റോഷൻ : “അവൾക്ക് സുഖമാണ്.. അമ്മ ഉള്ളതുകൊണ്ട് പിന്നെ കുഞ്ഞിനെ കാര്യത്തിലും വേറെ പേടിക്കാനില്ലല്ലോ..!”
ഭാർഗ്ഗവി: “അതെ.. ചിത്രയെ കണ്ടിട്ടും എത്ര കാലായി. ഏടത്തിയേ ‘ന്നും വിളിച്ചോണ്ടുള്ള അവളുടെ ആ വരവൊക്കെ ദാ ഇന്നാള് എന്നപോലെ മനസ്സിൽ കിടക്കാ..”
അമ്മയെ ഓർത്തുകൊണ്ട് റോഷൻ ചായയിൽ നിന്നും ഒരു കവിൾ ഇറക്കി.
“അവള് കാനഡക്ക് പോയ ശേഷം ഞാനും പിന്നെ അധികമൊന്നും പുറത്തോട്ടു ഇറങ്ങാറില്ല….”, ഭാർഗ്ഗവി ആരോടെന്നില്ലാതെ തന്റെ സങ്കടം പറഞ്ഞു.
അതിന് എന്താണ് മറുപടി നൽകേണ്ടത് എന്നറിയാതെ, റോഷനും വെളിയിലേക്ക് നോട്ടം തിരിച്ചു. സീൻ സെന്റിയിലേക്കാണ് നീങ്ങുന്നതെന്നു കണ്ട്, അഞ്ജു വിഷയം മാറ്റാനൊരു ശ്രമം നടത്തി.
അഞ്ജു : “ചേച്ചിക്കവിടെ ജോലിന്തേലും നോക്കുന്നുണ്ടോ..?”
റോഷൻ : “ആൾറെഡി ഇണ്ട്.. മറ്റേണിറ്റി ലീവ് കഴിഞ്ഞാ തിരിച്ചു കേറണം.”
ഭാർഗ്ഗവി : “കുഞ്ഞിന് എങ്ങനാഡാ വാശിയൊക്കെ ഉണ്ടോ..?”
റോഷൻ : “ഏയ്.. പാവാ.. കൂടുതൽ സമയോം ഉറക്കാ…”
മറുപടി കേട്ട ഭാർഗ്ഗവി കൗതുകത്തിൽ ചിരിച്ചു. ഒപ്പം അഞ്ജുവും.
ഭാർഗ്ഗവി : “നിനക്കറിയോ അഞ്ജൂ.. പണ്ട് ഇവൻ എത്ര മാത്രം കുറുമ്പനായിരുന്നു എന്ന്…”
കേട്ട വഴി, അമ്മ തന്റെ കഥകളുടെ പണ്ടാരപ്പെട്ടിയാണ് തുറക്കാൻ പോണതെന്ന് തിരിച്ചറിഞ്ഞു, റോഷൻ ഉടനടി ഇടപെട്ടു.
റോഷൻ : “അമ്മേ… അതു വേണ്ട…”
“അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോടാ..”, ഭാർഗ്ഗവി തമാശാരൂപേണ പറഞ്ഞു.
റോഷൻ : “അമ്മ തുടങ്ങിയാ എങ്ങോട്ടാ പോകാന്നു എനിക്ക് നല്ല പോലെ അറിയാം.. അതോണ്ടേ വേണ്ട..”
“അമ്മ പറയമ്മേ.. ഇവരുടെ പണ്ടത്തെ കഥകളൊക്കെ ഞാനുമൊന്ന് അറിയട്ടെ…”, അഞ്ജു ഭാർഗ്ഗവിയെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
ഇത് കേട്ട് റോഷൻ അമ്മ കാണാതെ, പരിഭവം അറിയിക്കും മട്ടിൽ അവൾക്ക് നേരെയൊന്ന് നോക്കി. എന്നാൽ അതിലും വലിയ ആറ്റിട്യൂഡിൽ അഞ്ജു തിരികെ പിരികമുയർത്തിയതും അവന്റെ തുടർന്നൊന്നും പറയാനാവാതെ മുഖം വെട്ടിച്ചു. ഇത് കണ്ട് അവൾ അവൻ കാണാതെ ഒരു കുസൃതിച്ചിരി ചിരിച്ചു.
ഭാർഗ്ഗവി : “പറയാനാണേൽ കൊറെയുണ്ട്.. പണ്ടിവരെയൊക്കെ ഒക്കത്ത് എടുത്തോണ്ട് നടന്നപ്പോ തൊട്ടുള്ള കഥകൾ… വല്യ ദേഷ്യക്കാരനായിരുന്നു ഇവൻ. കണ്ടോ ഇപ്പഴും ചെറുതായി ദേഷ്യമൊക്കെ വരുന്നുണ്ട്.”