ഭാർഗ്ഗവി: ” ഹോ.. അപ്പോഴേക്കും ദേഷ്യം വന്നല്ലോ…!”
മുറ്റത്തേക്ക് ഇറങ്ങിയ റോഷൻ പെട്ടന്നൊന്ന് അഞ്ജുവിന് നേരെ തിരിഞ്ഞു. എന്നിട്ട് നേരത്തെ പറഞ്ഞ അതേ ടോണിൽ ചോദിച്ചു.
റോഷൻ : “അതേ നിനക്ക് വർക്ക് ഫ്രം ഹോമല്ലേ, ആ സ്കൂട്ടർ ഞാനൊന്ന് എടുത്തോട്ടെ…?”
റോഷൻ ആ ഭാവത്തിലത് ചോദിച്ച വഴിക്ക് അഞ്ജു ഒരു പൂച്ചകുട്ടിയെപ്പോലെ തലയാട്ടി, ഉമ്മറത്തെ ആണിയിൽ തൂക്കിയിട്ടിരുന്ന താക്കോൽ എടുത്ത് കൊടുത്തു.
“ഞാനേ പിന്നെ വരാം.. അപ്പോഴേക്കും വേറെ എന്തേലും കഥ ഉണ്ടേൽ എടുത്തു വച്ചോ…”, സ്കൂട്ടർ സ്റ്റാർട്ടാക്കി നീങ്ങുന്നതിനിടയിൽ അവൻ ഭാർഗ്ഗവിയോടായി ഉറക്കെ പറഞ്ഞു.
ആ പറഞ്ഞത് കേട്ടു അഞ്ജുവും ഭാർഗ്ഗവിയും ചിരിച്ചു.
“ചോരത്തിളപ്പ് ഉണ്ടന്നേ ഉള്ളൂ.. ആള് പാവമാ..”, റോഷൻ പോയ് മറഞ്ഞതും, ഭാർഗ്ഗവി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു… പുറകെയായി അഞ്ജുവും…
ഭാർഗ്ഗവി: “അച്ഛൻ മരിച്ചപ്പോ കടം കേറിയ ചിത്രയേയും രോഹിണിയേയും ഈ നിലയിലേക്ക് പിടിച്ചു കേറ്റിയതേ അവൻ ഒറ്റക്കാ…”
ഇതു കേട്ട അഞ്ജു, ദൂരെ റോഡിലൂടെ നീങ്ങി മറയുന്ന റോഷനെ ബഹുമാനം കലർന്ന ഒരു നോട്ടം നോക്കി…
വീണ്ടും എന്തെങ്കിലും അമ്മയിൽ നിന്നും ചാടിയാലോ എന്ന ചിന്തയിൽ ജോലിക്ക് തിരികെ കേറാതെ കുറച്ചു നേരം അവിടെ തന്നെ ചിക്കി ചികകി നിന്നു.
ഭാർഗ്ഗവി : വിമലിന് കച്ചോടം തുടങ്ങാനായി വാങ്ങിയ കടം ഇപ്പോഴും തിരിച്ച് കൊടുക്കാനുണ്ട്. നാളിത് വരെ ചോദിച്ചിട്ടില്ല, അവൻ.. അതെങ്ങനെയാ ചിത്രയുടെ അല്ലേ മോൻ… സ്നേഹിക്കാനേ അറിയൂ.. സ്നേഹിക്കാൻ മാത്രം….”
കറി എടുത്തു വക്കുന്നതിനൊപ്പം ഭാർഗ്ഗവി പറഞ്ഞത് അഞ്ജു കേട്ടു. അവളുടെ മനസ്സിൽ റോഷനോട് സ്‌നേഹ-ബഹുമാനങ്ങൾക്കൊപ്പം അല്പം ആദരവും മുളപ്പൊട്ടി…
*** *** *** *** ***
സ്കൂട്ടർറുമായി അവൻ ആദ്യം പോയത് അമ്പലത്തിലേക്കാണ്. ചുറ്റുപാടും ഏതൊക്കെയോ നാട്ടുകാരുണ്ട്. പരിചയത്തിൽ ചിരിച്ചവരെയെല്ലാം നോക്കി അവനും ചിരിച്ചു. ഇന്നലെ അനുഭവപ്പെട്ട അത്ര അപരിചിതത്ത്വം ഇന്നില്ല”, അവൻ ചിന്തിച്ചൂ…
പരിപാടി നടക്കുന്ന സ്റ്റേജ് പരിസരത്ത് കഥകളിട്രൂപ്പിന്റെ വണ്ടി വന്നു കിടക്കുന്നുണ്ട്. രാത്രിയിലത്തെ കളിക്ക് ഇവരെന്തിനാ ഇത്ര നേരത്തെ വന്നു കിടക്കുന്നേ ആവോ…?”, അവലാതിക്ക് ചിന്തിക്കാൻ എന്തേലും വേണ്ടേ…. അവൻ കൗതുകത്തിൽ രാത്രി നടക്കാൻ പോകുന്ന കഥകളിയുടെ പേര് ഒന്ന് മനസ്സിൽ വായിച്ചു; ബാലിവധം… പേര് പോലെ ചിലപ്പോ കളിയും വധം’ ആകാൻ ചാൻസുണ്ട്…!’, അലവലാതി മൊഴിഞ്ഞു.