“വേണ്ടടാ… ഞങ്ങൾ പറയാം..”, അച്ചുവിന് വേദനിക്കുന്നു എന്ന് കണ്ടതും വിമൽ കുറ്റസമ്മതം നടത്തി.
റോഷൻ കയ്യെടുത്തു. എന്നിട്ട് ആകാംഷയോടെ വിമലിന്റെ കണ്ണിലേക്ക് നോക്കി, ഒപ്പം രേഷ്മ ചേച്ചിയും. *** *** *** *** ****
ആശുപത്രിയുടെ ജനാലക്കരികിലേക്ക് നീങ്ങി നിന്നുകൊണ്ട് വിമൽ കാര്യം പറയാൻ തുടങ്ങി.
വിമൽ : ഞാനും അച്ചുവും കൂടി ഒരു കച്ചവടം തുടങ്ങിയിരുന്ന കാര്യം നിനക്ക് ഓർമ്മയില്ലേ…?”
“മ്മ്… ബുക്സ്ന്റെ എന്തോ ഹോൾസൈൽ കോൺട്രാക്ട്… അല്ലേ..?”, റോഷൻ അവന്റെ ഓർമ്മ ഉറപ്പിച്ചു.
വിമൽ : ” അതെ.. UK, US തുടങ്ങിയ സ്ഥലങ്ങളിലെ പഴയ എഡിഷൻ ലൈബ്രറിപ്പുസ്തകങ്ങൾ ബൾക്കായി ഇവിടെ ഇറക്കി, ഇവിടങ്ങളിൽ നടക്കാറുള്ള പുസ്തകമേളകളിൽ വിൽക്കുക. ഈ വിധം ഇവിടെയുള്ള വായനക്കാർക്ക് ബുക്സ് കുറഞ്ഞ വിലക്ക് വിൽക്കാൻ നമുക്ക് പറ്റും. ഒപ്പം അത്യാവിശം തരക്കേടില്ലാത്ത ലാഭവും കിട്ടും.”
റോഷൻ ശ്രദ്ധാപ്പൂർവ്വം വിമലിന്റെ വാക്കുകൾ കേട്ടു.
വിമൽ : “ഈ പരിപാടി ചെയ്യുന്ന ആകേ 4-5 ഡീലർമാരെ ഇന്ന് കേരളത്തിൽ ഒള്ളൂ… അതിലൊരാളെ മുട്ടിച്ച് തരാമെന്നും ഏറ്റ് ഒരുത്തൻ ഞങ്ങൾക്കൊപ്പം കൂടി. അവനെ നേരത്തെ പരിചയം ഉള്ളതുകൊണ്ട് ഞങ്ങൾക്കും ഓകേ ആയിരുന്നു. അവനെ വിശ്വസിച്ചു ഞങ്ങൾ നൽകിയ പണം ഡീലറിന്റെ അടുത്ത് എത്തിയില്ല. ചോദിച്ചപ്പോൾ ഒക്കെ സാധനം ഇന്ന് വരും നാളെ വരും എന്നൊക്കെ അവൻ അവധി പറഞ്ഞു കൊണ്ടേയിരുന്നു. പുസ്തകം കൊടുക്കാമെന്ന് ഏറ്റവർക്ക് സാധനം കൊടുക്കാനാവാതെ വന്നപ്പോൾ അച്ചു പോയി വേറെ വഴിയില്ലാതെ അവനോട് പണം തിരികെ ചോദിച്ചു. അപ്പോഴാ ഇത്…..”
രേഷ്മ ചേച്ചി : “എത്രയാ കിട്ടാനുള്ള കടം..?”
വിമൽ : “10 ലക്ഷം….”
വിമലിന്റെ പറച്ചില് കേട്ട് രേഷ്മ ചേച്ചി മൊത്തത്തിൽ ഞെട്ടി. റോഷൻ “ഇത്രക്ക് മണ്ടന്മാർ ആണോടാ നിങ്ങൾ…!” എന്ന ഭാവത്തിൽ തല ചൊറിഞ്ഞു.
റോഷൻ : “ഏതവനാടാ ഈ പണി തന്നവൻ…?”
വിമൽ : “നിനക്കറിയാം… പണ്ട് നമ്മുടെ കൂടെ ഒക്കെ ഗ്രൗണ്ടിൽ കളിച്ചിട്ടുണ്ട്… നിക്സൺ.”
ആ പേര് കേട്ടതും നിക്സന്റെ ആ പഴയ മുഖം റോഷന്റെ മനസ്സിലേക്ക് കടന്നു വന്നു. റോഷൻ നോക്കുമ്പോൾ രേഷ്മ ചേച്ചിയും ആകെ ഞെട്ടി നിൽക്കുകയാണ്.