റോഷന്റെ മുഖത്ത് നോക്കി ഭാർഗ്ഗവി അത് പറഞ്ഞപ്പോൾ, അവന്റെ ശുണ്ഠി പിടിച്ച മുഖം കണ്ട് അഞ്ജുവിന് തന്റെ ചിരി അടക്കാനായില്ല. ചിരി കേട്ട് റോഷൻ അവളെ മുഖം തിരിച്ചു നോക്കി. അഞ്ജുവാകട്ടെ അന്നേരം ഒരു കളിയെന്നോണം ഉടനടി അവനിൽ നിന്നും കണ്ണുകൾ തിരിച്ചു.
ഭാർഗ്ഗവി: “പണ്ട് ഒരിക്കെ ഗ്രൗണ്ടിൽ പന്ത് കളിക്കുന്നതിനിടെ നമ്മടെ അച്ചുവിനെ ആരോ തല്ലിയെന്നും പറഞ്ഞു, രായ്ക്ക് രാമാനം അവന്റെ വീട്ടിൽ ചെന്ന് അവന്റെ മോന്ത ഇടിച്ചു പൊളിച്ചിട്ടുണ്ട് ഇവൻ…. അറിയോ…! ആ ചെക്കന് ഇപ്പോഴും മുൻവശത്ത് രണ്ടു പല്ലില്ലന്നാ കേട്ടെ….”
തമാശ കഥ പറയുന്ന പോലെയാണ് ഭാർഗ്ഗവി അത് അവതരിപ്പിച്ചതെങ്കിലും, ആ കഥ കേട്ടതും അഞ്ജുവിന്റെ കണ്ണ് തള്ളിപ്പോയി. ഇത്രയും ടെറർ ആയിരുന്ന മനുഷ്യനാണോ തന്റെ ഷോ’ക്ക് മുൻപിൽ പൂച്ചയെപ്പോലെ നിന്നുതരുന്നതെന്ന് ആലോചിച്ച് അവൾ അന്തം വിട്ടു.
എന്നാൽ സാധാരണ ആണുങ്ങളെപ്പോലെ പഴയ തല്ലുകഥകളിൽ ഗർവ്വ് കൊള്ളാതെ, അറിയാത്ത പ്രായത്തിൽ സംഭവിച്ച തെറ്റെന്ന മട്ടിൽ തല താഴ്ത്തി ഇരിക്കുകയാണ് റോഷൻ ചെയ്തത്. അതും കൂടി കണ്ടതോടെ അവൾക്കവനോട് ആരാധനയാണോ ഇഷ്ട്ടമാണോ എന്നു പറഞ്ഞറിയിക്കാൻ ആവാത്ത എന്തോ ഒരു വികാരം തോന്നിപ്പോയി.
റോഷൻ : “എപ്പോ വന്നാലും അമ്മക്ക് ഈ കഥകളെ പറയാനുള്ളൂ…?”
“പിന്നെ ഒള്ള കഥകളല്ലേ പറയാൻ പറ്റൂ…”, ഭാർഗ്ഗവി തുടർന്നു… “അന്നതിന്റെ പേരിൽ ഇവനെ ഇവന്റെ അച്ഛൻ പേരവടികൊണ്ട് അടിച്ച അടിയുടെ ശബ്ദം…! ദേ … ഇപ്പോഴും എന്റെ കാതിലുണ്ട്.”
റോഷൻ : “ആ.. അതു കേട്ടിട്ടായിരിക്കും അമ്മേടെ കാത് അടിച്ചു പോയത്”, റോഷൻ വന്ന അരിശത്തിൽ, ശബ്ദം കുറച്ചു പറഞ്ഞു.
റോഷൻ പറഞ്ഞത് കേട്ട്, അതിന് ചിരിക്കണോ അതോ പ്രതികരിക്കണോ എന്നറിയാതെ അഞ്ജു കണ്ണും തുറിച്ച് റോഷനെ നോക്കി. ഇത് ശ്രദ്ധിച്ച റോഷൻ അവളെ വെല്ലുന്ന ആറ്റിട്യൂഡിൽ, അഞ്ജുവിനെ നോക്കി ‘എന്താ’ എന്ന ഭാവത്തിൽ പുരികമുയർത്തി. അവൾ സാധാരണ ചമ്മുമ്പോൾ റോഷൻ കാണിക്കാറുള്ള പോലെ, തിരിച്ച് ‘ഒന്നുമില്ല’ എന്ന് തോളുകുലുക്കി.
“എന്നാ അമ്മേം മോളും കൂടി കഥ പറഞ്ഞ് ഇരിക്ക്.. ഞാൻ പോവാ..”, റോഷൻ ചായയുടെ പിട്ട് മുറ്റത്തേക്ക് നീട്ടി ഒഴിച്ചു, പോകാനായി എഴുന്നേറ്റു.