“അവൻ എണീറ്റില്ലേ….?”, പപ്പടത്തിന്റെ ഒരരിക് പൊട്ടിക്കുന്നതിനൊപ്പം റോഷൻ ചോദിച്ചു.
ഭാർഗ്ഗവി : “അവൻ കുറച്ചു മുന്നേ ഇവിടുന്ന് ഇറങ്ങിയല്ലോ.. ഒന്ന് വിളിച്ചു നോക്ക്യേ..”
“ആ ഞാൻ വിളിച്ചോളാം..”, അവൻ പറഞ്ഞു.
വിമലിനെ ഫോൺ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാണ് താൻ വീട്ടിലേക്ക് വന്നതെന്ന വിവരം റോഷൻ ഭാർഗ്ഗവിയോട് പറയാൻ നിന്നില്ല. അവനൊന്നു ചുറ്റുപാടും കണ്ണോടിച്ചു.
റോഷൻ : “അഞ്ജു ജോലിക്ക് കേറിയോ..?”
“ആ.. അവൾക്ക് പിന്നെ ഹോം വർക്കല്ലേ..!”, ഭാർഗ്ഗവി നിഷ്കളങ്കമായി പറഞ്ഞു.
“വർക്ക് ഫ്രം ഹോം”, റോഷൻ തിരുത്തിക്കൊടുത്തു. പക്ഷെ അവന്റെ മെല്ലെയുള്ള പറച്ചിലിൽ ഭാർഗ്ഗവി അത് കേട്ടിരിക്കാൻ സാധ്യതയില്ലന്ന് അവൻ ഊഹിച്ചു.
“ആർക്കാ ഇപ്പോ എന്റെ കാര്യം അറിയാഞ്ഞിട്ട് ഇരിക്കപ്പൊറുതി ഇല്ലാത്തെ..?”, അപ്രതീക്ഷിതമായി, പിന്നിൽ നിന്നും അഞ്ജുവിന്റെ ശബ്ദം അവിടേക്ക് വിരുന്നെത്തി.
തലേ രാത്രിയിലെ സംഭവങ്ങൾ മനസ്സിൽ കിടക്കുന്നത് കൊണ്ടോ എന്തോ, അവളെ കണ്ടതും കാരണവന്മാരോടൊക്കെ ബഹുമാനം കാണിക്കും വിധം റോഷൻ തട്ടിൽ നിന്നും ചാടി നിലത്തോട്ടിറങ്ങി. അവന്റെ ഈ കാട്ടായം കണ്ട അഞ്ജു “എന്തോന്നടെയ്..” എന്ന മട്ടിൽ, അമ്മ കാണാതെ അവനോട് കൈ മലർത്തിക്കാണിച്ചു. റോഷൻ ചമ്മിയ മുഖത്തോടെ പപ്പടത്തിന്റെ പൊട്ടിച്ച കഷ്ണം വായിലേക്ക് വച്ചു വിഴുങ്ങി.
ഭാർഗ്ഗവി: “നിനക്ക് ചായ വേണോടി..?”
“ആ… മ്മേ….”, ഇതും പറഞ്ഞുകൊണ്ട് അവൾ ഫ്രിഡ്ജ് തുറന്ന് ജോലി ചെയ്യുമ്പോൾ കഴിക്കാനായി സൂക്ഷിച്ചു വച്ചിരുന്ന ചോക്ക്ലേറ്റ്സിൽ ഒരെണ്ണം കയ്യിലെടുത്തു.
തുടർന്ന്.. വന്നപ്പോ തൊട്ടു താൻ എന്താ ചെയ്യുന്നതെന്ന് ഒളിക്കണ്ണിട്ട് നോക്കുന്ന റോഷനോടായി, സ്ഥിരം ആറ്റിട്യൂഡിൽ ചൊക്കലേറ്റ് വേണോ എന്ന് ആംഗ്യത്തിൽ ചോദിച്ചു. കേട്ടപാടെ വേണ്ട’ എന്ന് റോഷനും തോളുകുലുക്കി. ഇന്നലെ രാത്രി തൊട്ടു റോഷന് തന്നോട് കുടുങ്ങിയ ഈ പേടി അഞ്ജു നല്ലോണം ആസ്വദിക്കുന്നുണ്ടായിരുന്നു… ഇതേ സമയം ചായ ഇരുകപ്പിലേക്കായി പകർത്തി, ഭാർഗ്ഗവി ഒരെണ്ണം റോഷനും അടുത്തത് അഞ്ജുവിനും കൊടുത്തു.
മൂവരും ഉമ്മറത്തിണ്ണയിൽ വട്ടം കൂടി. ഭാർഗ്ഗവി നടുക്ക് ഒരു കസേരയിട്ട് ഇരുന്നു. റോഷൻ തിണ്ണയിലും, അഞ്ജു വാതിലിനോട് ചാരിയും നിന്നു.
ഭാർഗ്ഗവി : “എന്നിട്ട് രോഹിണീം കൊച്ചും എന്തു പറയുന്നു..?”