കൂട്ടിന് വിമലും അച്ചുവും ഇല്ലാത്തത്കൊണ്ട് അധികനേരം അവനവിടെ നിൽക്കാൻ തോന്നിയില്ല. ചുറ്റുപാടും ഒരു റൗണ്ട് അടിച്ച ശേഷം സ്കൂട്ടർ എടുത്തു അവനവിടുന്നു വിട്ടു.
*** *** *** *** *** അവൻ കുറച്ച്സമയം ലക്ഷ്യബോധമില്ലാതെ, തോന്നിയ വഴിയിലൂടെയെല്ലാം സ്കൂട്ടർ ഓടിച്ചു. ഇടക്ക് ചായക്കടയിൽ നിർത്തി ഒരു ലൈറ്റ്സ് പുകച്ചു. അപ്പോഴാണ് അമ്മ കഥ പറഞ്ഞ ഓർമ്മയിൽ, പഴയ ഗ്രൗണ്ടും കളിയുമൊക്കെ മനസ്സിലേക്ക് കേറി വന്നത്. നൊസ്റ്റാൾജിയയിൽ മുഴുകി സ്വയം പുഞ്ചിരിച്ചുകൊണ്ടു അവൻ ഗ്രൗണ്ടിന്റെ ഭാഗത്തേക്ക് സ്കൂട്ടർ തിരിച്ചു.
*** *** *** *** *** ടൗണിലേക്ക് പോകും വഴി, മെയിൻ റോഡിൽ നിന്നും കുറച്ച് അകത്തോട്ട് കേറിയിട്ടാണ് “തലക്കൽ മൈതാനം”. ഒരു കാലത്ത് ചുറ്റുമുള്ള 5 ദിക്കിലേയും പിള്ളേര് ഒത്തുകൂടി കളിച്ചിരുന്ന അവരുടെ സ്വന്തം വാംഘഡെ സ്റ്റേഡിയം’…
ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് സ്കൂട്ടർ ഒതുക്കി റോഷൻ വെറുതെ ചുറ്റും നടക്കാൻ തുടങ്ങി.
ഒറ്റക്കും തെറ്റക്കും കുറച്ച് വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു എന്നതൊഴിച്ചാൽ ഗ്രൗണ്ട് കാലിയാണ്. ഒരു കാലത്ത് സർവ്വദാ ജനസജീവമായിരുന്ന ആ മൈതാനത്തിന്റെ അസ്ഥികൂടത്തിലൂടെ ഓർമ്മകൾ അയവിറക്കി അവൻ നടന്നു നീങ്ങി… ചുവടുകൾ അധികരിക്കരിക്കും തോറും അവന്റെ കാതുകളിൽ പഴയ കളിയാരവങ്ങൾ മുഴങ്ങാൻ തുടങ്ങി…
ആദ്യം ബാറ്റ് ചെയ്യാൻ വേണ്ടിയുള്ള വിമലിന്റെയും അച്ചുവിന്റെയും തമ്മിത്തല്ല്… തൊട്ടടുത്ത് ബാറ്റ് ചെയ്യാൻ, സ്വന്തം ടീം-മേറ്റിനെ പ്രാകി ഔട്ടാക്കുന്ന റഹീം… ഒരു കാലത്തും റൺ ഔട്ട് സമ്മതിച്ചു തരാത്ത വക്കച്ചൻ ചേട്ടൻ… തൊട്ടടുത്തെ തെങ്ങിൻതോപ്പിൽ സിക്സ് പോയി കാണാതാകുന്ന പന്തിനു വേണ്ടിയുള്ള തിരച്ചിൽ… കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല പറിച്ചു മഷിനോട്ടം നടത്തി, കാണാതായ പന്ത് കണ്ടെത്തുന്ന രാഹുൽ… ബാറ്റ് സ്വന്തമായി ഉള്ളതിന്റെ പേരിൽ മാത്രം ടീം ക്യാപ്റ്റൻ ആകുന്ന ബേസിൽ… മുരളീധരന്റെ സ്റ്റൈൽ ആണെന്നും പറഞ്ഞു കൈമടക്കി മാങ്ങ’ മാത്രം ഏറിയുന്ന ശ്രീനാഥേട്ടൻ… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നല്ല നിമിഷങ്ങൾ അവന്റെ ഉള്ളിലേക്ക് അരിച്ചെത്തി. സത്യത്തിൽ ഇന്ത്യയുടെ ഹൃദയമിരിക്കുന്നത് ഗ്രാമങ്ങളില്ല മറിച്ചു കളിക്കളങ്ങളിലാണ് എന്നവന് തോന്നിപ്പോയി. ഇവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല… ഉള്ളത് സ്പോർട്സ് മാൻ സ്പിരിറ്റ് മാത്രം.. അതും കളി കഴിഞ്ഞുടൻ തിരികെ സൗഹൃദമായി മാറുന്നവ…