെറ്റിയിൽ ചാലിച്ചു.
സീത മാലതിക്കും ശിവയ്ക്കും ചന്ദനക്കുറി നെറ്റിയിൽ ചാലിച്ചു നൽകി. മാലതി മീനാക്ഷിയുടെ നെറ്റിയിൽ ചന്ദനം പുരണ്ട വിരൽ തൊട്ടുകൊടുത്തു.
ദർശനം കിട്ടിയ ജനങ്ങൾ ഒന്നൊന്നായി മാറി തുടങ്ങി.ശങ്കരനും മക്കളും പേരമക്കളും ഒന്നുകൂടി ദേവിയെ വണങ്ങി.
ഈ സമയം ക്ഷേത്ര മുറ്റത്തെ ആൽമരചുവട്ടിൽ കാറ്റേറ്റ് ഇരിക്കുകയായിരുന്നു അനന്തു. ഉച്ചഭാഷിണിയിൽ നിന്നുള്ള ഭക്തി ഗാനം അവനെ ചെറുതായി അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
എല്ലായിടത്തും കണ്ണോടിച്ചുകൊണ്ട് അവൻ സംയമനത്തോടെ ഇരുന്നു.സെറ്റ് സാരി ഉടുത്തു സുന്ദരികളായ സ്ത്രീകളും മുണ്ടും ഷർട്ടും അണിഞ്ഞ പുരുഷന്മാരും ബ്ലൗസും പാവാടയും അണിഞ്ഞ പെൺകുട്ടികളും അതിനിടയിൽ കാണുന്ന ഹാഫ് സാരീ അണിഞ്ഞ പെൺകുട്ടികളെ കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നു അനന്തു.
ആ ഡ്രസ്സ് അവനു വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അങ്ങനൊരെണ്ണം അരുണിമ ഇട്ടിരുന്നെങ്കിൽ കാണാൻ നല്ല ചേലായിരുന്നേനെ എന്നവൻ ആത്മഗതം പറഞ്ഞുകൊണ്ട് ചിരിച്ചു.
“ഹലോ എന്താ ഒരു ചിരി ”
ശബ്ദം കേട്ട ഭാഗത്തേക്ക് അനന്തു തിരിഞ്ഞു നോക്കി.
മുഷിഞ്ഞ കാഷായവസ്ത്രവും ധരിച്ചു തോൾ സഞ്ചിയുമേന്തി നരച്ച മുടിയും പ്രായാധിക്യം വന്ന വരണ്ട ചർമ്മവും അയാളുടെ വിവശതയെ പുറത്തു കാണിച്ചു.
നീട്ടിവളർത്തിയ വെളുത്ത താടിരോമങ്ങളിൽ കൈകൊണ്ട് ഉഴിഞ്ഞു കൊണ്ടു ഒരാൾ തന്നെ നോക്കി നിൽക്കുന്നത് അവൻ കണ്ടു.
അയാളുടെ കണ്ണുകൾക്ക് വല്ലാത്ത തിളക്കം പോലെ ഉള്ളതായി അനന്തുവിന് തോന്നി. ഒരുപക്ഷെ അദ്ദേഹം സഞ്ചാരി ആകുമെന്ന് അവൻ നിനച്ചു.
“ഒന്നുമില്ല വെറുതെ ഓരോന്നു ഓർത്തിരുന്നതാ”
ആഗതനെ വിഷമിപ്പിക്കാത്ത മട്ടിൽ അനന്തു മറുപടി പറഞ്ഞു. ഞാൻ തനിയെ ചിരിക്കുന്നത് കണ്ട് തനിക്ക് വട്ടാണെന്ന് അയാൾ വിചാരിച്ചു കാണുമോ എന്ന പരിഭ്രമം അവന്റെ മുഖത്തു ഉണ്ടായിരുന്നു.