“….മാഡം അതാണ് വീട് .വണ്ടി ഇത് വരെയേ വരൂ .മുറ്റത്തേക്ക് പോകണമെങ്കിൽ അപ്പുറത്ത് കൂടി വരണം…”
“….വേണ്ട ഇവിടെ മതി .എത്രയായി…“
വണ്ടിയിൽ നിന്നിറങ്ങി ശ്രീജ ബാഗ് തുറന്നു പേഴ്സെടുത്ത്
“…അമ്പത് രൂപ …
“….അമ്പതോ .താനിവിടെ പുതിയ ഓട്ടോക്കാരനാ അല്ലെ … പക്ഷെ ഞാൻ പഴയ ആളാ…“
“….ആ അത് മാഡം ആകെ ഓട്ടം കിട്ടുന്നത് വൈദ്യരുടെ വീട്ടിലേക്കാ .അതില്ലെങ്കി വല്ലപ്പോഴുമേ ഓട്ടം കിട്ടൂ .അത് കൊണ്ടു ഞങ്ങൾ രണ്ട് പേരെ ജംഗ്‌ഷനിൽ ഉള്ളൂ .ബാക്കിയെല്ലാരും അങ്ങ് ചിതറേലാ ഓടുന്നെ…”
“….ഊം ഇതിച്ചിരി കൂടുതലാ കേട്ടോ .സുഖമില്ലാത്തവരും അത്യാവശ്യക്കാരുമാ ഇവിടെ വരുന്നത് അവരുടെ കയ്യീന്ന് ഇങ്ങനെ അറത്ത് മേടിക്കരുത്…”
“….യ്യോ സോറി മാഡം ഇതൊരു പ്രശ്നമാക്കല്ലേ വയറ്റിപ്പിഴപ്പു കൊണ്ടു ചെയ്യുന്നതല്ലേ .അത് വിട്ടുകള മാഡം മുപ്പതു രൂപ തന്നാൽ മതി…”
“….ആ ഇനിയിപ്പോ അതിരിക്കട്ടെ . തന്റെ നമ്പറു താ .തിരിച്ചു പോകാൻ നേരം വിളിക്കാം അപ്പൊ വന്നാ മതി ….“
“….ഓ ശരി മാഡം…“
അയാൾ ഒരു കടലാസിൽ നമ്പറെഴുതി കൊടുത്തു .അവളതു മേടിച്ചിട്ടു പേഴ്സിൽ വെച്ചിട്ടു പറഞ്ഞു
“….വിളിച്ചാൽ വരുമോ അതോ വേറെ ഓട്ടത്തിലാണെന്നു പറയുമോ…”
“….യ്യോ ഇല്ല മാഡം ഞാൻ വരാം .വേറെ ഓട്ടം ഉണ്ടെങ്കിലും ഞാൻ അരമണിക്കൂറിൽ കൂടില്ല പോരെ…”
“….ഊം എന്തായാലും വൈകിട്ടിനി എപ്പോഴാ തിരുവനന്തപുരത്തേയ്ക്ക് ബസ്സു…”
“….അതിനു ചിതറയിൽ പോകണം ഇല്ലെങ്കിൽ കടക്കൽ പോകണം .മാഡം വിളിച്ചാൽ മതി ബസ്സ്റ്റാന്റിൽ കൊണ്ടു വിടാം…“
“….ഊം ഞാൻ വിളിക്കാം…“
ഓട്ടോയിറങ്ങി അവൾ പടിപ്പുര കടന്നു വീട്ടുമുറ്റത്തേക്കു കേറി . നടന്നു വരുമ്പോൾ മുറ്റത്ത് ഷീറ്റിട്ട ഒരു ഭാഗത്ത് കസേരകൾ നിരത്തിയിട്ടിരിക്കുന്നതും അതിൽ ഒരു പത്തുപന്ത്രണ്ടു പേര് നിക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട് .ശ്രീജയും നേരെ അതിൽ സ്ത്രീകളിരിക്കുന്നവരുടെ അടുത്ത് ഒരു കസേരയിൽ പോയിരുന്നു .അവിടമാകെ കുറുന്തോട്ടിയുടെയും അയമോദകത്തിന്റെയും ഇരട്ടി മധുരത്തിന്റെയും ചന്ദനത്തിന്റെയുമൊക്കെ പരിമളം പരന്നിരിക്കുന്നുണ്ട് .ശ്രീജ തന്നെ നോക്കുന്ന ഒരു പെണ്ണിനെ നോക്കി ചിരിച്ചപ്പോൾ ആ പെണ്ണ് അവളോട് ചോദിച്ചു