“എന്തായാലും വന്ന സ്ഥിതിക്ക് ഞാനപ്പുറത്തെ തെങ്ങിൻ തോപ്പും കൂടി കാണിച്ചേച്ചും വരാം. ഒരു 10 മിനുട്ട് ആശാൻ വെയിറ്റ് ചെയ്യ്… ഞാൻ ദിപ്പം വരാം.”, റോഷന് മറുപടി പറയാൻ ഗ്യാപ്പ് നൽക്കാതെ പ്രമോദ് തിരികെയോടി.
ഇനി ഇപ്പോ എന്താ ചെയ്യാ’ എന്ന മട്ടിൽ റോഷൻ പ്രമോദ് പോയിടത്തേക്ക് നോക്കി നിന്നു. തെങ്ങിൻ തോപ്പിലേക്ക് ഇറങ്ങിയതും പ്രമോദും കൂടെയുള്ളവരും അവന്റെ കൺവെട്ടത്ത് നിന്നും മറഞ്ഞു.
പേരിന് ഒരു 10 മിനുട്ട് കാക്കാം…. എന്നിട്ടും വന്നില്ലെങ്കിൽ മെല്ലെ സ്കൂട്ട് ആവാം”, അലവലാതിയുടെ സജ്ജഷൻ റോഷനും ശരിവച്ചു.
അവൻ കയ്യിലുണ്ടായിരുന്ന പാക്കറ്റിൽ നിന്നും ഒരു ലൈറ്റസ് എടുത്ത് കത്തിച്ചു. കുറച്ചു സമയം അങ്ങനെ പോയി കിട്ടി. എന്നിട്ടു വിമലിനെയും അച്ചുവിനെയും ഒന്നൂടി മൊബൈലിൽ ട്രൈ ചെയ്തു നോക്കി.
“ഇവന്മാര് ചത്തോ…?”, രണ്ടുപേരേം ഫോണിൽ വിളിച്ചു കിട്ടാത്തത് കണ്ടു റോഷൻ സ്വയം പറഞ്ഞു.
പറഞ്ഞു തീർന്നതും അപ്പുറത്ത് നിന്നും ആരോ കരയുന്ന ഒച്ച റോഷന്റെ കാതിൽ പതിച്ചു… വീണ്ടും നല്ല പരിചയമുള്ള ശബ്ദം…
കുറച്ചു കഴിഞ്ഞപ്പോൾ അവൻ കണ്ട കാഴ്ച്ച പ്രമോദിന്റെ കൂടെ പോയ പൂത്ത പണക്കാർ’ ദേഷ്യത്തിൽ തിരികെ വരുന്നതാണ്. അവർ വന്നതും അവിടെ കിടന്ന കാറും എടുത്തു ഒറ്റ പോക്ക്…
“അല്ല സ്ഥലം കാണിക്കാൻ പോയ പ്രമോദ് എവിടെ..?”, അവൻ സ്വയം പറഞ്ഞു.
ഇനി നേരത്തെ കേട്ടത് പ്രമോദിന്റെ കരച്ചിലെങ്ങാനും ആണോ..?”, അലവലാതി പറഞ്ഞ് തീർന്നതും റോഷൻ തെങ്ങുംത്തോപ്പിലേക്ക് ഓടി.
അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച; കീറിയ വെള്ള ജുബ്ബയും ചെളി പുരണ്ട മുണ്ടുമായി വരമ്പിന് കീഴെയുള്ള തെങ്ങുംത്തോപ്പിൽ, വെട്ടിയിട്ട കരിക്കിൻ കുല പോലെ മലർന്നു കിടക്കുന്ന പ്രമോദ്. ഒരാൾക്ക് അടി കിട്ടി കിടക്കുമ്പോൾ ചിരിക്കാൻ പാടില്ല എന്നാണെങ്കിലും, പാണ്ടി ലോറി കേറിയ തവളയെക്കൂട്ടുള്ള പ്രമോദിന്റെ ആ കിടപ്പ് കണ്ടപ്പോൾ റോഷൻ അറിയാതെ ചിരിച്ചു പോയി.
“എന്തു പറ്റി..?”, വന്ന ചിരി അടക്കിപ്പിടിച്ചുകൊണ്ടു റോഷൻ ചോദിച്ചു.
“അവർക്ക് ഞാൻ മുൻപ് ഒരു സ്ഥലം വിറ്റിട്ടുണ്ടായിരുന്നു. അതു എനിക്ക് ഇവിടെ എത്തിയപ്പോഴാ മനസ്സിലായെ.. അന്ന് പെന്റിങ് ഇണ്ടായിരുന്ന കടം.. അവർ ഇന്ന് വീട്ടി…”, പ്രമോദ് കിടന്നുകൊണ്ട് ദയനീയമായി പറഞ്ഞൊപ്പിച്ചു.