അങ്ങനതങ്ങ് കളയാൻ പറ്റുവോ?
പിന്നെ?
അഞ്ജലിയുടെ ഉദ്ദേശ്യം അറിയുവാനായി അവൻ ചോദിച്ചു.
എനിക്ക് ദേവൻ അമ്മാവന്റെയും കല്യാണിയുടെയും പ്രണയ കഥ അറിയണം.
ഇപ്പോഴോ?
അനന്തു അവളെ തുറിച്ചു നോക്കി.
ഹാ ഇപ്പൊ തന്നെ.
എനിക്കെങ്ങും വയ്യ
അനന്തു വിമ്മിഷ്ടത്തോടെ മുഖം വെട്ടിച്ചു.
എന്റെ പൊന്നു നന്ദുവേട്ടനല്ലേ…… പ്ലീസ്…… പ്ലീസ്…….
അഞ്ജലി കൊഞ്ചിക്കൊണ്ട് ചോദിച്ചു.
ഹൊ…… ഈ പെണ്ണിന്റെ കാര്യം….. ശരി ശരി.
അതും പറഞ്ഞുകൊണ്ട് അനന്തു ഡയറി കയ്യിലേക്ക് എടുത്തു.
ഡാ എട്ടാ…… മുത്തശ്ശൻ നിന്നെ അന്വേഷിക്കുന്നു……. ഒരു ഡ്രൈവറെ വേണമെന്ന്
പൊടുന്നനെ റൂമിലേക്ക് കേറി വന്ന ശിവപ്രിയ വിളിച്ചു കൂവി.
ശോ….. ഈ മുത്തശ്ശന്റെ ഒരു കാര്യം.
അഞ്ജലി ഈർഷ്യയോടെ കൈകൾ പിണച്ചു വച്ചു.
പോട്ടെ അഞ്ജലിക്കുട്ടി….. ഞാൻ വന്നു കഴിഞ്ഞ് പറഞ്ഞു തരാട്ടോ.
അഞ്ജലിയുടെ കവിളിൽ സ്നേഹത്തോടെ പിച്ചിയ ശേഷം അനന്തു അകത്തളത്തിലേക്ക് പോയി.
അവിടെ മുത്തശ്ശൻ അവനെ കാത്തിരിക്കുകയായിരുന്നു.
മോനെ ദേവാ…… നമുക്ക് ഒന്നു പുറത്ത് പോകാം.
ശരി മുത്തശ്ശാ
അനന്തു ഉത്സാഹത്തോടെ പോയി മുത്തശ്ശൻറെ ഇന്നോവയുടെ ചാവി എടുത്തു കൊണ്ടു വന്നു.
കാറിൽ കയറിയിട്ട് യതീന്ദ്രനോട് പറഞ്ഞ ശേഷം അവർ യാത്രയായി.
ദേശം നാൽക്കവല കഴിഞ്ഞതും ശങ്കരൻ പറഞ്ഞു തുടങ്ങി.
മോനെ ദേവാ…… കഴിഞ്ഞ ദിവസം നമ്മടെ ഫാക്ടറിയിലെ ഒരു ജോലിക്കാരൻ മരിച്ചു പോയില്ലേ…..
അത് കേട്ടതും ശരിയാണെന്ന മട്ടിൽ അവൻ തലയാട്ടി.
ദേ ഇപ്പൊ വീണ്ടും ഒരു മരണം ദേശം ഗ്രാമത്തിൽ നടന്നിരിക്കുന്നു.
ആരാ മുത്തശ്ശാ മരിച്ചെ?
അനന്തു പയ്യെ ചോദിച്ചു.
വേലപ്പൻ എന്ന് പറയുന്ന ഒരാളാ…… ആള് ഹണ്ടിംഗിനോക്കെ പോയി കാട്ടിറച്ചി വിറ്റ് ജീവിക്കുന്നയാളാന്ന് കേട്ടിട്ടുണ്ട്….. അവന്റെ അപ്പനും അമ്മയും ഒക്കെ നമ്മടെ പാടത്തു പണിയെടുക്കൂന്നവരാ…… കഷ്ടമായി പോയി അവരുടെ കാര്യം….. ഒറ്റ മകനാണ് പോലും.
മുത്തശ്ശൻ പറയുന്നത് കേട്ട് നിശബ്ദം അവൻ വണ്ടിയൊടിച്ചു.
ദേശം ഗ്രാമത്തിന്റെ അതിർത്തിയിൽ എത്തിയപ്പോൾ അവിടെ റോഡരികിൽ ആൾക്കൂട്ടം കണ്ടു.
കുറെ വാഹനങ്ങളും.
മോനെ…… കാർ അങ്ങോട്ട് ഒതുക്കിക്കോ
മുത്തശ്ശൻ ആവശ്യപ്പെട്ടതും തല കുലുക്കികൊണ്ട് അനന്തു കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി.