“നിങ്ങള് ആമ്പിള്ളേരുടെ അപ്പുറമാണല്ലോ കുട്ട്യോളെ..” പെൺകുട്ടികളുടെ ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് ചേച്ചി പറഞ്ഞു.
“അത് ചേച്ചി ക്ലാസ്സ് എടുക്കണോണ്ട് മാത്രം അവര് അടങ്ങിയിരിക്കണതാ..”, പതുക്കെയാണെങ്കിലും ശരണ്യയുടെ ആ കമന്റ് കേട്ടു മുഴുവൻ പെൺകുട്ടികളും ഒന്നിച്ചു പൊട്ടിച്ചിരിച്ചു. അത്ര നേരവും ശരണ്യയോട് അടികൂടിയ ശ്രുതിക്ക് പോലും തന്റെ ചിരി അടക്കാനായില്ല. *** *** *** *** ***
“ചേട്ടാ, എനിക്ക് പച്ച വേണ്ട മഞ്ഞ മതി”, തന്ന സിപ്പപ്പ് തിരികെ കടക്കാരന് കൊടുത്തുകൊണ്ട് വിമൽ പറഞ്ഞു.
ശ്രീലക്ഷ്മി : “അയ്യോടി.. ഞാൻ കാൽക്കുലേറ്റർ എടുക്കാൻ മറന്നു.”
“നന്നായി, ഇല്ലേൽ ഇനി കിട്ടിയ മാർക്ക് ശരിയാണോ അല്ലയോ എന്ന് വീട് എത്തണ വരെ ഇവള് കൂട്ടിയും കുറച്ചും ഇരിക്കും.”, ബാഗിൽ നിന്നും സിപ്പപ്പിന്റെ പൈസ കൊടുക്കുന്നതിനൊപ്പം ശ്രുതി കളിയാക്കിപ്പറഞ്ഞു.
ഗോപാലേട്ടന്റെ കടയിൽ നിന്നും സിപ്പപ്പും വാങ്ങി നുണഞ്ഞുകൊണ്ട്, എല്ലാ പിള്ളേരും കലുങ്ക് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി. കൂട്ടത്തിൽ ശ്രുതിയുടെ ഒപ്പം തന്റെ സൈക്കിളും ഉന്തി റോഷനും, അവന്റെ വാലായി വിമലും. അവിടെ നിന്നാണ് എല്ലാവരും പല വഴിക്ക് പിരിയുന്നത്. ഇടത്തെ വഴിക്കുള്ള റോഡിലൂടെ പോയാൽ വിമലിന്റെയും ശ്രുതിയുടെയും വീടെത്തും. വലത്തെ വഴിക്ക് പോയാലാണ് റോഷന്റെ വീട്. ശ്രീലക്ഷ്മിയുടെ വീട്ടിലേക്കു എളുപ്പത്തിൽ എത്താൻ കലുങ്കിന് താഴെയുള്ള പാടവരമ്പിലൂടെ ഒരു 300 മീറ്റർ നടന്നാ മതി.
“നിനക്കെത്രാടാ കിട്ടിയെ..?”, നടക്കുന്നതിനിടെ ശ്രീലക്ഷ്മി റോഷനോടായി ചോദിച്ചു.
റോഷൻ : “നാലര.. നിനക്കോ”
“ഒരു മാർക്ക് പോയെടാ”, ശ്രീലക്ഷ്മി സങ്കടത്തോടെ പറഞ്ഞു.
“അങ്ങനെ വരാൻ വഴിയില്ലല്ലോ.. ഇനി രേഷ്മ ചേച്ചിക്ക് കൂട്ടിയപ്പോ വല്ല തെറ്റും പറ്റിയതാവുമോ”, വിമൽ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
“അതു തന്നെയാ ഞാനും വിചാരിക്കണത്. അല്ലെങ്കി ആ ശരണ്യക്ക് ഫുൾ മാർക്കും എനിക്ക് ഒരു മാർക്ക് കുറവും വരുമോ..?”, വിമൽ തന്നെ കളിയാക്കിയതാണെന്ന് മനസ്സിലാവാതെ ആ ട്യൂബ് ലൈറ്റ് ആശ്ചര്യത്തിൽ പറഞ്ഞു.
ശ്രുതി : “അപ്പോ നന്നായി പയ്യെ വന്നത്.. ഇല്ലേൽ ആ ശരണ്യയുടെ വക അതിന്റെ കൂടി അഹങ്കാരം കാണേണ്ടി വന്നേനെ..”