ഇതിനിടെ സാവിത്രി ചോറ് കാലായപ്പോൾ ശ്രീജയോട് ചോദിച്ചു
“….ആ ഇനി എന്തായാലും ഉച്ച ആയില്ലേ ചോറ് കഴിച്ചിട്ടു പോയാൽ മതി…”
“….ഊം…“
“….പിന്നെ ജോലിയൊക്കെ എങ്ങനെ പോകുന്നു…”
“….നന്നായിട്ടു പോകുന്നമ്മേ…”
“….അവനിനി എന്ന് വരും…“
“….പോയിട്ടിപ്പോ മൂന്നു മാസമാകുന്നതേ ഉള്ളോ…“
“….ആ അത് ശരി അവൻ നാട്ടിലൊക്കെ വന്നായിരുന്നോ ഞങ്ങളറിഞ്ഞില്ല…“ .
ആ വാക്കുകളിലെ മുന തന്റെ നെഞ്ചിലേക്കുള്ള ഒരു കുത്താണെന്നു അവൾക്കു മനസ്സിലായി .അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല .
“ഊം എന്തായാലും ഞാനധികമൊന്നും പറയുന്നില്ല എല്ലാവരും നല്ലതു പോലെ ജീവിച്ചാൽ മതി എനിക്കത്രയേ ഉള്ളൂ .ഞാൻ അച്ഛനെ പോയി വിളിച്ചോണ്ട് വരാം…”
അല്പം കഴിഞ്ഞ് ഗോവിന്ദനും സാവിത്രിയും അങ്ങോട്ടേക്ക് വന്നു .അച്ഛൻ കൈ കഴുകി ഇരുന്നപ്പോൾ സാവിത്രി ചോറ് വിളമ്പി .
“നീയിരിക്കുന്നില്ലേ…“
“ഞാനിരുന്നോളാം …“
“എന്തിനാ പിന്നത്തേക്കാക്കുന്നതു .പിന്നത്തേക്കു വെളമ്പാനിവിടെ വേറാരുമല്ല .അങ്ങോട്ടിരി…”
ശ്രീജയുടെ മുഖത്തെ മൗനം കണ്ടു ഗോവിന്ദൻ പറഞ്ഞു .
“അങ്ങോട്ടിരുന്നു കഴിച്ചോ മോളെ .ഇനിയെന്തിന് പിന്നത്തേക്കാക്കുന്നെ .ഇവിടെ ഞാനും അവളും മാത്രമല്ലേ ഉള്ളൂ .ഇരുന്നു കഴിക്കു…”
അച്ഛൻ തനിക്ക് സപ്പോർട്ട് ചെയ്‌തത് ശ്രീജക്കു വലിയൊരു ആശ്വാസമായി .ഒരു കസേര വലിച്ചിട്ടു ഇരുന്നപ്പോൾ സാവിത്രി അവൾക്കും പ്ളേറ്റ് വെച്ച് ചോറ് വിളമ്പി .പതിയെ പതിയെ അവൾ കഴിച്ച് കൊണ്ടിരുന്നപ്പോൾ സാവിത്രിയും ചോറ് വിളമ്പി കഴിക്കാനിരുന്നു .
“അതേയ് ഒരു കാര്യം അറിഞ്ഞാരുന്നോ…“
“ഊം എന്താ…“
“അത് നമ്മടെ മോൻ ലീവിന് നാട്ടിലൊക്കെ വന്നിട്ട് പോകാറുണ്ടെന്നു…“
“ഊം അത് ഞാനറിഞ്ഞു .എന്ത് ചെയ്യാമെടി അവനു നമ്മളെ വേണ്ട…”
“അവനു വേണ്ടാന്നോന്നുമില്ല എന്റെ മോനാ അവൻ അവനെ കൂടോത്രം ചെയ്തിട്ടിരിക്കുവാ അല്ലാതെന്താ…”
“അത് വിടെടി ഇനിയും അതൊക്കെ പറഞ്ഞിട്ടെന്തു കാര്യമാ .കൂടോത്രം ചെയ്താലും ഇല്ലെങ്കിലും അവനറിയാമല്ലോ അവന്റെ അച്ഛനും അമ്മയും ആണിവിടെ താമസിക്കുന്നതെന്ന് .ആ അവൻ ചെയ്യുന്നില്ല പിന്നെന്തിനാ വെറുതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നെ…”
“നിങ്ങൾക്കത് പറയാം ഞാനൊരു പെറ്റ തള്ളയാ .എനിക്കെ ആ വിഷമം മനസ്സിലാകൂ .അത് മനസ്സിലാകണമെങ്കിൽ പ്രസവിക്കണം .നൊന്തു പ്രസവിച്ചോരു കുഞ്ഞിനെ വളർത്തണം .എന്നാലേ അതിന്റെ ദെണ്ണമറിയൂ…”