ആശുപത്രിയുടെ മുൻ വശത്ത് തന്നെ രേഷ്മ ചേച്ചി നിൽക്കുന്നുണ്ടായിരുന്നു.
“എവിടെയാ ചേച്ചി…”, സ്കൂട്ടർ പാർക്കിംഗിൽ ഒതുക്കിക്കൊണ്ട് റോഷൻ ചോദിച്ചു.
രേഷ്മ ചേച്ചി : ” മുകളിലെ വാർഡില്…”
ഇരുവരും അകത്തേക്ക് കയറി, ധൃതിയിൽ നടക്കാൻ തുടങ്ങി.
“അജിയേട്ടന് ഞാൻ സ്ഥിരം ഇവിടത്തെ ഫാർമസീന്നാ മരുന്ന് വാങ്ങാറ്… അങ്ങനെ വന്നപ്പോഴാ കണ്ടേ….”, വാർഡിലേക്ക് എത്തിച്ചേരുന്നതിനുള്ളിൽ ചേച്ചി പറഞ്ഞു.
ചാർജിങ്ങ് പോയിന്റിനരികെ തന്റെ ഫോൺ കുത്തിയിടുകയായിരുന്ന വിമൽ , അപ്രതീക്ഷിതമായ റോഷന്റെ വരവ് കണ്ട് ഒന്ന് പേടിച്ചു.
“എന്താടാ ഞാൻ വിളിച്ചാ ഫോൺ എടുക്കാത്തെ, മൈരേ…”, രാവിലെ തൊട്ടുള്ള ദേഷ്യത്തിൽ അവനാ ചോദിച്ചത് അൽപം ഉറക്കെയായിരുന്നു.
“റോഷാ, പതുക്കെ… ഇതൊരു ആശുപത്രിയാണ്”, രേഷ്മ ചേച്ചി പെട്ടന്ന് തന്നെ അവന്റെ കൈക്ക് കേറി പിടിച്ചു.
റോഷൻ ചുറ്റും നോക്കി. രോഗികളും കൂടെ നിൽക്കുന്നവരും എല്ലാം അവന്റെ ഒച്ച കേട്ട് അവരെ നോക്കുന്നുണ്ടായിരുന്നു. അവൻ മൊത്തത്തിൽ ഒന്ന് അടങ്ങി.
“അവൻ എവിടെ…?”, സംയമനം പാലിച്ചുകൊണ്ടു റോഷൻ വിമലിനോട് ചോദിച്ചു.
കയ്യിലും കാലിലും വലിയ തുന്നികെട്ടലുകളുമായി ബെഡ്ഡിൽ കിടക്കുന്ന അച്ചു, അരികിൽ ഇരുന്ന ഫ്രൂട്ട്സിൽ നിന്നും ഒരു മുന്തിരി പറിച്ചു വായിലേക്കിട്ടു. ഈ സമയം റോഷനും സംഘവും അവിടേക്ക് നടന്നെത്തി.
“എത്ര നേരാടാ.. ഒരു ചായ വാങ്ങാ–“, വിമലാണെന്ന് കരുതി പറഞ്ഞു തുടങ്ങിയ അച്ചു കൂടെ റോഷനേയും രേഷ്മ ചേച്ചിയെയും കണ്ടതും വാക്കുകൾ പാതിയിൽ വിഴുങ്ങി.
“വേദനയുണ്ടോടാ..?”, റോഷൻ അവനരികിൽ വന്നിരുന്നു, അവന്റെ തുന്നിക്കെട്ടലുകൾ പരിശോധിച്ച് കൊണ്ട് ചോദിച്ചു.
അച്ചു : “ഇല്ല ഓകേ ആണ്…”
റോഷൻ : “എന്നാ… എന്താ നടന്നേന്ന് പറഞ്ഞോ…. ഇല്ലേൽ ഞാൻ വേദനിപ്പിക്കും.”
അതു കേട്ടതും അച്ചു ഞെട്ടി വിമലിനെ ഒന്ന് നോക്കി. ഇരുവരും അവനോട് കാര്യം പറയാനാവാതെ വിയർത്തു.
“പട്ടി വട്ടം ചാടി… വണ്ടീന്നു വീണു… ഇമ്മാതിരി സ്ഥിരം വല്ല നമ്പറും ഇറക്കിയാ… പൊന്നു മോനേ…”, അച്ചുവിന്റെ വച്ചു കെട്ടിൽ തന്റെ കൈ അമർത്തിക്കൊണ്ട് റോഷൻ പറഞ്ഞു.
അച്ചുവിന് ചെറുതായി വേദനിക്കാൻ തുടങ്ങിയിരുന്നു. റോഷന്റെ സ്വഭാവം അതാണ്, ഉടായിപ്പ് കാണിക്കാണെന്ന് തോന്നിയാ പിന്നെ രക്ഷയില്ല…