വശീകരണ മന്ത്രം 7
Vasheekarana Manthram Part 7 | Author : Chankyan | Previous Part
(കഴിഞ്ഞ ഭാഗം)
ഈ സമയം ആൽമരത്തിന്റെ മറുപുറത്തു ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച് കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു.
പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ കൊണ്ടു നോക്കി നിമിഷനേരം അയാൾ എന്തോ ചിന്തയിൽ ആണ്ടു. പതിയെ എണീറ്റു മറുപുറം വന്നു അനന്തുവിൽ നിന്നും രണ്ടടി അകലത്തിൽ അയാൾ നിന്നു.
അനന്തുവിനെ സൂക്ഷിച്ചു നോക്കികൊണ്ട് കൈകൾ കെട്ടി വച്ചു അയാൾ ആടിക്കൊണ്ടിരുന്നു.കുറേ നേരമായുള്ള അയാളുടെ തുറിച്ചു നോട്ടം സഹിക്കവയ്യാതെ അനന്തു ഇടപെട്ടു.
“എന്താ ചേട്ടാ വേണ്ടേ? ”
അനന്തു ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒടുവിൽ നീ ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയല്ലേ? നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ? ”
അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അനന്തു നെറ്റിചുളിച്ചുകൊണ്ട് അയാളെ നോക്കി. പതിയെ അയാൾ അവിടെ നിന്നും സ്ഥലം കാലിയാക്കി.
അനന്തു അയാൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പതിയെ അവന്റെ മുഖ ഭാവം മാറി. ചുണ്ടിൽ തത്തി ക്കളിച്ചിരുന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു.
മുഖത്തെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ചെന്നിയിലൂടെ വിയർപ്പ് ചാലുപോലെ ഒഴുകി. ചുണ്ടുകൾ വിറച്ചു. അനന്തുവിന്റെ എരിയുന്ന കണ്ണുകൾ പതിയെ രക്തമയമായി മാറി.
ക്രുദ്ധമായ ഭാവത്തോടെ മുഷ്ടി ചുരുട്ടിപിടിച്ചു അവൻ മുഖം താഴ്ത്തിയിരുന്നു.പതിയെ ആ ചുണ്ടുകളിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു വന്നു .
(തുടരുന്നു)
കുന്നത്ത് ദേവി ക്ഷേത്രത്തിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അലിഞ്ഞിരിക്കുകയാണ് അവിടുള്ള ഭക്ത ജനങ്ങൾ.
അമ്പലത്തിന്റെ മേൽക്കൂരയിൽ നിന്നും ഉച്ചഭാഷിണിയിലൂടെ ഒഴുകി പരക്കുന്ന സംഗീതം എല്ലാവരെയും കോൾമയിർ കൊള്ളിച്ചു.
ശ്രീകോവിലിൽ നിന്നും മണിയൊച്ചകളാലും നെയ് വിളക്കിന്റെ പ്രകാശത്താലും പൂരിതമായിരുന്നു. പൂജാരി മന്ത്രങ്ങൾ ഉരിയാടിക്കൊണ്ട് ദേവി വിഗ്രഹത്തിനു മുൻപിൽ താലത്തിലെ കുഞ്ഞു വിളക്കിൽ തിരി തെളിയിച്ചു വട്ടത്തിൽ ഉഴിഞ്ഞുകൊണ്ടിരുന്നു.
സോപാന സംഗീതം പൊഴിക്കുവാൻ തയാറെടുത്തുകൊണ്ട് ഒരാൾ ഇടക്കയും കയ്യിലേന്തി തയാറായി നിന്നു.