നല്ല ഓർമ്മകൾ അയവിറക്കുന്നത്തിനിടയിൽ രാവിലെ അമ്മ പറഞ്ഞ ആ കറുത്ത അധ്യായത്തിന്റെ രംഗവും അവന്റെ മുന്നിൽ തെളിഞ്ഞു.. _______________________________________________
ഒരു ഞായറാഴ്ച്ച വൈകുന്നേരം…
ചേച്ചി രോഹിണിയുടെ ഒപ്പം ഒരു ഫംഗ്ഷന് പോവേണ്ടിയിരുന്നത് കൊണ്ട് റോഷൻ അല്പം വൈകിയാണ് ഗ്രൗണ്ടിൽ എത്തിയത്. എത്തിയപ്പോൾ കൂട്ടുകാരെ ആരേം കണ്ടില്ല. തിരഞ്ഞപ്പോൾ തൊട്ടപ്പുറത്തുള്ള തെങ്ങുംത്തോപ്പിൽ കുത്തിയിരിക്കുന്ന വിമലിനെയും അച്ചുവിനെയും അവൻ കണ്ടെത്തി.
“എന്താടാ പറ്റിയേ..?”, അച്ചുവിന്റെ ചുണ്ടിൽ നിന്നും ചോര ഒലിക്കുന്നത് കണ്ട് അവൻ രോഷത്തിൽ ചോദിച്ചു.
ഇരുവരും പറയാൻ മടിക്കുന്നത് പോലെ…
റോഷൻ : “കാര്യം എന്താണെന്ന് പറ മൈരോളെ…”
“ആ കിഴക്കേലെ നിക്സൺ… പന്തിൽ തുപ്പരുതെന്ന് ഞങ്ങൾ രണ്ടു മൂന്ന് വട്ടം പറഞ്ഞതാ.. പിന്നേം അത് തന്നെ ചെയ്തപ്പോൾ അച്ചു പന്ത് പിടിച്ചു വാങ്ങി. അതിനാ അവൻ ഇങ്ങനെ ചെയ്തത്.”, റോഷന്റെ ഭാവം കണ്ട് വിമൽ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.
“നിക്സൺ.. അവന്റെ മുഖം റോഷന്റെ മനസ്സിലേക്ക് തെളിഞ്ഞ് വന്നു. കളിക്കളത്തിൽ എന്നും സ്ഥിരം ശല്യമാണവൻ… കള്ളക്കളിയുടെ ഉസ്താദ്… അവന്റെ ചേട്ടൻ ലാക്സൺ ഒരു പാവമാണ്. അവനെ ഓർത്ത് മാത്രമാണ് പലരും നിക്സന്റെ മേൽ, കൈ വക്കാതെ വിടുന്നത് തന്നെ…
റോഷൻ അച്ചുവിന്റെ മുഖത്തേക്ക് ഒന്നൂടെ നോക്കി. മുറിഞ്ഞ ചുണ്ടിൽ ഡെറ്റോൾ വച്ച നീറ്റലിൽ അവനപ്പോൾ ഒന്ന് മുരണ്ടു. അത് കൂടി കണ്ടത്തോടെ റോഷന്റെ മനസ്സിൽ നിക്സനോടുള്ള ദേഷ്യം അണപൊട്ടി ഒഴുകി. കൂട്ടുകാരുടെ വിളിക്ക് കാതോർക്കാൻ നിൽക്കാതെ, അവൻ തന്റെ സൈക്കിൽ നിക്സന്റെ വീട്ടിലേക്ക് തിരിച്ചു.
*** *** *** *** ***
നിക്സന്റെ വലിയ വീട്ടിന്റെ ഗേറ്റിന് മുന്നിൽ തന്റെ സൈക്കിൾ നിർത്തി, റോഷൻ അകത്തേക്കൊന്ന് കണ്ണോടിച്ചു. അവന്റെ അച്ഛന്റെ ബെൻസ് കാർ പോർച്ചിൽ കിടക്കുന്നുണ്ട്… വേറെ അനക്കം ഒന്നുമില്ല…
എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന റോഷന്റെ പുറകിൽ നിന്നും ഒരു വിളി… “റോഷാ… എന്താടാ ഇവിടെ..?”
റോഷൻ തിരിഞ്ഞ് നോക്കിയപ്പോൾ ലാക്സൺ ആണ്. അനിയനോടുള്ള ദേഷ്യം മറച്ചു പിടിച്ചു, ചേട്ടനെ നോക്കി അവനൊന്നു ചിരിച്ചു. അപ്പോഴാണ് അവന്റെ പിന്നിൽ മറഞ്ഞു നിൽക്കുന്ന നിക്സൻ റോഷന്റെ കണ്ണിൽപ്പെട്ടത്. റോഷനെ കണ്ടതും കാര്യം പിടികിട്ടിയ നിക്സൺ ഒന്നൂടെ ചേട്ടന്റെ പുറകിലേക്ക് പതുങ്ങി. അത് കണ്ടത്തോടെ റോഷന്റെ നിയന്ത്രണം ആകെ തെറ്റി. അവന്റെ മനസ്സിലേക്ക് ചോരയൊലിപ്പിച്ച ചുണ്ടുമായി, തോപ്പിലിരിക്കുന്ന അച്ചുവിന്റെ മുഖം കടന്നു വന്നു. ചേട്ടനെ തള്ളി മാറ്റി സകല ദേഷ്യവും തീർക്കുമാറ്, റോഷൻ നിക്സന്റെ മുഖത്ത് മുഷ്ട്ടി ചുരുട്ടി ആഞ്ഞു ഇടിച്ചു… 🗣️🤛🏼…