രഞ്ജനുപിന്നാലെ അനസും ശ്രീജിത്തും പുറത്തേക്കിറങ്ങി.
സ്‌കോർപിയോയിൽ നിന്ന് അഞ്ചുപേർ ഇറങ്ങിവന്നു. ജിമ്മിൽപോയി ഉരുട്ടിയെടുത്ത മസിൽ കണ്ടപ്പോൾതന്നെ ശ്രീജിത്ത് നെടുവീർപ്പിട്ടു.
“എന്താ വിശേഷിച്ച്?”
അവർക്കുനേരെനിന്ന് രഞ്ജൻ ചോദിച്ചു.
“ക്വട്ടേഷനാണ്. ജീവനൊടുക്കാൻ. എന്നാ ഞങ്ങളങ്ങു എടുക്കട്ടേ,”
കൂട്ടത്തിൽ നേതാവ് എന്നുതോന്നിക്കുന്ന ഒരാൾ പറഞ്ഞു.
ശേഷം അയാൾ തന്റെ വലതുകൈ രഞ്ജന്റെ മുഖത്തിനു നേരെ വീശി. പക്ഷെ ഇടതുകൈകൊണ്ട് രഞ്ജൻ തടുത്തു നിറുത്തി മുഷ്ഠി ചുരുട്ടി അയാളുടെ മൂക്കിന് നേരെ ഇടിച്ചു. ഒറ്റയടിക്ക് തന്നെ കട്ടപിടിച്ച രക്തം മൂക്കിൽനിന്നും ഒഴുകിയൊലിച്ചു.
അവസരം കിട്ടിയ അനസും ശ്രീജിത്തും അതുനന്നായിത്തന്നെ ഉപയോഗിച്ചു.
തലവൻ എന്നുതോന്നിക്കുന്ന അയാളെ രഞ്ജൻ കഴുത്തിന് കുത്തിപ്പിടിച്ച് അടുത്തുള്ള മരത്തിന്റെ ശിഖരത്തിനോട് ചേർത്തുനിർത്തിയപ്പോഴേക്കും മറ്റുള്ളവർ കാറിലേക്ക് തിരിച്ചുകയറി.
രഞ്ജൻ അരയിൽനിന്നും തോക്കെടുത്ത് അയാളുടെ കഴുത്തിന് നേരെ കുത്തിപ്പിടിച്ചു.
“ഒറ്റ ചോദ്യം. ആര്?”
“ക്രി…ക്രിസ്റ്റീഫർ.”
വിറച്ചുകൊണ്ട് അയാൾ പറഞ്ഞു.
കഴുത്തിൽ കുത്തിപ്പിടിച്ച തോക്ക് പതിയെ രഞ്ജൻ പിൻവലിച്ചു.
ജീവൻ തിരിച്ചുകിട്ടിയ വെപ്രാളത്തിൽ അയാൾ സ്കോർപിയോയിലേക്ക് തിരിച്ചുകയറി.
“അല്ല പിന്നെ, പണ്ട് ബോക്സിങ് ന് പോയതുകൊണ്ട് ഒരു ഗുണം കിട്ടി.”
രഞ്ജൻ കാറിൽകരുതിയ കുപ്പിവെള്ളം മെടുത്ത് മുഖം കഴുകുന്നതിനിടയിലാണ് അർജ്ജുൻ അയാളുടെ ഫോണിലേക്ക് വിളിക്കുന്നത്.
“സർ, അന്ന് രാത്രി ആലിഞ്ചുവടിൽ ഞങ്ങൾ ഒരു ഇൻഫോർമേഷൻ ഉണ്ടെന്ന് പറഞ്ഞിട്ട് അത് നോക്കാൻവേണ്ടി പോയില്ലേ അതേ വണ്ടി ഇവിടെ കാക്കനാട് ലൂക്കയുടെ ഗോഡൗണിൽ ഉണ്ട് സർ.”
“അത് അയാളുടെ വണ്ടിയല്ലേ ?”
“അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ മറ്റേയാളെ കണ്ടു.”
“ആരെ?”
രഞ്ജൻ ചോദിച്ചു.”
“സുധീഷ് കൃഷ്ണ.”
സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു.
തുടരും…