വശീകരണ മന്ത്രം 18
Vasheekarana Manthram Part 18 | Author : Chankyan | Previous Part
(കഥ ഇതുവരെ) വൈര ജാത വംശയായ അഥർവ്വന്റെ ഏക പുത്രി വില്ലാളി വീര അപ്സര കന്യകെ നിന്നോട് ഞാൻ ആജ്ഞപിക്കുന്നു…… മന്ത്രം ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
ചൊല്ലുന്നുവോ ഇല്ലയോ?
ഇല്ലാ
അഘോരിയുടെ ചോദ്യം 3 തവണയും ശ്രവിച്ചിട്ടും സാരംഗി ഒരേ മറുപടി തന്നെ ആവർത്തിച്ചതിനാൽ ആ അഘോരിയുടെ കണ്ണുകൾ ചുട്ടു പഴുത്തു.
അദ്ദേഹം മാനത്തേക്ക് നോക്കി വീണ്ടും കൈകൾ ഉയർത്തി.
വീണ്ടും അതേ മുഴക്കത്തിൽ അതേ കൊള്ളിയാൻ മാനത്ത് രൂപപ്പെട്ടു.
അതു കണ്ടതും ചിരിയോടെ ആ അഘോരി സമയം ഒട്ടും പഴക്കാതെ തന്റെ ഇരു കൈകളും 2 തവണ വീതം കൊട്ടി കൊണ്ട് താഴേക്ക് വലിച്ചു.
ആ സമയം ആ കൊള്ളിയാൻ വളഞ്ഞു പുളഞ്ഞു വന്നു സാരംഗിയും അഘോരിയുമുള്ള ആ ബോട്ടിൽ വന്നു പതിച്ചു.
അത് പതിച്ച മാത്രയിൽ ആ ബോട്ട് വലിയ സ്ഫോടനത്തോടെ ചിന്നി ചിതറി.
മിന്നലേറ്റ സാരംഗിയും അഘോരിയും ഡ്രാഗൺസ് ട്രയാങ്കിളിലെ അപകട ചുഴിയിലേക്കാണ് വീണത്.
ചുഴിയിലകപ്പെട്ട സാരംഗി പൊടുന്നനെ ബോധരഹിതയാവുകയും ചുഴി അവളെ തന്നിലേക്ക് ആവഹിക്കുകയും വിഴുങ്ങുകയും ചെയ്തു
—————————————————-
-സെക്കന്റുകൾക്ക് മുന്നേ-
അഘോരി തന്റെ കൈകൾ കൊണ്ട് ഇടി മിന്നലിനെ നിയന്ത്രിക്കുന്ന കണ്ടതും സാരംഗിയുടെ കണ്ണുകൾ വിടർന്നു.
എങ്കിലും ഭയം ലവലേശമന്യേ അവളെ വിട്ടു പോയിട്ടില്ലായിരുന്നു.
അതിശക്തമായ പ്രഹര ശേഷിയുള്ള കൊള്ളിയാൻ താഴേക്ക് വരുന്നതിന് മുന്നേ തന്നെ സാരംഗി കണ്ണുകളടച്ചു കാലാന്തര യാത്രാ മന്ത്രം ജപിച്ചു കഴിഞ്ഞിരുന്നു.
അതൊരിക്കലും ആ ആഘോരിയെ ഭയന്നു ആയിരുന്നില്ല.
പകരം അവളുടെ മനസിൽ അനന്തച്ഛൻ വന്നു പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു.
കണ്ണുകളടച്ചു സാരംഗി മന്ത്രം ജപിച്ചു കഴിഞ്ഞ മാത്രയിലാണ് ആ കൊള്ളിയാൻ അവളിൽ വന്നു പതിച്ചത്.
കാലാന്തര യാത്രാ മന്ത്ര പ്രയോഗത്തിനിടെ ഇടി മിന്നലേറ്റ സാരംഗിയ്ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയാം.