വെക്കേഷൻ
Vacation | Author : Ansiya
എയർപോർട്ടിന് പുറത്തിറങ്ങിയ അബൂബക്കറിന്റെ കണ്ണുകൾ പുറത്ത് കൂടി നിന്നവരിലൂടെ തന്റെ ഉറ്റവരെ തേടി…. ആരെയും കാണാതെ വന്നപ്പോ ട്രോളി തള്ളി മുന്നോട്ട് നടന്നു… അവർ വരുമെന്ന് പറഞ്ഞതാണല്ലോ എത്താൻ വൈകിയോ … ഓരോന്ന് ഓർത്ത് നടന്ന അബു ആളുകൾക്കിടയിൽ നിന്ന് മാമ എന്നൊരു വിളി കേട്ടു.. അങ്ങോട്ട് നോക്കിയ അയാൾ കൂട്ടം കൂടി നിന്നവരുടെ പിറകിൽ ഒരാൾ കൈ വീശി കാണിക്കുന്നത് കണ്ടു.. നൂർജ്ജഹാൻ എന്ന പൊന്നൂസ്.. തന്റെ മൂത്ത പെങ്ങളുടെ മൂത്ത മകൾ… അയാൾ തിരിച്ച് കൈ വീശി അങ്ങോട്ട് ചെന്നു…..
“ഞാൻ കരുതി നിങ്ങളാരും വന്നു കാണില്ലെന്ന്….??
തന്റെ പരിഭവം മറച്ചു വെക്കാതെ തന്റെ സഹോദരി റംലത്തിനോട് കാര്യം പറഞ്ഞു…
“ഒന്ന് പോടാ വരാതിരിക്കെ… ”
“മാമ ഞങ്ങൾ വന്നിട്ട് കുറെ നേരായി….”
“അല്ല പൊന്നുസെ നിന്റെ മോളെവിടെ….??
“അവൾ കരഞ്ഞിട്ട് സുബി എടുത്ത് നടക്കുന്നുണ്ട്…”
“വാ… അവളെ കാണട്ടെ ആദ്യം ബാക്കി പിന്നെ….”
കയ്യിലെ ഹാൻഡ് ബാഗും ട്രോളിയിൽ വെച്ച് അവർ മുന്നോട്ട് നടന്നു….
“അല്ല നൂറു നിനക്ക് വെറും തീറ്റയും കുടിയുമാണോ പണി….??
“എന്തേ …??
“വീപ്പ കുറ്റി പോലെ ആയല്ലോ…??
“ഉമ്മാ…. വന്നിറങ്ങിയില്ല അപ്പോഴേക്കും കണ്ടില്ലേ…. ഈ ഡ്രെസ്സിന്റെ കുഴപ്പമാ…”
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു….
“എന്ന അങ്ങനെ ആകും അല്ലെ …??
റംലത്തിനെ നോക്കി ചിരിച്ചു കൊണ്ട് അബു പറഞ്ഞു….
“ടാ… വെറുതെ അവളുടെ കയ്യിൽ നിന്നും വാങ്ങണ്ട… ഇങ്ങു പോരെ…..”
ദൂരെ നിന്ന് സുബി അവരെ കണ്ടതും കുട്ടിയെ മാറിൽ ചേർത്ത് പിടിച്ച് അവരുടെ അരികിലേക്ക് ഓടി…..സുബിയുടെ കയ്യിൽ നിന്നും നൂറുജഹാന്റെ മകളെ വാരിയെടുത്ത് അയാൾ മുഖത്തേക്ക് കുറച്ചു നേരം നോക്കി….
“നൂറു തന്നെ അല്ലെ ഇത്ത….??
“ഇപ്പൊ അത്പോലെ ഉണ്ട്… വലുതായാൽ എന്താകുമോ എന്തോ….”
“മാമ എന്തൊക്കെയാ വിവരം….??