ലാക്സൻ സംഭവിക്കുന്നതെന്തെന്ന് മനസ്സിലാക്കാൻ രണ്ട് നിമിഷം എടുത്തു. പക്ഷെ അപ്പോഴേക്കും അനിയന്റെ മുൻനിരയിലെ രണ്ടു പല്ലുകൾ ചോരയിൽ മുങ്ങി, ലാക്സന്റെ ചെരുപ്പിന് മേലെയായി വീണു കിടന്നിരുന്നു… __________________________________________
“ആശാനേ…”
പരിചിതമായ ശബ്ദത്തിൽ ഒരു വിളി കേട്ടതും റോഷൻ ഇരുണ്ട ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നു. തിരിഞ്ഞു നോക്കിയപ്പോൾ വെള്ള ജുബ്ബയും മുണ്ടും ധരിച്ചു, ചുണ്ടിൽ സകലമാന പല്ലും വെളിയിൽ കാണുംവിധം വിടർന്ന ചിരിയും ചിരിച്ച് പ്രമോദ് നിൽക്കുന്നു… മനസ്സമാധാനം അന്വേഷിച്ച് എത്തിയിടത്ത് മനസ്സമാധാനക്കേടിന്റെ ഹോൾസെയിൽ ഡീലർ… “ഓടിക്കോ”, ഒരു നിമിഷം അലവലാതി റോഷനോടായി വിളിച്ചു പറഞ്ഞു. എന്നാൽ അപ്പോഴേക്കും പ്രമോദ് ഓടി അവന്റെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു.
“ആശാനെന്താ ഇവിടെ…?”, ഒരു വഴിക്കും രക്ഷപ്പെടാൻ കഴിയാത്ത വിധം അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പ്രമോദ് ചോദിച്ചു.
“ഞാൻ വെറുതെ.. ഇങ്ങനെ…”, റോഷൻ എന്തോ പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചു.
അപ്പോഴാണ് കുറച്ചപ്പുറം പ്രമോദിന്റെ കൂടെയുള്ള ആളുകളെ റോഷൻ ശ്രദ്ധിച്ചത്… അവരുടെ ഭാവവും വേഷവിധാനവും ‘എന്റെ കയ്യിൽ പൂത്ത പണമുണ്ടെടാ…!”, എന്നും വിളിച്ചോതും പോലെ അവന് തോന്നി…
“അല്ല പ്രമോദിന് ഇവിടെ എന്താ പരിപാടി..?”, അവരിൽ നിന്നും കണ്ണെടുത്ത് പ്രമോദിനോടായി റോഷൻ ചോദിച്ചു.
പ്രമോദ് : “ഇത്തിരി റിയൽ എസ്റ്റെറ്റിന്റെ പരിപാടിയുണ്ടേ… റൊക്കം അല്ല… ബ്രോക്കർ… നല്ലോരു പാർട്ടി വന്നപ്പോ എന്ന ഒന്നു കാണിക്കാന്നു വച്ചു.”
“അതിന് ഇവിടേത് സ്ഥലം..?”, റോഷൻ ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് സംശയത്തിൽ ചോദിച്ചു.
“ഏത് സ്ഥലമെന്നോ… ഇത് തന്നെ… അവരീ ഗ്രൗണ്ട് വാങ്ങാൻ പോവാ.. എന്തോ സിങ്ക് ഫാക്ടറി പണിയാണനെന്നാ പറഞ്ഞേ…”, പ്രമോദ് വളരെ ലാഘവത്തിൽ പറഞ്ഞു.
നെഞ്ചിൽ ഒരു ഇടിത്തീ വീണ പോലെയായിരുന്നു റോഷന് ആ വാക്കുകൾ അനുഭവപ്പെട്ടത്… തങ്ങൾ കളിച്ചു വളർന്ന, ഇനിയും തലമുറകൾ കളിച്ചു വളരേണ്ട ഒരിടം പലയിടത്തും സംഭവിക്കുന്ന പോലെ ഒരു കെട്ടിടമായി മാറാൻ പോകുന്നു. മാറ്റങ്ങൾ അനിവാര്യമാണ്… എന്നാലും… ഒരുപക്ഷെ ആ ഫാക്ടറിയിൽ പണി എടുക്കാൻ പോകുന്നവരുടെ പിൻതലമുറ അറിയാൻ സാധ്യതയുണ്ടോ, ഒരു കാലത്ത് അവർ കാണുന്ന യന്ത്രങ്ങൾ ഇരുന്ന ഇടത്തിൽ അതിനേക്കാൾ ഉച്ചത്തിൽ ആവേശക്കടൽ തീർത്ത മനുഷ്യരുടെ ശബ്ദം….?”, അലവലാതി ഉള്ളിൽ വേദന കൊണ്ടു.